Monday, August 11, 2008

അവനേയും തേടി...!!

കൂട്ടുകാരന്റെ വിവാഹ-പാര്‍ട്ടിയും കഴിഞ്ഞാണ് ഞാന്‍ അവന്റെ റൂമിലേക്ക് പോയത്. അവന്റെ മുറിയിലേക്ക് കടന്നപ്പോള്‍ വല്ലാത്ത ഒരു ഗന്ധം. സിഗരിറ്റിന്റേയും, ഒഴിഞ്ഞ കാലിക്കുപ്പികളില്‍ നിന്നും പിന്നെ വാഷിംഗ് ബേസിനില്‍ കഴുകാതെ കിടക്കുന്ന പാത്രങ്ങളുടെയും എല്ലാം കൂടിക്കലര്‍ന്ന ഒരു വല്ലാത്ത ഗന്ധം. പുസ്തകങ്ങളും സിഗരറ്റ് പായ്കറ്റുകളും അങ്ങിങ്ങായി ചിതറി കിടക്കുന്നു. ഒരു സൈഡില്‍ കിടക്കുന്ന കട്ടിലില്‍ തേപ്പ് പെട്ടി മുതല്‍ മൊബൈല്‍ റീ-ചാര്‍ജര്‍ വരെ വലിച്ചെറിഞ്ഞതു പോലെ കിടക്കുന്നു. മുറി അടിച്ചു വാരി വൃത്തിയാക്കിയിട്ട് ദിവസങ്ങളായി എന്നതില്‍ സംശയമില്ലാ. വെയിസ്റ്റ് ബോക്സ് നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കു കൂടി വീണു കിടക്കുന്ന ചൈനീസ് ഭക്ഷണാവശിഷ്‌ടങ്ങളും അതിന്റെ പായ്ക്കറ്റുകളും. അയയില്‍ അലക്കാന്‍ അട്ടിയിട്ടിരിക്കുന്ന പന്റുകളും ഷര്‍ട്ടുകളും. മഴക്കാലമായതിനാല്‍ പലതിലും കരിമ്പന്‍ പിടിച്ചിരിക്കുന്നു. ആകെ കൂടി ഒരു വല്ലാത്ത അവസ്ഥയില്‍ കിടക്കുന്ന അവന്റെ മുറിയിലേക്ക് കയറിയപ്പോള്‍ ആദ്യമായി എനിക്ക് അസ്വസ്ഥത തോന്നി.

പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ലാ അവന്റെ മുറി. മുറിയിലേക്ക് കയറുമ്പോള്‍ തന്നെ ഒരു സുഖന്ധം അനുഭവപ്പെടാന്‍ പാകത്തിന് അവന്‍ റൂം കാത്തു സൂക്ഷിച്ചിരുന്നു. കൂട്ടുകാര്‍ ആരെങ്കിലും ഒത്തുകിട്ടിയാല്‍ മാത്രം അവന്‍ മദ്യം സ്വീകരിച്ചിരുന്നുള്ളു. സിഗരറ്റ് അവന്‍ ഒരു അപായവസ്തുവായി കണ്ടിരുന്നു. ജീവനെടുക്കാന്‍ പാകത്തിനുള്ള ഒരു അപായവസ്തു. എന്തിനാണ് ആളുകള്‍ സിഗരറ്റ് വലിക്കുന്നത്, അതുകൊണ്ട് എന്തു പ്രയോജനമാണുള്ളത് എന്ന് അവന്‍ പലപ്പോഴും ചോദിച്ചിരുന്നു. എന്തൊക്കെ സംഭവിച്ചാലും താന്‍ സിഗരറ്റ് വലിക്കില്ലാ എന്ന് ഒരു ഉറച്ച വാക്കും അവന്‍ പറയാറുണ്ടായിരുന്നു. നാലു ഡ്രസ്സുകള്‍ ഒന്നിച്ചു കുമിഞ്ഞു കൂടിയാല്‍ അവനു മനസിനൊരു സുഖം കിട്ടില്ലാ. പിന്നെ അത് കഴുകി ഇട്ടില്ലെങ്കില്‍ മനസമാധാനം കിട്ടാത്ത പോലെ ആയിരുന്നു. പിന്നെ അടുക്കളയില്‍ പാത്രങ്ങള്‍. അതൊരിക്കലും പിന്നത്തേക്കവന്‍ മാറ്റി വയ്ക്കാന്‍ അനുവധിച്ചിരുന്നുമില്ല. ഞാനറിയുന്ന അവന്‍ എന്നും രാത്രി കിടക്കും മുന്‍പ് റൂം എല്ലാം അടിച്ചു വാരി വൃത്തിയാക്കി, ഒരു കുളിയും പാസാക്കിയെ കിടന്നുറങ്ങുകയുള്ളായിരുന്നുള്ളു.

എന്താണവനെ മാറ്റിയത്? വ്യക്തമായി ഒന്നും അറിയില്ല. അന്നൊക്കെ അവന്റെ മുറി ആരൊയോ അപ്രത്യക്ഷമായി പോലും പ്രതീക്ഷിച്ചിരിക്കുന്നതു പോലെ തോന്നിക്കുമായിരുന്നു. ഏതോ സ്വപ്നങ്ങളിലെ രാജകുമാരിയെ പ്രതീക്ഷിച്ചിരിക്കുന്ന രാജകൊട്ടാരം പോലെ. സ്വപ്നങ്ങള്‍..., അതായിരുന്നു എന്നുമവന്റെ സമ്പാധ്യം. ആ സ്വപ്നങ്ങളാണ് അവനെ മുന്നോട്ട് വഴി നടത്തിച്ചതും. കൊടുമുടിയോളം സ്വപ്നം കണ്ട അവനെ മാനം മുട്ടെ ഉയര്‍ത്തിയതും അവന്റെ സ്വപ്നങ്ങളായിരുന്നു. അതിനു പ്രചോദനമായത് ആ രാജകുമാരിയും. സ്വപ്നങ്ങളില്‍ നിന്നും യാഥാര്‍ദ്ധ്യമായി മാറിയ അവന്റെ സ്വന്തം രാജകുമാരി. സിരകളിലോടുന്ന രക്തത്തിന് ചുവപ്പ് നിറം നല്‍കുന്നത് പ്രണയമാണെന്ന് വിശ്വസിച്ച പ്രണയം. ജീവിതവിജയത്തിന്റെ കൊടുമുടിയില്‍ ഒരു വിജയപതാക പാറിക്കാന്‍ ഇനി ആ രാജകുമാരിയെ എന്നെന്നേക്കുമായി സ്വന്തമാക്കുക എന്ന ചെറിയതും എന്നാല്‍ കഠിനമായതുമായ ദൂരവും അവന്‍ അനായാസം കടന്ന്, വിജയപതാക പാറിക്കാന്‍ നില്‍ക്കുമ്പോള്‍ വിധിയുടെ പ്രണയം അവരെ അകലേക്ക് അകലേക്ക് അടര്‍ത്തി മാറ്റി...!!

പിന്നെ ജീവിതം അവനെ ഇരുട്ടറയിലേക്ക് തള്ളിയതു പോലെ ആയി. രാജകുമാരിക്കായി ജീവിച്ചവന് ഇനി ആര്‍ക്കു വേണ്ടി ജീവിക്കണമെന്നറിയാതെ മുന്നിലെ ഇരുട്ടിലേക്ക് നോക്കി അമ്പരന്നു. അവിടെയാവണം ആ സിഗരറ്റിന്റെ അരണ്ട വെളിച്ചം ഇത്തിരിയെങ്കിലും ആശ്വാസം തോന്നിപ്പിച്ചത്. മുന്നില്‍ ഉള്ളതൊന്നും കാണാനാവാത്ത അവസ്ഥയില്‍ അവന്‍ ജീവിക്കാന്‍ മറന്നു. ജീവിക്കേണ്ടതെങ്ങനെ എന്ന് മറന്നു. മദ്യത്തിന്റെ ലഹരി അവനെ, നൂലില്‍ കെട്ടി ആടുന്ന പാവ കണക്കെ ആടിച്ചു. അത് അവനെ എല്ലാം മറന്നുറങ്ങാന്‍ സഹായിച്ചിരിക്കണം. അവനെ ഇനി തിരിച്ചു പഴയ മനുഷ്യനാക്കാന്‍ ആര്‍ക്കു കഴിയും? അറിയില്ലാ.

“എന്തൊക്കെ സംഭവിച്ചാലും, ഒരിക്കലും സിഗരറ്റ് വലിക്കില്ലാ“ എന്ന് പറഞ്ഞിരുന്നതിനോടൊപ്പം “എന്തൊക്കെ സംഭവിച്ചാലും ആത്മഹത്യ എന്ന സ്വയം മരണത്തിനു വിട്ടുകൊടുക്കുന്ന പ്രവണതക്കും ഞാനില്ല...!” എന്നും അവന്‍ പറയാറുണ്ടായിരുന്നു എന്നത് എന്നില്‍ ഭയം തോന്നിപ്പിച്ചു. അല്ലാ... അവനെവിടെ? ഞാന്‍ അവനെ ഉറക്കെ വിളിച്ചു... അവന്‍ വിളി കേട്ടില്ലാ. ആദ്യത്തെ മുറിയില്‍ നിന്നും അടുക്കളയിലും പോയി നോക്കി ഇല്ലാ അവനവിടെയും ഇല്ലാ. ഞാനവനെ പല തവണ ഉറക്കെ വിളിച്ചു നോക്കി. ഇല്ലാ.. അവന്‍ വിളി കേള്‍ക്കുന്നില്ല.

അവസാനം ഞാനവനെ കണ്ടു....! ചാരി കിടക്കുന്ന ബാത്‌റൂമിന്റെ വാതില്‍ ഞാന്‍ തള്ളി തുറന്നു നോക്കി. ഒരുപാട് മാറി പോയ മുഖവുമായി, എന്നെ തന്നെ തുറിച്ചു നോക്കുന്ന അവന്‍. അവിടെ തൂക്കിയിട്ടിരുന്ന കണ്ണാടിയില്‍ കണ്ടു ഞാന്‍ അവനെ....!!!!

Wednesday, March 5, 2008

ഞാന്‍ നരകത്തിലേക്ക്.....!!!

ബൈബിളിലെ പുതിയ നിയമത്തില്‍ പറയുന്നതനസരിച്ച് ആ ദിനം വന്നെത്തി. നരകത്തിലേക്കുള്ളവരെ ദൈവം തന്റെ ഇടത് വശത്തും സ്വര്‍ഗ്ഗത്തിലേക്കുള്ളവരെ വലതു വശത്തും മാറ്റിനിറുത്തുന്ന ദിനം. ഓരോരുത്തരെയായി ദൈവം പേരു ചൊല്ലി വിളിക്കുന്നു. ചിലരെ ഇടത് വശത്തേക്ക്. ചിലരെ വലത് വശത്തേക്ക്. ഇടത് വശത്തേക്കുള്ളവരെ നോക്കി പിശാച് സന്തോഷത്തോടെ ഇളിച്ചു കാണിക്കുന്നു. വലത് വശത്തേക്ക് പോകുന്നവര്‍ ചുരുക്കമേ ഉള്ളുവെന്നത് ഒരു സത്യമാണെങ്കിലും അവര്‍ക്കായി മാലാഖമാര്‍ ആനന്ദഗാനങ്ങള്‍ ആലപിക്കുന്നു.

ഓരോരുത്തരെ വീതം പേരു ചൊല്ലി വിളിക്കുന്നതിനനുസരിച്ച് എന്റെ ഊഴം അടുക്കുന്നത് ഞാനറിഞ്ഞു. ഉള്ളില്‍ ഒരു വിറയല്‍. എന്നെ എങ്ങോട്ടാ‍യിരിക്കും പറഞ്ഞ് വിടുക? ഞാന്‍ പാപിയാണെന്ന് ഞാന്‍ സമ്മതിക്കാം. എന്നാലും ഞാന്‍ ചെയ്തിട്ടുള്ള ഏതെങ്കിലുമൊക്കെ നന്മയുടെ പേരില്‍ എന്നെ വലതു വശത്തേക്ക് മാറ്റി നിറുത്തുമെന്ന വിശ്വാസത്തോടെ എന്റെ ഊഴത്തിനായി കാത്തു നിന്നു.

അങ്ങനെ എന്റെ പേര് വിളിച്ചു. "വാഴയില്‍ കുടുംബത്തില്‍ ഇട്ടിയവിരാ ജോര്‍ജ്ജിന്റെയും മേരി ജോര്‍ജ്ജിന്റേയും ഇളയ പുത്രന്‍ ജോസ്മോന്‍..... ഇടത് വശത്തേക്ക് പോകുക....!!!" ആ ശബ്ദം കേട്ട് ഞാന്‍ നടുങ്ങി. ശരീരം വിറച്ചു. എന്തു കൊണ്ടങ്ങനെ? ഞാനതിനു മാത്രം എന്തു തെറ്റാണ് ചെയ്തത്? ഒന്നും മനസിലാവുന്നില്ല.

ദൈവത്തിന്റെ സിംഹാസനത്തിന്റെ ഇടത് വശത്തേക്ക് ഞാന്‍ നടക്കുന്നതിനിടയില്‍ ഞാന്‍ തല ഉയര്‍ത്തി, വിറയലോടെ ദൈവത്തോട് ചോദിച്ചു. "ദൈവമേ, നീ എന്തു കൊണ്ട് എന്നെ ഇടത് വശത്തേക്ക് പറഞ്ഞു വിടുന്നു? ഞാന്‍ പാപിയാണെന്ന് ഞാന്‍ സമ്മതിക്കുന്നു. എങ്കിലും ഞാന്‍ ചെയ്തിട്ടുള്ള ഒരു നന്മയെ ഓര്‍ത്തെങ്കിലും എന്നെ അങ്ങയുടെ വലത് വശത്തേക്ക് പറഞ്ഞയച്ചൂടെ....??"

ചെറുപുഞ്ചിരിയോടെ ദൈവം എന്നെ നോക്കി....., ദൈവം പറഞ്ഞു... "മകനേ, നീ പാപിയാണെന്നതു കൊണ്ടല്ല നിന്നെ ഞാന്‍ ഇടത് വശത്തേ നിത്യാഗ്നിയായ നരകത്തിലേക്ക് പറഞ്ഞു വിടുന്നത്.... പകരം ഇതിനോടകം അവിടെ എത്തിപ്പെട്ടു പോയവരെ നീ നല്ലവരാക്കി... നരകം എന്ന പിശാ‍ചിന്റെ സാമ്രാജ്യം ഇല്ലാതാക്കുന്നതിനു വേണ്ടിയാണ്....!!!"

സന്തോഷാശ്രുക്കളോടെ ഞാന്‍ ഇടതു വശത്തെ നരക കവാടം ലക്ഷ്യമാക്കി നടന്നു....!! അപ്പോള്‍ പിശാച് ദൈവത്തോട് ദേഷ്യത്തോടെ വിളിച്ചു പറയുന്നുണ്ടായിരുന്നു.... "വേണ്ടാ ഇവനെ എന്റെ സാമ്രാജ്യത്തിനു വേണ്ടാ" എന്ന്....!!!


ഒരു ചെറിയ കടപ്പാട്: എന്റെ സുഹൃത്ത് ബിജോ തുരുത്തികോട് അയച്ച ഒരു എസ്.എം.എസ്. ആണ് ഈ കഥക്കു പിന്നിലെ ത്രെഡ്.

Sunday, February 17, 2008

നാലു പെണ്ണുങ്ങള്‍

അമ്മയും ഭാര്യയും രണ്ടു ചേച്ചിമാരും.

Tuesday, January 8, 2008

അരാണവള്‍...?

അവള്‍ എന്നെ ജീവനുതുല്യം സ്നേഹിക്കുന്നത് കൊണ്ടാണ്, അവള്‍ കരയുമ്പോള്‍ ഞാനും അറിയാതെ കരഞ്ഞു പോകുന്നത്. മാത്രമല്ല ഞാന്‍ കരഞ്ഞാല്‍ അവളുമുണ്ടാവും എന്നോടൊപ്പം കരയാന്‍. ഞാന്‍ ചിരിച്ചാല്‍ അവളുമുണ്ട് എന്നോടൊപ്പം ചിരിക്കാന്‍. സ്നേഹത്തിന്റെ പര്യായമാണവള്‍, എന്റെ സഹയാത്രിയാണവള്‍, എന്റെ കൂട്ടുകാരിയാണവള്‍, എന്റെ എല്ലാമാണവള്‍.

ഞങ്ങളുടെ സ്നേഹത്തില്‍ ലോകം അസൂയപ്പെടുന്നുണ്ടെന്നു തോന്നുന്നു. ചിലപ്പോ‍ള്‍ ദൈവം പോലും എന്ന് തോന്നിപോകുന്നു... അതിനാലല്ലേ പലപ്പോഴും ഞങ്ങളെ രണ്ടു ദിശകളിലാക്കി വേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. പള്ളിയങ്കണത്തില്‍, സക്രാരിമുന്നില്‍ അവള്‍ മുട്ടുകുത്തി നില്‍ക്കുന്നത് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനാണ്. ഇന്ന് ഞാന്‍ വലിയവനാകുന്നതിനുള്ള കഠിനപ്രയത്നത്തിലാണ്. കാരണം നാളെ എന്ന നല്ല നാളില്‍ അവള്‍ക്ക് എല്ലാ സന്തോഷങ്ങളും നല്‍കാന്‍ എനിക്കു കഴിയണം എന്ന് ഞാനാഗ്രഹിക്കുന്നു. നാളെ ലോകത്തിന്റെ ചലനത്തില്‍ ഞാന്‍ അവളില്‍ നിന്നും ഏഴ് സാഗരങ്ങള്‍ക്കപ്പുറമായാലും അവള്‍ക്കെന്നെയോ, എനിക്കവളെയോ മറക്കാനാവില്ല.

അല്ല... എന്തുക്കൊണ്ടാണിങ്ങനെ...? ഉത്തരത്തിനായി എനിക്ക് അധികം ചിന്തിക്കേണ്ടതില്ല. പത്ത് മാസം വയറ്റില്‍ ചുമന്ന് എന്നെ ജനിപ്പിച്ച എന്റെ അമ്മയാണവള്‍. എന്റെ എല്ലാമെല്ലാമായ അമ്മ.