Skip to main content

അവനേയും തേടി...!!

കൂട്ടുകാരന്റെ വിവാഹ-പാര്‍ട്ടിയും കഴിഞ്ഞാണ് ഞാന്‍ അവന്റെ റൂമിലേക്ക് പോയത്. അവന്റെ മുറിയിലേക്ക് കടന്നപ്പോള്‍ വല്ലാത്ത ഒരു ഗന്ധം. സിഗരിറ്റിന്റേയും, ഒഴിഞ്ഞ കാലിക്കുപ്പികളില്‍ നിന്നും പിന്നെ വാഷിംഗ് ബേസിനില്‍ കഴുകാതെ കിടക്കുന്ന പാത്രങ്ങളുടെയും എല്ലാം കൂടിക്കലര്‍ന്ന ഒരു വല്ലാത്ത ഗന്ധം. പുസ്തകങ്ങളും സിഗരറ്റ് പായ്കറ്റുകളും അങ്ങിങ്ങായി ചിതറി കിടക്കുന്നു. ഒരു സൈഡില്‍ കിടക്കുന്ന കട്ടിലില്‍ തേപ്പ് പെട്ടി മുതല്‍ മൊബൈല്‍ റീ-ചാര്‍ജര്‍ വരെ വലിച്ചെറിഞ്ഞതു പോലെ കിടക്കുന്നു. മുറി അടിച്ചു വാരി വൃത്തിയാക്കിയിട്ട് ദിവസങ്ങളായി എന്നതില്‍ സംശയമില്ലാ. വെയിസ്റ്റ് ബോക്സ് നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കു കൂടി വീണു കിടക്കുന്ന ചൈനീസ് ഭക്ഷണാവശിഷ്‌ടങ്ങളും അതിന്റെ പായ്ക്കറ്റുകളും. അയയില്‍ അലക്കാന്‍ അട്ടിയിട്ടിരിക്കുന്ന പന്റുകളും ഷര്‍ട്ടുകളും. മഴക്കാലമായതിനാല്‍ പലതിലും കരിമ്പന്‍ പിടിച്ചിരിക്കുന്നു. ആകെ കൂടി ഒരു വല്ലാത്ത അവസ്ഥയില്‍ കിടക്കുന്ന അവന്റെ മുറിയിലേക്ക് കയറിയപ്പോള്‍ ആദ്യമായി എനിക്ക് അസ്വസ്ഥത തോന്നി.

പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ലാ അവന്റെ മുറി. മുറിയിലേക്ക് കയറുമ്പോള്‍ തന്നെ ഒരു സുഖന്ധം അനുഭവപ്പെടാന്‍ പാകത്തിന് അവന്‍ റൂം കാത്തു സൂക്ഷിച്ചിരുന്നു. കൂട്ടുകാര്‍ ആരെങ്കിലും ഒത്തുകിട്ടിയാല്‍ മാത്രം അവന്‍ മദ്യം സ്വീകരിച്ചിരുന്നുള്ളു. സിഗരറ്റ് അവന്‍ ഒരു അപായവസ്തുവായി കണ്ടിരുന്നു. ജീവനെടുക്കാന്‍ പാകത്തിനുള്ള ഒരു അപായവസ്തു. എന്തിനാണ് ആളുകള്‍ സിഗരറ്റ് വലിക്കുന്നത്, അതുകൊണ്ട് എന്തു പ്രയോജനമാണുള്ളത് എന്ന് അവന്‍ പലപ്പോഴും ചോദിച്ചിരുന്നു. എന്തൊക്കെ സംഭവിച്ചാലും താന്‍ സിഗരറ്റ് വലിക്കില്ലാ എന്ന് ഒരു ഉറച്ച വാക്കും അവന്‍ പറയാറുണ്ടായിരുന്നു. നാലു ഡ്രസ്സുകള്‍ ഒന്നിച്ചു കുമിഞ്ഞു കൂടിയാല്‍ അവനു മനസിനൊരു സുഖം കിട്ടില്ലാ. പിന്നെ അത് കഴുകി ഇട്ടില്ലെങ്കില്‍ മനസമാധാനം കിട്ടാത്ത പോലെ ആയിരുന്നു. പിന്നെ അടുക്കളയില്‍ പാത്രങ്ങള്‍. അതൊരിക്കലും പിന്നത്തേക്കവന്‍ മാറ്റി വയ്ക്കാന്‍ അനുവധിച്ചിരുന്നുമില്ല. ഞാനറിയുന്ന അവന്‍ എന്നും രാത്രി കിടക്കും മുന്‍പ് റൂം എല്ലാം അടിച്ചു വാരി വൃത്തിയാക്കി, ഒരു കുളിയും പാസാക്കിയെ കിടന്നുറങ്ങുകയുള്ളായിരുന്നുള്ളു.

എന്താണവനെ മാറ്റിയത്? വ്യക്തമായി ഒന്നും അറിയില്ല. അന്നൊക്കെ അവന്റെ മുറി ആരൊയോ അപ്രത്യക്ഷമായി പോലും പ്രതീക്ഷിച്ചിരിക്കുന്നതു പോലെ തോന്നിക്കുമായിരുന്നു. ഏതോ സ്വപ്നങ്ങളിലെ രാജകുമാരിയെ പ്രതീക്ഷിച്ചിരിക്കുന്ന രാജകൊട്ടാരം പോലെ. സ്വപ്നങ്ങള്‍..., അതായിരുന്നു എന്നുമവന്റെ സമ്പാധ്യം. ആ സ്വപ്നങ്ങളാണ് അവനെ മുന്നോട്ട് വഴി നടത്തിച്ചതും. കൊടുമുടിയോളം സ്വപ്നം കണ്ട അവനെ മാനം മുട്ടെ ഉയര്‍ത്തിയതും അവന്റെ സ്വപ്നങ്ങളായിരുന്നു. അതിനു പ്രചോദനമായത് ആ രാജകുമാരിയും. സ്വപ്നങ്ങളില്‍ നിന്നും യാഥാര്‍ദ്ധ്യമായി മാറിയ അവന്റെ സ്വന്തം രാജകുമാരി. സിരകളിലോടുന്ന രക്തത്തിന് ചുവപ്പ് നിറം നല്‍കുന്നത് പ്രണയമാണെന്ന് വിശ്വസിച്ച പ്രണയം. ജീവിതവിജയത്തിന്റെ കൊടുമുടിയില്‍ ഒരു വിജയപതാക പാറിക്കാന്‍ ഇനി ആ രാജകുമാരിയെ എന്നെന്നേക്കുമായി സ്വന്തമാക്കുക എന്ന ചെറിയതും എന്നാല്‍ കഠിനമായതുമായ ദൂരവും അവന്‍ അനായാസം കടന്ന്, വിജയപതാക പാറിക്കാന്‍ നില്‍ക്കുമ്പോള്‍ വിധിയുടെ പ്രണയം അവരെ അകലേക്ക് അകലേക്ക് അടര്‍ത്തി മാറ്റി...!!

പിന്നെ ജീവിതം അവനെ ഇരുട്ടറയിലേക്ക് തള്ളിയതു പോലെ ആയി. രാജകുമാരിക്കായി ജീവിച്ചവന് ഇനി ആര്‍ക്കു വേണ്ടി ജീവിക്കണമെന്നറിയാതെ മുന്നിലെ ഇരുട്ടിലേക്ക് നോക്കി അമ്പരന്നു. അവിടെയാവണം ആ സിഗരറ്റിന്റെ അരണ്ട വെളിച്ചം ഇത്തിരിയെങ്കിലും ആശ്വാസം തോന്നിപ്പിച്ചത്. മുന്നില്‍ ഉള്ളതൊന്നും കാണാനാവാത്ത അവസ്ഥയില്‍ അവന്‍ ജീവിക്കാന്‍ മറന്നു. ജീവിക്കേണ്ടതെങ്ങനെ എന്ന് മറന്നു. മദ്യത്തിന്റെ ലഹരി അവനെ, നൂലില്‍ കെട്ടി ആടുന്ന പാവ കണക്കെ ആടിച്ചു. അത് അവനെ എല്ലാം മറന്നുറങ്ങാന്‍ സഹായിച്ചിരിക്കണം. അവനെ ഇനി തിരിച്ചു പഴയ മനുഷ്യനാക്കാന്‍ ആര്‍ക്കു കഴിയും? അറിയില്ലാ.

“എന്തൊക്കെ സംഭവിച്ചാലും, ഒരിക്കലും സിഗരറ്റ് വലിക്കില്ലാ“ എന്ന് പറഞ്ഞിരുന്നതിനോടൊപ്പം “എന്തൊക്കെ സംഭവിച്ചാലും ആത്മഹത്യ എന്ന സ്വയം മരണത്തിനു വിട്ടുകൊടുക്കുന്ന പ്രവണതക്കും ഞാനില്ല...!” എന്നും അവന്‍ പറയാറുണ്ടായിരുന്നു എന്നത് എന്നില്‍ ഭയം തോന്നിപ്പിച്ചു. അല്ലാ... അവനെവിടെ? ഞാന്‍ അവനെ ഉറക്കെ വിളിച്ചു... അവന്‍ വിളി കേട്ടില്ലാ. ആദ്യത്തെ മുറിയില്‍ നിന്നും അടുക്കളയിലും പോയി നോക്കി ഇല്ലാ അവനവിടെയും ഇല്ലാ. ഞാനവനെ പല തവണ ഉറക്കെ വിളിച്ചു നോക്കി. ഇല്ലാ.. അവന്‍ വിളി കേള്‍ക്കുന്നില്ല.

അവസാനം ഞാനവനെ കണ്ടു....! ചാരി കിടക്കുന്ന ബാത്‌റൂമിന്റെ വാതില്‍ ഞാന്‍ തള്ളി തുറന്നു നോക്കി. ഒരുപാട് മാറി പോയ മുഖവുമായി, എന്നെ തന്നെ തുറിച്ചു നോക്കുന്ന അവന്‍. അവിടെ തൂക്കിയിട്ടിരുന്ന കണ്ണാടിയില്‍ കണ്ടു ഞാന്‍ അവനെ....!!!!

Comments

Kalpak S said…
ഉടഞ്ഞുപോയേക്കാവുന്ന ഒരു ഹൃദയത്തെയോര്‍ത്ത്‌ അനിഷ്ടം കാട്ടാതെ വിമ്മിട്ടപ്പെട്ട നിമിഷങ്ങളാണ് അവള്‍ എനിക്ക് സമ്മാനിച്ചത് എന്ന് തിരിച്ചറിഞ്ഞ നിമിഷം ആണോ അവന്‍ ഇങ്ങനെ ആയത് ?

അല്ലായിരിക്കും അല്ലേ? ശരിക്കുള്ള പ്രണയവിരഹ തീവ്രത തന്നെയാണോ ?

പ്രണയിച്ചവര്‍ക്കു പ്രണയം വേദന,
പ്രണയിക്കാത്തവര്‍ക്ക് പ്രണയം സുഖമുള്ള കുളിര്
പ്രണയത്തെയും അകലെനിന്നു കാണുന്നതാണ് നല്ലത് അല്ലേ ?

നന്നായിരിക്കുന്നു വാഴേ... കൊച്ചു കഥക്ക് ഇത്രയും ഗഹനമായ അര്‍ത്ഥവ്യാപ്തി.
"Love
is seeing Yourself in someone's eyes And finding yourself in
Somebody's heart...!!!" --

When you can't find that heart
You are lost:: Lost in memories,
memories haunt you
OAB said…
ആ കണ്ണാടി അവിടെ ഇല്ലെങ്കില്‍ എന്താകുമായിരുന്നു സ്തിതി. തെരഞ്ഞ്, തെരഞ്ഞ് മടുത്ത്....ഞാനാവഴിക്ക് കഥയൊന്ന് തിരിച്ചു വിട്ടു നോക്കി. ഒരെത്തും പിടിയും കിട്ടിയില്ല. ഇങ്ങനെ തന്നെയാണ്‍ അതിന്റെ അവസാനം.
നന്നായിരിക്കുന്നു.
നല്ല പോസ്റ്റ്.
'അനുവാദം',
'സുഗന്ധം' എന്നാണു ശരി
നല്ല പോസ്റ്റ്.
'അനുവാദം',
'സുഗന്ധം' എന്നാണു ശരി

Popular posts from this blog

മാറ്റങ്ങള്‍

ഒരു നാള്‍ അവള്‍ പോകുമെന്ന് എനിക്കറിയാമായിരുന്നു. അതിത്ര പെട്ടന്ന് ആവുമെന്നറിയില്ലായിരുന്നു. അല്ലെങ്കില്‍ തന്നെ എത്രയോ പേര്‍ തന്റെ ജീവിതത്തില്‍ വന്നിരിക്കുന്നു, അതുപൊലെ അവരെല്ലാം പോകുകയും ചെയ്തു. ചിലര്‍ യാത്ര പോലും പറയാതെ..! എന്നാലും നാളേ മറ്റൊരാള്‍ ജീവിതത്തിലേക്ക് കടന്നു വരുമ്പോള്‍ എന്തേ ഞാന്‍ ചിന്തിക്കില്ലാത്തത്... മറ്റന്നാള്‍ അവളും പോകുമെന്ന്. സമയത്തിന്റെ തികവില്‍ മാറ്റങ്ങള്‍ അനിവാര്യമാണല്ലോ...!!

ചിലപ്പോള്‍, ഞാന്‍ ചിന്തിക്കുന്നതു പോലെ അവരും - എന്നെ വിട്ടു പോയവര്‍ - ചിന്തിക്കുന്നുണ്ടാവും. അവര്‍ക്ക് താനും നഷ്‌ടപ്പെട്ടവരുടെ കൂട്ടത്തിലാണല്ലോ. പലരേയും ഞാന്‍ ഇന്നു മറന്നിരിക്കുന്നു. അവര്‍ എന്നേയും മറന്നിട്ടുണ്ടാവും. ശരിയാണ്, മാറ്റങ്ങള്‍ അനിവാര്യം മാത്രമല്ല, പ്രകൃതിനിയമവുമാണ്.

എന്തായാലും ഇന്ന് മറ്റൊരാള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വരുകയാണ്. ഇവിടേയും ഞാന്‍ ചിന്തിക്കുന്നില്ല - അവളും പോകുമെന്ന്. ഇന്ന് എനിക്കൊരു ആത്മവിശ്വാസം, അവള്‍ പോകില്ലാ എന്ന്. അവളെന്നെ വിട്ടു പോകാന്‍ ഞാന്‍ അനുവധിക്കില്ലാ എന്ന്. അവള്‍ക്ക് വിട്ടു പോകാന്‍ ആവില്ലാ എന്ന്. മാറ്റങ്ങള്‍ അനിവാര്യമാവാം, പ്രകൃതിനിയമവുമാവാം ഒപ്പം മനുഷ്…