Wednesday, May 13, 2009

ഭ്രാന്തനും പ്രണയവും...

“ഹലോ.... ഡാഡീ...,“
“ങ്ഹാ.. പറയെടീ...”
“ഹലോ... ഡാഡീ..., അതേയ്... എന്റെ ട്രയിനിന്റെ സീസൺ പാസ്സ് തീർന്നു...!“
“ങ്ഹാ... ഞാൻ വരുമ്പോ എടുത്തോണ്ട് വന്നോളാം...!“
“പിന്നെ ഡാഡീ....!! ഹലോ.... ഹലോ....!!“
മറുവശത്ത് ഡാഡി മൊബയിൽ ഓഫ് ചെയ്തിരിക്കുന്നു. എന്താണാവോ ഡാഡി ഇന്ന് നല്ല മൂഡിലല്ലാ എന്ന് തോന്നുന്നു. ഇനി വരുമ്പോൾ അറീയാം എന്താ കാര്യം എന്ന്. അല്ലെങ്കിലും ഡാഡിയുടെ സ്നേഹം ഒന്നും കിട്ടാനുള്ള യോഗ്യത ഇല്ലാത്ത അവസ്ഥയാണല്ലോ എന്റേത്. എല്ലാം എന്റെ തെറ്റ് ആയിരിക്കാം. എനിക്ക് തന്നെ അറിയില്ല്ലാ തെറ്റ് ആരുടേതാണെന്ന്.
“എന്തെടുക്കുവാണെടീ നീയവിടെ ഫോണിന്റെ അടുത്ത്..??”
മമ്മി അടുക്കളയിൽ നിന്നു കൊണ്ട് ഉറക്കെ ചോദിച്ചത് കേട്ടാണ് ചിന്തയെ പിടിച്ചു നിറുത്താൻ കഴിഞ്ഞത്.
“ഞാനിവിടെ എന്തു ചെയ്യാൻ...!“
“അല്ലാ.... നിന്റെ കാര്യമല്ലേ...? പറയാൻ പറ്റില്ലാ...!! ആരും കാണാതെ നിന്റെ മറ്റവന് വീണ്ടൂം ഫോൺ ചെയ്യുവാണോന്ന്...!!!“
“അതിനു മമ്മിക്ക് വന്നു നോക്കി കൂടേ...!? അല്ലെങ്കിൽ തന്നെ 24 മണിക്കൂറും എനിക്ക് സെക്യൂരിറ്റി ഉണ്ടല്ലോ...!!“
“ദേയ്... എടീ... നീയെന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ....!“
പിന്നെ ഒന്നും മിണ്ടിയില്ലാ... അല്ലെങ്കിൽ തന്നെ മിണ്ടീയിട്ടെന്തു കിട്ടാൻ. ഒരുപക്ഷെ ഞാൻ തന്നെ..., അല്ലെങ്കിൽ എല്ലാവരും കൂടി... എന്റെ ജീവിതം ഇങ്ങനെയൊക്കെ ആക്കിത്തീർത്തു. ഇനിയിപ്പോ അതൊക്കെ ചിന്തിച്ചിരുന്നിട്ട് എന്തു കാര്യം...?? ഇത്തിരി നേരം ടിവി കണ്ടിരിക്കാം...!! ടിവിയിൽ എന്തെല്ലാമോ നടക്കുന്നു. മനസ് ഒരിടത്ത് ഏകാഗ്രമാക്കാൻ കഴിയുന്നില്ലാ. ടിവിയിൽ കാണുന്നതെല്ലാം എവിടെയൊക്കെ തന്റെ തന്നെ ജീവിതമാണെന്ന് തോന്നിപ്പോകുന്നു. എപ്പോഴൊക്കെയോ നടന്നവ... അല്ലെങ്കിൽ ഇനിയും നടക്കാനിരിക്കുന്നവ...!!
എങ്ങനെയൊക്കെയോ സമയം പോയതറിഞ്ഞില്ല...! കോളിംഗ് ബെൽ അടിക്കുന്നത് കേട്ട് എഴുന്നേറ്റു. ഡാഡിയാണ്. വാതിൽ തുറന്നപ്പോഴേ മനസിലായി ഡാഡി നല്ല മൂഡിലല്ലാ. പോക്കറ്റിൽ നിന്നും സീസൺ ടികറ്റ് എടുത്തു തന്നിട്ട് വല്ലാത്തൊരു നോട്ടം നോക്കി.
“എന്താ ഡാഡിക്ക് ഒരു വല്ലാത്ത ദേഷ്യം...?”
“ഓ.. ഞാനിപ്പോ ദേഷ്യം കാണിച്ചിട്ടെന്താവാനാ...??”
ആ വിഷയം പെട്ടന്ന് തന്നെ മമ്മി വന്ന് ഏറ്റുപിടിച്ചു.
“എന്തിനാ ഇപ്പോ നിങ്ങൾ ദേഷ്യം കാണിക്കുന്നെ...?? എന്താ ഇപ്പോ സംഭവിച്ചത്...??”
“ഒന്നിമില്ലാടീ... ഇവളുടെ ആ പഴയ കോന്തനെ കണ്ടാരുന്നു... ബസ് സ്റ്റാൻഡിൽ വച്ച്. എനിക്കറിയാൻ മേലാ.. അവനെ കാണുമ്പോ എനിക്കാകെ ചൊറിഞ്ഞു കയറും...!“
“അതിനിപ്പോ നിങ്ങളെന്തിനാ മനുഷേനെ ഇവിടെ വന്ന് ചൂടാവണത്...?? അവൾക്കൊരു തെറ്റു പറ്റി... അവളത് വിടുകേം ചെയ്തില്ലേ...!! രണ്ടു മാസം കഴിയുമ്പോ ആ കോടതീന്ന് കേസങ്ങട് തീർന്ന് കിട്ടുകേം ചെയ്യും...!!“
“അതൊക്കെ ശരിയാരിക്കും.... എന്നാലും എനിക്കവനെ കാണുമ്പോ ദേഷ്യം വരും... അല്ലെങ്കിലും അവനെ കണ്ടേച്ചാലും മതി... തലമുടീം നീട്ടി... ഒരു ഭ്രാന്തൻ...!! എന്നാലും ഇവളാ ഭ്രാന്തന്റെ പുറകേ നടന്ന്, നമ്മളു പോലും അറിയാതെ അവനെ കെട്ടിയല്ലോ എന്നോർക്കുമ്പോഴാ...!!!“
മമ്മി തന്റെ നേരെ തിരിഞ്ഞു.... “നീ കേൾക്ക്..., നിനക്കാ ഭ്രാന്തന്റെ കൂടെയാരുന്നോടീ ജീവിക്കേണ്ടത്...??? ബുദ്ധിയും ബോധവും ഇല്ലാത്ത ഇതു പോലൊരു മണ്ടി...!“
ഒന്നും മറുപടി പറയാൻ നിന്നില്ലാ. അകത്തേ മുറിയിലേക്ക് നടന്നു. കിടന്നേക്കാം. അല്ലെങ്കിൽ ഈ സംസാരം എന്നെ കരയിച്ചേ മമ്മി നിറുത്തു. കരഞ്ഞ് കരഞ്ഞ് ഞാൻ മടുത്തിരിക്കുന്നു. ഇനി വയ്യ. മുറിയിൽ കയറി വാതിൽ പതിയെ ചാരി, ലൈറ്റ് ഓഫാക്കി, കട്ടിലിലേക്ക് വീഴുകയായിരുന്നു. കരയാൻ ആഗ്രഹമില്ലാ എങ്കിലും മനസ് നീറുന്നു. മുകളിൽ ആരോടോ പകപോക്കാനെന്നവണ്ണം കറങ്ങുന്ന ഫാൻ നോക്കി അങ്ങനെ കിടന്നപ്പോൾ ഡാഡിയുടെ വാക്കുകൾ മനസിൽ വീണ്ടൂം കേട്ടു.
“അല്ലെങ്കിലും അവനെ ഇപ്പോ കണ്ടേച്ചാലും മതി... തലമുടീം നീട്ടി... ഒരു ഭ്രാന്തൻ...!!“
അതേ... ഞാനാ ഭ്രാന്തന്റെ പിന്നാലേ തന്നെയാണ് നടന്നത്. തന്നെ സ്നേഹിക്കാൻ ഭ്രാന്ത് കാണിച്ചവൻ. ഭ്രാന്തമായി തന്നെ സ്നേഹിച്ചവൻ. സ്നേഹത്തിന് അതിരുകൾ ഇല്ലാ എന്ന് വിശ്വസിച്ചവൻ.... തന്നെ വിശ്വസിപ്പിച്ചവൻ. പ്രണയമവന് ഭ്രാന്തായിരുന്നു. ആ ഭ്രാന്തിനോടെനിക്ക് പ്രണയവും. എന്നാലിന്നിതാ, തന്നെ ഭ്രാന്തിയാക്കിക്കൊണ്ട് ആ പ്രണയമെന്നിൽ നിന്നും എല്ലാവരും ചേർന്ന് അടർത്തിയെടുത്തിരിക്കുന്നു. താനും അവനെ തള്ളിപ്പറഞ്ഞു... ആർക്കൊക്കയോ വേണ്ടി, അല്ലെങ്കിൽ, തന്നെ ജനിപ്പിച്ചവർക്ക് വേണ്ടി. ഇനിയൊരിക്കലും തനിക്കാ പ്രണയവും, പ്രണയിച്ചുറങ്ങുന്ന ഭ്രാന്തനേയും തിരികേ കിട്ടില്ലാ. അറിയാതെ, ആഗ്രഹിക്കാതെ ഒരിറ്റു കണ്ണുനീർ കണ്ണിൽ നിന്നും പൊടിഞ്ഞ് കവിളിലൂടെ ഒലിച്ചിറങ്ങാനൊരുങ്ങുമ്പോൾ ഓർമ്മയിൽ തെളിഞ്ഞു, അവന്റെ ചില ഭ്രാന്തുൻ-പ്രണയചിന്തകൾ... അവൻ, തന്റെ കണ്ണുനീരാ‍വാൻ ആഗ്രഹിച്ചു... തന്റെ കണ്ണുനീരായീ... തന്റെ കവിളിലൂടെ ഒലിച്ചിറങ്ങി... തന്റെ ചുണ്ടിൽ ലയിക്കാൻ ആഗ്രഹിച്ചു...!! പക്ഷെ.....!!!
ഇനി ഒരുപക്ഷെ ഡാഡി പറഞ്ഞതനുസരിച്ച്, ഇന്നവൻ യഥാർത്ഥത്തിൽ ഭ്രാന്തനായിരിക്കുന്നുവോ ആവോ? മുകളിൽ ഇരുട്ടിൽ കറങ്ങുന്ന ഫാൻ തന്നെ നോക്കി ഗോഷ്‌ഠികൾ കാട്ടി പേടിപ്പിക്കുന്നതായി തോന്നുന്നു. കണ്ണൂകൾ മുറുക്കി അടച്ചു. കണ്ണിൽ നിന്നും കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ ചെവിയിൽ വീണു. ചെവിയിൽ തളംകെട്ടി നിന്ന കണ്ണുനീർ തന്റെ കാതിനോട് മെല്ലെ ചോദിച്ചു..... “അവനെ ഭ്രാന്തനാക്കിയത് നീയല്ലേ...?”
പിന്നെയുമൊഴുകിയ കണ്ണുനീർ.. ചെവിയിലിടം കിട്ടാതെ കിടക്കയെ പ്രണയിച്ച് അതിലലിഞ്ഞുകൊണ്ടെയിരുന്നു.

Thursday, January 15, 2009

ദൈവം ചിരിക്കുന്നു...!

നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയം തലക്കു പിടിച്ച ദിനങ്ങള്‍. രാവിലെ ആറു മണിക്ക് എഴുന്നേറ്റ് റെഡിയായി സ്റ്റേഷനിലേക്ക് ഓടും. മോര്‍‌ണിംഗ് ഡ്യൂട്ടിക്കു പോകുന്ന അവളെ കാണാനാണീ തിടുക്കം പിടിച്ച ഓട്ടം. രാത്രി ജോലിയും കഴിഞ്ഞ് ഒരു മണിക്കാവും വന്ന് കിടന്നത്. എന്നാല്‍ പോലും രാവിലെ എങ്ങനെയെങ്കിലും എഴുന്നേറ്റിരിക്കും. അതാണ് പ്രണയത്തിന്റെ കഴിവ്. അല്ലെങ്കില്‍ അവള്‍ക്ക് നൈറ്റ് ഡ്യൂട്ടി ദിവസങ്ങളാവട്ടെ..., അപ്പോള്‍ അവള്‍ പോകുന്നത് രാത്രി 8.30 നാണ്. ആ സമയത്ത്, ജോലിയും തീര്‍ത്ത് സ്റ്റേഷനില്‍ എത്തുക അത്ര എളുപ്പമല്ലാ. എന്നാലും എങ്ങനെയെങ്കിലും ഞാനെത്തുമായിരുന്നു. റോഡില്‍ മുഴുവന്‍ പണി നടക്കുന്നതിനാല്‍ ഭയങ്കര ട്രാഫിക്കുണ്ടാവും. അപ്പോള്‍ പിന്നെ ബസില്‍ നിന്നും ഇറങ്ങി നടക്കും... പിന്നെ ഓടും.... അവസാനം...., ഒരു തരത്തിലാവും... വല്ലാത്ത കിതപ്പോടേ അവള്‍ കയറിയ ലോകല്‍ ട്രയിനില്‍ ഓടിക്കയറുക.

ഒരു ദിവസം എത്താന്‍ വൈകിയാല്‍... അല്ലെങ്കില്‍ എത്താന്‍ കഴിഞ്ഞില്ലാ എങ്കില്‍... പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല എന്നുള്ളത് ഒരു സത്യം... എന്നാല്‍ പോലും... ഞാനെത്തും...!!! എന്തിന് ഇത്ര ബദ്ധപ്പാട് കഴിച്ച് വന്നിരുന്നു എന്ന് - ഇന്ന് - ചോദിച്ചാല്‍ അതിനുത്തരമില്ലാ....!!! എന്നാല്‍ പോലും... അന്ന് അതായിരുന്നു ജീവിതം.... ഒരു രസമുള്ള ജീവിതം!!! അവളോടൊപ്പം ഒരല്പം സമയം ഒന്നിച്ചായിരിക്കാനായി... ഇതല്ല, ഇതില്‍ കൂടുതലും ചെയ്യാന്‍ തയാറായിരുന്നല്ലോ ഞാന്‍....!!!

ഒരു നാള്‍ ഞാന്‍ അവളൊടൊപ്പം പള്ളിയില്‍ കയറി... ഞങ്ങളുടെ ഭാവി പരിപാടികളെല്ലാം പറഞ്ഞ് ദൈവത്തിനു മുന്നില്‍ സമര്‍പ്പിച്ചു. ഒരുപാട് പ്രതീക്ഷകളൊടെ ഞങ്ങള്‍ പള്ളി വിട്ട് ഇറങ്ങുന്നതിനിടയില്‍ ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കി. അപ്പോള്‍ ദൈവം ചിരിക്കുന്നുണ്ടായിരുന്നു. ആ ചിരി എന്നെ നോക്കി തന്നെ ആയിരുന്നു. എന്തിനാണാവോ ദൈവം ചിരിച്ചത്...!! ഞങ്ങളില്‍ സം‌പ്രീതനായതിന്റെ ചിരിയാവാം...!! അല്ലെങ്കില്‍....???

* * * * * * * * *

ഇന്ന് -- കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ കൊണ്ടു പ്രണയവര്‍ണ്ണങ്ങളാല്‍ മെനഞ്ഞുണ്ടാക്കിയ ഭാവി സ്വപ്നങ്ങള്‍ എല്ലാം ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീണിരിക്കുന്നു. ദൈവം എന്നോ രചിച്ച തിരകഥയിലെ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന എനിക്ക് ഭാവി പരിപാടികളെ കുറിച്ച് ചിന്തിക്കാന്‍ അനുവാധമില്ലായെന്ന്, ഇന്ന് ഞാന്‍ മനസിലാക്കിയിരിക്കുന്നു. അന്ന് ദൈവം എന്തിനാണ് ചിരിച്ചത് എന്ന് എനിക്കിപ്പോഴാണ് മനസിലാവുന്നത്. ഇപ്പോള്‍ ഞാന്‍ എന്റെ ഭാവി പരിപാടികള്‍ ദൈവത്തോട് പറയാറില്ലാ. സീരിയസ്സ് ആയിരിക്കേണ്ടവനായ ദൈവത്തെ ഞാന്‍ വെറുതെ എന്തിന് ചിരിപ്പിച്ച്, സ്വയം കോമാളിയാവണം...???

--------------------------------------

“ദൈവത്തെ ചിരിപ്പിക്കാന്‍ ഒരു എളുപ്പ വഴിയുണ്ട്.
നമ്മുടെ ഭാവി പരിപാടികള്‍ ദൈവത്തോട് പറയുക..!“
- നടന്‍ ശ്രീനിവാസന്‍

Monday, August 11, 2008

അവനേയും തേടി...!!

കൂട്ടുകാരന്റെ വിവാഹ-പാര്‍ട്ടിയും കഴിഞ്ഞാണ് ഞാന്‍ അവന്റെ റൂമിലേക്ക് പോയത്. അവന്റെ മുറിയിലേക്ക് കടന്നപ്പോള്‍ വല്ലാത്ത ഒരു ഗന്ധം. സിഗരിറ്റിന്റേയും, ഒഴിഞ്ഞ കാലിക്കുപ്പികളില്‍ നിന്നും പിന്നെ വാഷിംഗ് ബേസിനില്‍ കഴുകാതെ കിടക്കുന്ന പാത്രങ്ങളുടെയും എല്ലാം കൂടിക്കലര്‍ന്ന ഒരു വല്ലാത്ത ഗന്ധം. പുസ്തകങ്ങളും സിഗരറ്റ് പായ്കറ്റുകളും അങ്ങിങ്ങായി ചിതറി കിടക്കുന്നു. ഒരു സൈഡില്‍ കിടക്കുന്ന കട്ടിലില്‍ തേപ്പ് പെട്ടി മുതല്‍ മൊബൈല്‍ റീ-ചാര്‍ജര്‍ വരെ വലിച്ചെറിഞ്ഞതു പോലെ കിടക്കുന്നു. മുറി അടിച്ചു വാരി വൃത്തിയാക്കിയിട്ട് ദിവസങ്ങളായി എന്നതില്‍ സംശയമില്ലാ. വെയിസ്റ്റ് ബോക്സ് നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കു കൂടി വീണു കിടക്കുന്ന ചൈനീസ് ഭക്ഷണാവശിഷ്‌ടങ്ങളും അതിന്റെ പായ്ക്കറ്റുകളും. അയയില്‍ അലക്കാന്‍ അട്ടിയിട്ടിരിക്കുന്ന പന്റുകളും ഷര്‍ട്ടുകളും. മഴക്കാലമായതിനാല്‍ പലതിലും കരിമ്പന്‍ പിടിച്ചിരിക്കുന്നു. ആകെ കൂടി ഒരു വല്ലാത്ത അവസ്ഥയില്‍ കിടക്കുന്ന അവന്റെ മുറിയിലേക്ക് കയറിയപ്പോള്‍ ആദ്യമായി എനിക്ക് അസ്വസ്ഥത തോന്നി.

പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ലാ അവന്റെ മുറി. മുറിയിലേക്ക് കയറുമ്പോള്‍ തന്നെ ഒരു സുഖന്ധം അനുഭവപ്പെടാന്‍ പാകത്തിന് അവന്‍ റൂം കാത്തു സൂക്ഷിച്ചിരുന്നു. കൂട്ടുകാര്‍ ആരെങ്കിലും ഒത്തുകിട്ടിയാല്‍ മാത്രം അവന്‍ മദ്യം സ്വീകരിച്ചിരുന്നുള്ളു. സിഗരറ്റ് അവന്‍ ഒരു അപായവസ്തുവായി കണ്ടിരുന്നു. ജീവനെടുക്കാന്‍ പാകത്തിനുള്ള ഒരു അപായവസ്തു. എന്തിനാണ് ആളുകള്‍ സിഗരറ്റ് വലിക്കുന്നത്, അതുകൊണ്ട് എന്തു പ്രയോജനമാണുള്ളത് എന്ന് അവന്‍ പലപ്പോഴും ചോദിച്ചിരുന്നു. എന്തൊക്കെ സംഭവിച്ചാലും താന്‍ സിഗരറ്റ് വലിക്കില്ലാ എന്ന് ഒരു ഉറച്ച വാക്കും അവന്‍ പറയാറുണ്ടായിരുന്നു. നാലു ഡ്രസ്സുകള്‍ ഒന്നിച്ചു കുമിഞ്ഞു കൂടിയാല്‍ അവനു മനസിനൊരു സുഖം കിട്ടില്ലാ. പിന്നെ അത് കഴുകി ഇട്ടില്ലെങ്കില്‍ മനസമാധാനം കിട്ടാത്ത പോലെ ആയിരുന്നു. പിന്നെ അടുക്കളയില്‍ പാത്രങ്ങള്‍. അതൊരിക്കലും പിന്നത്തേക്കവന്‍ മാറ്റി വയ്ക്കാന്‍ അനുവധിച്ചിരുന്നുമില്ല. ഞാനറിയുന്ന അവന്‍ എന്നും രാത്രി കിടക്കും മുന്‍പ് റൂം എല്ലാം അടിച്ചു വാരി വൃത്തിയാക്കി, ഒരു കുളിയും പാസാക്കിയെ കിടന്നുറങ്ങുകയുള്ളായിരുന്നുള്ളു.

എന്താണവനെ മാറ്റിയത്? വ്യക്തമായി ഒന്നും അറിയില്ല. അന്നൊക്കെ അവന്റെ മുറി ആരൊയോ അപ്രത്യക്ഷമായി പോലും പ്രതീക്ഷിച്ചിരിക്കുന്നതു പോലെ തോന്നിക്കുമായിരുന്നു. ഏതോ സ്വപ്നങ്ങളിലെ രാജകുമാരിയെ പ്രതീക്ഷിച്ചിരിക്കുന്ന രാജകൊട്ടാരം പോലെ. സ്വപ്നങ്ങള്‍..., അതായിരുന്നു എന്നുമവന്റെ സമ്പാധ്യം. ആ സ്വപ്നങ്ങളാണ് അവനെ മുന്നോട്ട് വഴി നടത്തിച്ചതും. കൊടുമുടിയോളം സ്വപ്നം കണ്ട അവനെ മാനം മുട്ടെ ഉയര്‍ത്തിയതും അവന്റെ സ്വപ്നങ്ങളായിരുന്നു. അതിനു പ്രചോദനമായത് ആ രാജകുമാരിയും. സ്വപ്നങ്ങളില്‍ നിന്നും യാഥാര്‍ദ്ധ്യമായി മാറിയ അവന്റെ സ്വന്തം രാജകുമാരി. സിരകളിലോടുന്ന രക്തത്തിന് ചുവപ്പ് നിറം നല്‍കുന്നത് പ്രണയമാണെന്ന് വിശ്വസിച്ച പ്രണയം. ജീവിതവിജയത്തിന്റെ കൊടുമുടിയില്‍ ഒരു വിജയപതാക പാറിക്കാന്‍ ഇനി ആ രാജകുമാരിയെ എന്നെന്നേക്കുമായി സ്വന്തമാക്കുക എന്ന ചെറിയതും എന്നാല്‍ കഠിനമായതുമായ ദൂരവും അവന്‍ അനായാസം കടന്ന്, വിജയപതാക പാറിക്കാന്‍ നില്‍ക്കുമ്പോള്‍ വിധിയുടെ പ്രണയം അവരെ അകലേക്ക് അകലേക്ക് അടര്‍ത്തി മാറ്റി...!!

പിന്നെ ജീവിതം അവനെ ഇരുട്ടറയിലേക്ക് തള്ളിയതു പോലെ ആയി. രാജകുമാരിക്കായി ജീവിച്ചവന് ഇനി ആര്‍ക്കു വേണ്ടി ജീവിക്കണമെന്നറിയാതെ മുന്നിലെ ഇരുട്ടിലേക്ക് നോക്കി അമ്പരന്നു. അവിടെയാവണം ആ സിഗരറ്റിന്റെ അരണ്ട വെളിച്ചം ഇത്തിരിയെങ്കിലും ആശ്വാസം തോന്നിപ്പിച്ചത്. മുന്നില്‍ ഉള്ളതൊന്നും കാണാനാവാത്ത അവസ്ഥയില്‍ അവന്‍ ജീവിക്കാന്‍ മറന്നു. ജീവിക്കേണ്ടതെങ്ങനെ എന്ന് മറന്നു. മദ്യത്തിന്റെ ലഹരി അവനെ, നൂലില്‍ കെട്ടി ആടുന്ന പാവ കണക്കെ ആടിച്ചു. അത് അവനെ എല്ലാം മറന്നുറങ്ങാന്‍ സഹായിച്ചിരിക്കണം. അവനെ ഇനി തിരിച്ചു പഴയ മനുഷ്യനാക്കാന്‍ ആര്‍ക്കു കഴിയും? അറിയില്ലാ.

“എന്തൊക്കെ സംഭവിച്ചാലും, ഒരിക്കലും സിഗരറ്റ് വലിക്കില്ലാ“ എന്ന് പറഞ്ഞിരുന്നതിനോടൊപ്പം “എന്തൊക്കെ സംഭവിച്ചാലും ആത്മഹത്യ എന്ന സ്വയം മരണത്തിനു വിട്ടുകൊടുക്കുന്ന പ്രവണതക്കും ഞാനില്ല...!” എന്നും അവന്‍ പറയാറുണ്ടായിരുന്നു എന്നത് എന്നില്‍ ഭയം തോന്നിപ്പിച്ചു. അല്ലാ... അവനെവിടെ? ഞാന്‍ അവനെ ഉറക്കെ വിളിച്ചു... അവന്‍ വിളി കേട്ടില്ലാ. ആദ്യത്തെ മുറിയില്‍ നിന്നും അടുക്കളയിലും പോയി നോക്കി ഇല്ലാ അവനവിടെയും ഇല്ലാ. ഞാനവനെ പല തവണ ഉറക്കെ വിളിച്ചു നോക്കി. ഇല്ലാ.. അവന്‍ വിളി കേള്‍ക്കുന്നില്ല.

അവസാനം ഞാനവനെ കണ്ടു....! ചാരി കിടക്കുന്ന ബാത്‌റൂമിന്റെ വാതില്‍ ഞാന്‍ തള്ളി തുറന്നു നോക്കി. ഒരുപാട് മാറി പോയ മുഖവുമായി, എന്നെ തന്നെ തുറിച്ചു നോക്കുന്ന അവന്‍. അവിടെ തൂക്കിയിട്ടിരുന്ന കണ്ണാടിയില്‍ കണ്ടു ഞാന്‍ അവനെ....!!!!

Wednesday, March 5, 2008

ഞാന്‍ നരകത്തിലേക്ക്.....!!!

ബൈബിളിലെ പുതിയ നിയമത്തില്‍ പറയുന്നതനസരിച്ച് ആ ദിനം വന്നെത്തി. നരകത്തിലേക്കുള്ളവരെ ദൈവം തന്റെ ഇടത് വശത്തും സ്വര്‍ഗ്ഗത്തിലേക്കുള്ളവരെ വലതു വശത്തും മാറ്റിനിറുത്തുന്ന ദിനം. ഓരോരുത്തരെയായി ദൈവം പേരു ചൊല്ലി വിളിക്കുന്നു. ചിലരെ ഇടത് വശത്തേക്ക്. ചിലരെ വലത് വശത്തേക്ക്. ഇടത് വശത്തേക്കുള്ളവരെ നോക്കി പിശാച് സന്തോഷത്തോടെ ഇളിച്ചു കാണിക്കുന്നു. വലത് വശത്തേക്ക് പോകുന്നവര്‍ ചുരുക്കമേ ഉള്ളുവെന്നത് ഒരു സത്യമാണെങ്കിലും അവര്‍ക്കായി മാലാഖമാര്‍ ആനന്ദഗാനങ്ങള്‍ ആലപിക്കുന്നു.

ഓരോരുത്തരെ വീതം പേരു ചൊല്ലി വിളിക്കുന്നതിനനുസരിച്ച് എന്റെ ഊഴം അടുക്കുന്നത് ഞാനറിഞ്ഞു. ഉള്ളില്‍ ഒരു വിറയല്‍. എന്നെ എങ്ങോട്ടാ‍യിരിക്കും പറഞ്ഞ് വിടുക? ഞാന്‍ പാപിയാണെന്ന് ഞാന്‍ സമ്മതിക്കാം. എന്നാലും ഞാന്‍ ചെയ്തിട്ടുള്ള ഏതെങ്കിലുമൊക്കെ നന്മയുടെ പേരില്‍ എന്നെ വലതു വശത്തേക്ക് മാറ്റി നിറുത്തുമെന്ന വിശ്വാസത്തോടെ എന്റെ ഊഴത്തിനായി കാത്തു നിന്നു.

അങ്ങനെ എന്റെ പേര് വിളിച്ചു. "വാഴയില്‍ കുടുംബത്തില്‍ ഇട്ടിയവിരാ ജോര്‍ജ്ജിന്റെയും മേരി ജോര്‍ജ്ജിന്റേയും ഇളയ പുത്രന്‍ ജോസ്മോന്‍..... ഇടത് വശത്തേക്ക് പോകുക....!!!" ആ ശബ്ദം കേട്ട് ഞാന്‍ നടുങ്ങി. ശരീരം വിറച്ചു. എന്തു കൊണ്ടങ്ങനെ? ഞാനതിനു മാത്രം എന്തു തെറ്റാണ് ചെയ്തത്? ഒന്നും മനസിലാവുന്നില്ല.

ദൈവത്തിന്റെ സിംഹാസനത്തിന്റെ ഇടത് വശത്തേക്ക് ഞാന്‍ നടക്കുന്നതിനിടയില്‍ ഞാന്‍ തല ഉയര്‍ത്തി, വിറയലോടെ ദൈവത്തോട് ചോദിച്ചു. "ദൈവമേ, നീ എന്തു കൊണ്ട് എന്നെ ഇടത് വശത്തേക്ക് പറഞ്ഞു വിടുന്നു? ഞാന്‍ പാപിയാണെന്ന് ഞാന്‍ സമ്മതിക്കുന്നു. എങ്കിലും ഞാന്‍ ചെയ്തിട്ടുള്ള ഒരു നന്മയെ ഓര്‍ത്തെങ്കിലും എന്നെ അങ്ങയുടെ വലത് വശത്തേക്ക് പറഞ്ഞയച്ചൂടെ....??"

ചെറുപുഞ്ചിരിയോടെ ദൈവം എന്നെ നോക്കി....., ദൈവം പറഞ്ഞു... "മകനേ, നീ പാപിയാണെന്നതു കൊണ്ടല്ല നിന്നെ ഞാന്‍ ഇടത് വശത്തേ നിത്യാഗ്നിയായ നരകത്തിലേക്ക് പറഞ്ഞു വിടുന്നത്.... പകരം ഇതിനോടകം അവിടെ എത്തിപ്പെട്ടു പോയവരെ നീ നല്ലവരാക്കി... നരകം എന്ന പിശാ‍ചിന്റെ സാമ്രാജ്യം ഇല്ലാതാക്കുന്നതിനു വേണ്ടിയാണ്....!!!"

സന്തോഷാശ്രുക്കളോടെ ഞാന്‍ ഇടതു വശത്തെ നരക കവാടം ലക്ഷ്യമാക്കി നടന്നു....!! അപ്പോള്‍ പിശാച് ദൈവത്തോട് ദേഷ്യത്തോടെ വിളിച്ചു പറയുന്നുണ്ടായിരുന്നു.... "വേണ്ടാ ഇവനെ എന്റെ സാമ്രാജ്യത്തിനു വേണ്ടാ" എന്ന്....!!!


ഒരു ചെറിയ കടപ്പാട്: എന്റെ സുഹൃത്ത് ബിജോ തുരുത്തികോട് അയച്ച ഒരു എസ്.എം.എസ്. ആണ് ഈ കഥക്കു പിന്നിലെ ത്രെഡ്.

Sunday, February 17, 2008

നാലു പെണ്ണുങ്ങള്‍

അമ്മയും ഭാര്യയും രണ്ടു ചേച്ചിമാരും.

Tuesday, January 8, 2008

അരാണവള്‍...?

അവള്‍ എന്നെ ജീവനുതുല്യം സ്നേഹിക്കുന്നത് കൊണ്ടാണ്, അവള്‍ കരയുമ്പോള്‍ ഞാനും അറിയാതെ കരഞ്ഞു പോകുന്നത്. മാത്രമല്ല ഞാന്‍ കരഞ്ഞാല്‍ അവളുമുണ്ടാവും എന്നോടൊപ്പം കരയാന്‍. ഞാന്‍ ചിരിച്ചാല്‍ അവളുമുണ്ട് എന്നോടൊപ്പം ചിരിക്കാന്‍. സ്നേഹത്തിന്റെ പര്യായമാണവള്‍, എന്റെ സഹയാത്രിയാണവള്‍, എന്റെ കൂട്ടുകാരിയാണവള്‍, എന്റെ എല്ലാമാണവള്‍.

ഞങ്ങളുടെ സ്നേഹത്തില്‍ ലോകം അസൂയപ്പെടുന്നുണ്ടെന്നു തോന്നുന്നു. ചിലപ്പോ‍ള്‍ ദൈവം പോലും എന്ന് തോന്നിപോകുന്നു... അതിനാലല്ലേ പലപ്പോഴും ഞങ്ങളെ രണ്ടു ദിശകളിലാക്കി വേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. പള്ളിയങ്കണത്തില്‍, സക്രാരിമുന്നില്‍ അവള്‍ മുട്ടുകുത്തി നില്‍ക്കുന്നത് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനാണ്. ഇന്ന് ഞാന്‍ വലിയവനാകുന്നതിനുള്ള കഠിനപ്രയത്നത്തിലാണ്. കാരണം നാളെ എന്ന നല്ല നാളില്‍ അവള്‍ക്ക് എല്ലാ സന്തോഷങ്ങളും നല്‍കാന്‍ എനിക്കു കഴിയണം എന്ന് ഞാനാഗ്രഹിക്കുന്നു. നാളെ ലോകത്തിന്റെ ചലനത്തില്‍ ഞാന്‍ അവളില്‍ നിന്നും ഏഴ് സാഗരങ്ങള്‍ക്കപ്പുറമായാലും അവള്‍ക്കെന്നെയോ, എനിക്കവളെയോ മറക്കാനാവില്ല.

അല്ല... എന്തുക്കൊണ്ടാണിങ്ങനെ...? ഉത്തരത്തിനായി എനിക്ക് അധികം ചിന്തിക്കേണ്ടതില്ല. പത്ത് മാസം വയറ്റില്‍ ചുമന്ന് എന്നെ ജനിപ്പിച്ച എന്റെ അമ്മയാണവള്‍. എന്റെ എല്ലാമെല്ലാമായ അമ്മ.

Friday, December 21, 2007

പെണ്ണുകാണല്‍

വീട്ടുകാര്‍ തന്റെ കല്യാണം നടത്താനുള്ള തയാറെടുപ്പിലാണെന്നറിഞ്ഞതു മുതല്‍, അവള്‍ക്ക് നാണവും അതിലേറെ ചമ്മലും തോന്നി. അതേ, താന്‍ വിവാഹിതയാവുകയാണ്. അവള്‍ പകല്‍ സ്വപ്നങ്ങള്‍ക്കിരയായി തുടങ്ങി. തനിക്കു ലഭിക്കാന്‍ പോകുന്ന ഭര്‍ത്താവിനെ കുറിച്ച്, തനിക്കു ജനിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ച്, തന്റെ സ്വന്തമാകുന്ന കുടുംബത്തെക്കുറിച്ച്, കുടുംബജീവിതത്തിലെ തമശകളെ കുറിച്ച്, ഭര്‍ത്താവിന്റെ ഇക്കിളിപ്പെടുത്തലുകളെക്കുറിച്ച്... ആ ചിന്തയില്‍നിന്നാവണം, അവളുടെ ശരീരത്തിലെവിടെയൊക്കയോ ഒരു കോരിത്തരിപ്പുണ്ടായി.

എന്നാല്‍, അവള്‍ക്ക് പേടിയും തോന്നി. അയാളുടെ സ്വഭാവം എന്തായിരിക്കും..? അയാള്‍ കള്ള് കുടിക്കുമോ.., പുക വലിക്കുമോ..., തന്നെ ഉപദ്രവിച്ചേക്കുമോ..., അങ്ങനെ പലതും ചിന്തിച്ച് അവള്‍ നിര്‍വികാരമായി നെടുവീര്‍പ്പെട്ടു. എന്തായാലും നാളെ അയാള്‍ വരും, അവളെ “പെണ്ണു കാണാന്‍”.

വീടിന്റെ പൂമുഖത്ത് ‘അദ്ദേഹം’ വന്നിരിപ്പുണ്ട്. അവള്‍ അറിഞ്ഞു. അവളില്‍ ഒരു വിറയല്‍ പടര്‍ന്ന് കയറി. പിന്നീട് നടന്നതെല്ലം ഒരു നാടകം പോലെ തോന്നി അവള്‍ക്ക് - ചാ‍യ കൊണ്ടുപോയി കൊടുക്കല്‍, പേര് എന്ത്.., പഠിപ്പ് എന്ത്ര.., ഇതിനൊക്കെ ഉത്തരം പറയുക... ഹോ.... ഇതൊക്കെ വല്ലാത്ത കഷ്‌ടം തന്നെ....! ഇതിനെല്ലാം പുറമെയാണ്, തന്നെ വില്പന ചരക്കാക്കിയുള്ള വില പേശല്‍... ഹോ... അത് അസഹനീയമായി തോന്നി...!! അതായിരുന്നു അവളുടെ പെണ്ണുകാണലിന്റെ ആദ്യാനുഭവം.

ഇപ്പോള്‍.... ഇതിനോടകം 30-ഓളം ചെക്കന്മാര്‍ അവളെ കണ്ടു മടങ്ങി. ഇന്നവള്‍ സ്വപ്നങ്ങള്‍ക്കിരയാവാറില്ലാ. പേടി തോന്നാറുമില്ല. ഇന്നവള്‍ മുകളിലിരിക്കുന്നവന്‍ എഴുതിയ നാടകത്തില്‍ നായികയായി അഭിനയിച്ചു തീര്‍ക്കുകയാണ് - അനുഭവിച്ചു തീര്‍ക്കുകയാണ്....! നായകനാരെന്നറിയാതെ...!!!