Friday, December 21, 2007

പെണ്ണുകാണല്‍

വീട്ടുകാര്‍ തന്റെ കല്യാണം നടത്താനുള്ള തയാറെടുപ്പിലാണെന്നറിഞ്ഞതു മുതല്‍, അവള്‍ക്ക് നാണവും അതിലേറെ ചമ്മലും തോന്നി. അതേ, താന്‍ വിവാഹിതയാവുകയാണ്. അവള്‍ പകല്‍ സ്വപ്നങ്ങള്‍ക്കിരയായി തുടങ്ങി. തനിക്കു ലഭിക്കാന്‍ പോകുന്ന ഭര്‍ത്താവിനെ കുറിച്ച്, തനിക്കു ജനിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ച്, തന്റെ സ്വന്തമാകുന്ന കുടുംബത്തെക്കുറിച്ച്, കുടുംബജീവിതത്തിലെ തമശകളെ കുറിച്ച്, ഭര്‍ത്താവിന്റെ ഇക്കിളിപ്പെടുത്തലുകളെക്കുറിച്ച്... ആ ചിന്തയില്‍നിന്നാവണം, അവളുടെ ശരീരത്തിലെവിടെയൊക്കയോ ഒരു കോരിത്തരിപ്പുണ്ടായി.

എന്നാല്‍, അവള്‍ക്ക് പേടിയും തോന്നി. അയാളുടെ സ്വഭാവം എന്തായിരിക്കും..? അയാള്‍ കള്ള് കുടിക്കുമോ.., പുക വലിക്കുമോ..., തന്നെ ഉപദ്രവിച്ചേക്കുമോ..., അങ്ങനെ പലതും ചിന്തിച്ച് അവള്‍ നിര്‍വികാരമായി നെടുവീര്‍പ്പെട്ടു. എന്തായാലും നാളെ അയാള്‍ വരും, അവളെ “പെണ്ണു കാണാന്‍”.

വീടിന്റെ പൂമുഖത്ത് ‘അദ്ദേഹം’ വന്നിരിപ്പുണ്ട്. അവള്‍ അറിഞ്ഞു. അവളില്‍ ഒരു വിറയല്‍ പടര്‍ന്ന് കയറി. പിന്നീട് നടന്നതെല്ലം ഒരു നാടകം പോലെ തോന്നി അവള്‍ക്ക് - ചാ‍യ കൊണ്ടുപോയി കൊടുക്കല്‍, പേര് എന്ത്.., പഠിപ്പ് എന്ത്ര.., ഇതിനൊക്കെ ഉത്തരം പറയുക... ഹോ.... ഇതൊക്കെ വല്ലാത്ത കഷ്‌ടം തന്നെ....! ഇതിനെല്ലാം പുറമെയാണ്, തന്നെ വില്പന ചരക്കാക്കിയുള്ള വില പേശല്‍... ഹോ... അത് അസഹനീയമായി തോന്നി...!! അതായിരുന്നു അവളുടെ പെണ്ണുകാണലിന്റെ ആദ്യാനുഭവം.

ഇപ്പോള്‍.... ഇതിനോടകം 30-ഓളം ചെക്കന്മാര്‍ അവളെ കണ്ടു മടങ്ങി. ഇന്നവള്‍ സ്വപ്നങ്ങള്‍ക്കിരയാവാറില്ലാ. പേടി തോന്നാറുമില്ല. ഇന്നവള്‍ മുകളിലിരിക്കുന്നവന്‍ എഴുതിയ നാടകത്തില്‍ നായികയായി അഭിനയിച്ചു തീര്‍ക്കുകയാണ് - അനുഭവിച്ചു തീര്‍ക്കുകയാണ്....! നായകനാരെന്നറിയാതെ...!!!

Friday, November 16, 2007

“ആത്മശാന്തിക്കായ്...”

അയാള്‍ മരിച്ചിട്ട് ഇന്ന് വര്‍ഷം ഒന്ന് തികയുന്നു. എന്നിട്ടും അയാളുടെ ആത്മാവ് ശാന്തി കിട്ടാതെ അലഞ്ഞ് നടക്കുകയാണ്. അയാളുടെ മരണാനന്തര ക്രിയകള്‍ ഒന്നും നടന്നിട്ടില്ലാ. അല്ലെങ്കില്‍ തന്നെ സ്വന്തമെന്ന് പറയാന്‍ ആരുമില്ലാത്ത അയാളുടെ മരണാനന്തരക്രിയകള്‍ ആര് ചെയ്യാന്‍.

ഒഴിഞ്ഞ ശവക്കോട്ടപ്പറമ്പിലെ, സ്വന്തം ശവകുടീരത്തിനു മുകളില്‍ ഇരുന്നയാ‍ള്‍ ഓര്‍ത്തു... “തനിക്കാരെങ്കിലും സ്വന്തമായുണ്ടായിരുന്നെങ്കില്‍... അവര്‍ തന്‍റെ മരണാനന്തരക്രിയകള്‍ നടത്തിയിരുന്നെങ്കില്‍... തനിക്ക് ഈ ഭൂമിയില്‍ ഇങ്ങനെ ഗതികിട്ടാതലഞ്ഞു നടക്കേണ്ടി വരില്ലായിരുന്നു...” അയാള്‍ക്ക് അരിശം തോന്നി. ശരിക്കും ഇത് മഹാ വൃത്തികെട്ട രീതി തന്നെ.. മരണാനന്തര ക്രിയകള്‍ നടത്തിയാല്‍ മാത്രമേ ശാന്തി കിട്ടുവത്രെ. അപ്പോള്‍ തന്നെ പോലെ ആരുമില്ലാത്തവര്‍ ആരും അങ്ങേ ലോകത്തെത്തിയിട്ടുണ്ടാവില്ലേ..?

“എന്താടോ ഇങ്ങനെ ഇരുന്ന് ചിന്തിക്കുന്നത്..?” മൂന്ന് വര്‍ഷം മുന്‍പ് ക്യാന്‍സര്‍ പിടിപെട്ട് മരിച്ച കാരണവര്‍ സ്വന്തം മണ്‍കൂനക്ക് മുകളിലിരുന്ന് വിളിച്ച് ചോദിച്ചപ്പോഴാണ് അയാള്‍ ചിന്തയില്‍ നിന്ന് ഉണര്‍ന്നത്. അയാള്‍ തന്‍റെ സംശയം കാരണവരോട് തിരക്കി. കാരണവര്‍ പറഞ്ഞു, “ക്രിയകളിലൊക്കെ അന്തിരിക്കുന്നെടോ... എനിക്കായി എന്‍റെ മക്കള്‍ എത്ര ക്രിയകള്‍ നടത്തി. എന്നിട്ടും എനിക്കിതു വരെ ശാന്തി കിട്ടിയില്ലാ... എന്താ കാരണം...? ജീവിച്ചിരുന്ന കാലത്ത് ഞാന്‍ മോക്ഷം ലഭിക്കാനുതകുന്ന പ്രവര്‍ത്തികളല്ല ചെയ്തിട്ടുള്ളത്...”

ഹര്‍ത്താലിനിടയില്‍ ബോംബെറിഞ്ഞു നൂറ് കണക്കിനാളെ കൊല്ലുന്നതിനിടയില്‍ അബദ്ധത്തില്‍ കൊല്ലപ്പെട്ട എനിക്കപ്പോള്‍ ഇനിയും സംവത്സരങ്ങള്‍ കാത്തിരിക്കേണ്ടി വരും ശാന്തി ലഭിക്കാന്‍...!! അയാള്‍ നെടുവീര്‍പ്പെട്ടു....!!!

Wednesday, November 14, 2007

കിളിക്കൂട്ടില്‍ കലപില കലപില

“മലയാളം ഒരു സാന്ത്വനം” കമ്യൂണിറ്റിയുടെ മുംബയ് മീറ്റ് ഇക്കഴിഞ്ഞ നവംബര്‍ - 9ആം തിയതി ലതചേച്ചിയുടെ വീട്ടില്‍ കൂടിയതിന്റെ പശ്ചാത്തലത്തില്‍ എഴുതി തുടങ്ങിയ നുണകഥയുടെ ആദ്യഭാഗം. പങ്കെടുത്തവര്‍: അമ്മക്കിളി (ലതചേച്ചി), ഉണ്ണിക്കിളി (ഉണ്ണിയേട്ടന്‍), സച്ചി-സച്ചിന്‍, സുര്‍-ജ് (സൂരജ്), പൂച്ച (വില്‍‌സണ്‍), പൂച്ചി (ബെന്‍സി), ലോലന്‍ (വിജില്‍), ലോലി (സിന്ധു), അശു (അശ്വതി), രഞ്ജി (രഞ്ജിത്), പിന്നെ ഞാന്‍ (വാഴ).കലാസ്നേഹികളെ,

കഥ ആരംഭിക്കും മുന്‍പ് ഈ കഥയിലെ കഥയും കഥാപാത്രങ്ങളേയും കുറിച്ച് ചിലത് പറഞ്ഞോട്ടെ....! കഥ - അത് ഞാന്‍ തല്ലിക്കൂട്ടിയതാണെങ്കിലും സത്യത്തോട് സാമിപ്യം പുലര്‍ത്തുന്നു എന്ന് തോന്നുന്നുവെങ്കില്‍ അത് മനപൂര്‍വമായിരിക്കുമെന്ന് കരുതി വിട്ടുകളയുക...!! കഥാ-പാത്രങ്ങള്‍ - ഹാ...!! കഥയെക്കുറിച്ച് ഞാന്‍ പറഞ്ഞല്ലോ...! പിന്നെ പാത്രങ്ങള്‍..., അത് കഥ നടക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥന്റെയോ, അല്ലെങ്കില്‍ അടുത്ത വീട്ടില്‍ നിന്നും വാടകക്ക് എടുത്തതോ, അതുമല്ലെങ്കില്‍ എവിടെ നിന്നെങ്കിലും അടിച്ചു മാറ്റിയതോ ആവാം...! അതിനെ കുറിച്ച് ആരും ആകുലപ്പെടേണ്ടതില്ലാ...!! എന്നാലിനി കഥ തുടങ്ങാം....!!!

“കിളിക്കൂട്ടില്‍ കലപില കലപില”

“ഹോ... അതിരാവിലെ മൂന്നരക്ക് എഴുന്നേറ്റ് തുടങ്ങിയ പണിയാ... ഇതു വരെ ഒരിടത്തും എത്തിയിട്ടില്ല...!!” ഉണ്ണിക്കിളി മനസില്‍ സ്വയം പ്‌രാകി. എപ്പോഴും ഇങ്ങനെ ചിലച്ചോണ്ടിരിക്കുന്ന പെണ്‍കിളിയുടെ ചിലക്കലിന് ഇത്തിരി അറുതി കിട്ടാനും... അതു വഴി ഇത്തിരി സമാധാനം കിട്ടാനും വേണ്ടിയാണ് ഇല്ലാത്ത കാശും കളഞ്ഞ് വീട്ടില്‍ ഇന്റര്‍-നെറ്റ് എടുത്തത്. എന്നിട്ടിതിപ്പോള്‍ അതിലും വലിയ പാരയായി. ഇന്റര്‍നെറ്റില്‍ ആരെയെങ്കിലും ഒക്കെ കത്തിവച്ച് കൊന്നോട്ടെ...! അങ്ങനെ മക്കളുടെ അമ്മകിളിയുടെ ചിലക്കല്‍-അസുഖം ഒരു പരുധി വരെ കുറയുമെന്നുമായിരുന്നു കരുതിയത്...!! എന്നിട്ടിപ്പോള്‍ സംഭവിച്ചതോ...!!!?? ആരോടൊക്കെയോ കത്തി വച്ച് കത്തി വച്ച്...., അവസാനം അവരെല്ലാം കൂടി ഇങ്ങോട്ടേക്ക് എഴുന്നെള്ളുന്നു എന്ന അവസ്ഥ വന്നു. ആ അവസ്ഥയില്‍ കഷ്‌ടപ്പാട് മുഴുവന്‍ എനിക്കാണല്ലോ...!!! എന്നും ആറ് മണിക്ക് എഴുന്നേറ്റ് മക്കളുടെ അമ്മകിളിക്ക് ചായ ഉണ്ടാക്കി വച്ചിട്ട്.. അമ്മക്കിളിയെ വിളിച്ചെഴുന്നേല്‍പ്പിക്കണം, പിന്നെ രാവിലെ കഴിക്കാനായി എന്തെങ്കിലും ഉണ്ടാക്കണം, അതും കഴിഞ്ഞ് ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും റെഡിയാക്കിയിട്ടു വേണം ഓഫീസിലേക്ക് പോകാന്‍...!! അത് അത്ര വലിയ കാര്യമല്ലാ ഇന്ന് തനിക്ക്..., അത് ഒരു ശീലമായി പോയില്ലേ...!! എന്നാലിന്നിപ്പോളോ...!!!??? ചിന്തക്ക് തീ പിടിപ്പിച്ച്, ആളിക്കത്തുന്നതിനിടയില്‍... കാളനുള്ള സാധനസാമഗ്രികള്‍ അരിയുകയാണ് ഉണ്ണിക്കിളി. അതിനിടയില്‍ മക്കളുടെ അമ്മക്കിളി കൂറക്കം വലിച്ച് കിടന്ന് ഉറങ്ങുന്ന തന്റെ മണിയറയിലേക്ക് ഉണ്ണിക്കിളി ഒന്ന് എത്തി നോക്കി. “ഇല്ലാ... എഴുന്നേറ്റിട്ടില്ലാ...!! എഴുന്നേല്‍ക്കുന്നതിനു മുന്‍പ് ചായ റെഡിയാക്കണം..!!” പെട്ടന്നാണ് അത് സംഭവിച്ചത്... അതാ അമ്മക്കിളി ഉണരാന്‍ തുടങ്ങുന്നു...!!! ഉണ്ണിക്കിളിയുടെ മനസില്‍ പെരുമ്പറ മുഴങ്ങി...!! ചാ‍യ റെഡിയാവും മുന്‍പ് അമ്മക്കിളി എഴുന്നേറ്റാല്‍ ഇന്നത്തേ ദിവസം ആന കയറിയ കരിമ്പിന്‍കാട് പോലെയാവും എന്നത് നൂറ് ശതമാനം ഉറപ്പ്. അതുണ്ടാവാതിരിക്കേണ്ടത് തന്റെ ആവശ്യമായതിനാല്‍, കാളനായി മുറിച്ചു കൊണ്ടിരുന്ന മത്തങ്ങ നിലത്തേക്ക് വലിച്ചെറിഞ്ഞ് ഉണ്ണിക്കിളി പള്ളിയറയിലേക്ക് ഓടി.

ഉണരാന്‍ ഒരുങ്ങിയ അമ്മക്കിളിയുടെ തോളത്ത് തട്ടികൊണ്ട്, ഉണ്ണിക്കിളി താരാട്ട് പാടി.... “ഉണ്ണീ വാ.. വാവോ... മണ്ണുണ്ണീ വാ.. വാവോ... !!!” വേളി കഴിഞ്ഞ് അദ്യകാലങ്ങളില്‍ ഈ പാട്ടെല്ലാം അമ്മക്കിളി തനിക്കായി പാടിയിരുന്നതാണല്ലോ എന്ന് നെടുവീര്‍പ്പോടേ ഉണ്ണിക്കിളി ഓര്‍ത്തു. അങ്ങനെ അമ്മക്കിളി പാടിയിരുന്ന മറ്റൊരു ഗാനമായിരുന്നു... “ഉണ്ണികളെ ഒരു കഥ പറയാം...” എന്ന് തൂടങ്ങുന്നത്. എന്നാല്‍ പിന്നെ പിന്നെയാണ് താന്‍ അതിലെ “ഉണ്ണികളേ...” എന്ന ബഹുവചനം ശ്രദ്ധിച്ചതും ആ പാട്ട് വേണ്ടാ എന്ന് പറഞ്ഞതും...!! ങ്ഹാ.. അതൊക്കെ ഒരു കാലം...!!! ഉണ്ണിക്കിളിയുടെ ആ താരാട്ടുപാട്ടിന്റെ മധുരിമയില്‍ മക്കളുടെ അമ്മക്കിളി, ഉണ്ണിക്കിളി പാടിയ താരാട്ട് പാട്ടിന് ചേര്‍ന്ന്, ഈണത്തില്‍ കൂറക്കം വലിച്ച് ഉറക്കത്തിന്റെ പടുകുഴിയിലേക്ക് തെന്നി മറിഞ്ഞ് വീണു. ഉണ്ണിക്കിളി വീണ്ടും അടുക്കളയെ ലക്ഷ്യമാക്കി നീങ്ങി...!!!

ക്ലോക്കില്‍ ഒന്‍പതോ പത്തോ തവണ ബെല്ലടിച്ചു...!! അമ്മക്കിളി കിടക്കപ്പായയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന്, ഒന്നു കൂടി ഉറക്കത്തിന്റെ ഇറക്കത്തിലേക്ക് തലകുത്തി വീഴാന്‍ ഒരു വിഫലശ്രമം നടത്തുകയാണ്..! നോ രക്ഷ..!! ഇനി എഴുന്നേല്‍ക്കുകയല്ലാതെ വേറെ രക്ഷയില്ലാ...!!! “ഉണ്ണിയേ-‘ഠോ‘...!! ചായ് തന്നോളൂ-‘ഠോ’...!!! ഞാന്‍ എഴുന്നേറ്റൂ-‘ഠോ’....!!” അമ്മക്കിളി കാക്കയുടെ സ്വരത്തില്‍ അടുക്കളയെ ഉന്നം വച്ച് പറഞ്ഞു. അതാ ഉണ്ണിക്കിളി ചായയുമായി വരുന്നു..! “ഉണ്ണിയേ-‘ഠോ‘...!! ആ ചായ അങ്ങട് വച്ചോളൂ-‘ഠോ‘...!! ഇന്ന് അവരെല്ലാം കൂടി തിന്നുമുടിക്കാനായിട്ട് എഴുന്നെള്ളാമെന്ന് പറഞ്ഞിട്ടുള്ളതല്ലെ... ഒന്ന് പല്ല് തേച്ചേക്കാ...!! എന്നിട്ട് ഞാന്‍ ചായ കുടിച്ചോളാ-‘ഠോ‘...!! ഉണ്ണിക്കിളി കട്ടിലിനരുകിലെ മേശയില്‍ ചായയും വച്ച് തിരിഞ്ഞു നടന്നു കൊണ്ട് മനസില്‍ ഇങ്ങനെ പറഞ്ഞു... “ഈ ‘സിംഗിള്‍-ബ്രിഡ്‌ജ്’-ല്‍ (ഒറ്റപ്പാലം) നിന്നും പെണ്ണു കെട്ടിയാലുള്ള കുഴപ്പം ഇതാ - എന്തു പറഞ്ഞാലും അവസാനം ഒരു പടക്കം കാണു! -‘ഠോ‘...!!“ ഈ പടക്കം കേട്ട് കേട്ട് എന്റെ ചെവിയുടെ മെയിന്‍ ഡ്രംസില്‍ തൂള വീണു തുടങ്ങി. എന്തെങ്കിലും പറയാന്‍ പറ്റുമോ...? പറഞ്ഞാല്‍ പിന്നെ ഉള്ള സൈഡ് ഡ്രംസ് അവള്‍ കുത്തിപ്പൊട്ടിക്കാനും സാധ്യത ഉണ്ട്...!!!

അമ്മക്കിളി വാഷിംഗ് ബേയ്സനെ ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍... ഇടക്കുള്ള റുമിലൂടെ കടന്ന് അവിടെ ഇരുന്ന കമ്പ്യൂട്ടറിന്റെ മെയിന്‍ സ്വച്ചില്‍ ഒന്ന് അമര്‍ത്തിയിട്ടു നടന്നു. ഇപ്പോള്‍ ഒന്ന് ഓണാക്കിയാലേ വൈകുന്നേരം ചായ കുടിക്കുന്ന സമയമാകുമ്പൊളേക്കും എങ്കിലും എല്ലാവരോടും ഒന്ന് ഗുഡ്-മോര്‍ണിംഗ് പറയാന്‍ കഴിയൂ. അത്രക്കാണേ കമ്പ്യൂട്ടറിന്റെ സ്പീഡ്. ഒരു “സുപ്രന്‍“ അടിക്കാന്‍ ഓരോ അക്ഷരത്തിനും ഓരോ മണിക്കൂര്‍ വീതം എന്ന കണക്കില്‍ കുറഞ്ഞത് മൂന്ന് മണിക്കുര്‍ എങ്കിലും വേണം...! എന്നാല്‍ പോലും സമയാസമയങ്ങളില്‍ വന്ന് എല്ലാ പാ‍രകളിലും തന്റെ കൈപുണ്യം കാട്ടുന്ന ആ മഹാമനസ്കതക്ക് മുന്നില്‍ കമിഴ്ന്ന് കിടന്ന് വണങ്ങിയാലും കുറഞ്ഞ് പോകില്ലാ...!! വാഷിംഗ് ബേയ്സനരുകില്‍ ഇരുന്ന ബ്രേഷും പേസ്റ്റും എടുത്ത് അമ്മക്കിളി തന്റെ കര്‍തവ്യത്തിലേക്ക് കടന്നു. ഇടക്കിടെ മാത്രമേ ഈ കര്‍തവ്യം താന്‍ ചെയ്യുന്നുള്ളു എന്നതു കൊണ്ട് തന്നെ 37 കൊല്ലം പഴക്കമുള്ള ബ്രെഷ് ഇപ്പോഴും പുത്തനായി തോന്നുന്നു. വെളുത്ത് നരച്ച പല്ലില്‍ തന്റെ കരവിരുത് കാട്ടുന്നതിനിടയില്‍ അമ്മക്കിളി തന്റെ മക്കളെ അടുത്ത പരിസരത്ത് ഒന്ന് തിരഞ്ഞു.

മൂത്തവന്‍ - സച്ചി, അതാ കണ്ണാടിക്കു മുന്നില്‍ തന്റെ നീണ്ട തലമുടിയുടെ നീളം അളക്കുന്നു. ഇന്നലെ രാത്രിയില്‍ അളന്നപ്പോള്‍ ഉണ്ടായിരുന്നതില്‍ നിന്നും എത്ര കൂടി നീളം കൂടി എന്നതാണ് സച്ചി അറിയാന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ സച്ചിയുടെ മുഖം കാണണമെങ്കില്‍ ആദ്യം മുടി പിടിച്ച് മാറ്റി, ഒരു സൈഡിലാക്കി കമ്പി ഇട്ട് വലിച്ച് കെട്ടണം...! അങ്ങനെ മുടി മാറ്റി മുഖം കാണാന്‍ ആഗ്രഹിക്കുന്നവരോട് ഒരു വാക്ക്. ആ മുടിക്കുള്ളില്‍, ആ മുഖത്ത് , മുപ്പത്തി രണ്ട് പല്ലും കാണാന്‍ കഴിയും വിധം തുറന്ന് പിടിച്ചിരിക്കുന്ന - (ചിരിക്കുകയാണ് താന്‍ എന്നാണ് കക്ഷിയുടെ വാദം) - ഒരു “വാ” കാണാം...! ആരും ഞെട്ടരുത്...!!!

ഇളയവന്‍ സുര്‍-ജ് (സുര്‍ എന്ന് പറഞ്ഞാല്‍ താളം). കക്ഷി അതാ കുളിമുറിയിലിരിക്കുന്ന വലിയ ഡ്രമ്മില്‍ കയറി, കഴുത്തൊപ്പം വെള്ളത്തില്‍ മുക്കി, “മുങ്ങലാസനം“ നടത്തുന്നു. കക്ഷി കര്‍ണാടക് സംഗീതം പടിക്കുന്നതിന്റെ ഭാഗമാണീ പരിപാടി. കഴുത്തൊപ്പം വെള്ളത്തില്‍ കിടന്ന് കര്‍ണാടകയിലെ സംസാരഭാഷയായ കന്നഡയില്‍ “അ, ആ, ഇ, ഈ മുതല്‍ ശ, ഷ, സ, ഹ, റ, വരെ താളത്തില്‍ വായിച്ച് പഠിക്കുകയാണ് ഈ മുങ്ങലാസനം വഴി ചെയ്യുന്നത്.

അമ്മക്കിളി സ്വയം തന്റെ പല്ലില്‍ കാട്ടിയ കരവിരുതുകള്‍ നന്നായോ എന്ന് കണ്ണാടിയില്‍ നോക്കി ഉറപ്പ് വരുത്തിയതിനു ശേഷം പോയി ചായ മോന്തി കുടിച്ചു. ഇനി അടുക്കളയില്‍ എന്തൊക്കെ ആയീ എന്ന് നോക്കണം. എല്ലാം താന്‍ തനിയെ ഉണ്ടാക്കിയതാന്ന് പറയേണ്ടതാ...! അപ്പോള്‍ പിന്നെ ഉണ്ണിയേ‘ഠ’നോട് ചോദിച്ച് പേരെങ്കിലും പഠിച്ച് വച്ചില്ലെങ്കില്‍ പാരയാവും.

അടുക്കളയില്‍ ഉണ്ണിക്കിളി ഇതിനോടകം എല്ലാ കറിക്കുട്ടുകളും മറ്റും ശരിയാക്കിയിരുന്നു. അമ്മക്കിളി അടുക്കളയില്‍ കടന്ന പാടെ ആകെ രംഗം ഒന്ന് വീക്ഷിച്ചു....!! അപ്പോളാണ് കണ്ടത്.. ഒരു വലിയ പൈനാപ്പിള്‍ വെയ്സ്റ്റ് ബോക്സില്‍ കളഞ്ഞിരിക്കുന്നു...!!! “ഉണ്ണിയേ-‘ഠോ’...!!! എന്തായിത്...?! ഇങ്ങനെ നശിപ്പിക്കല്ലേ-‘ഠോ’..!!” ഉണ്ണികിളി കാര്യം ഇങ്ങനെ അവതരിപ്പിച്ചു... “അതിന് കിളിയേ, ആ പൈനാപ്പിള്‍ ചീത്തയായതാ...!! അത് മേടിച്ചിട്ട് മൂന്ന് ആഴ്ച്ചയോളമായാരുന്നു...!! ആകെ ചീത്തയായതിനാലാന്നേ ഞാന്‍ അത് കളഞ്ഞത്...!!” അത് കേട്ട് മനസിലാക്കാന്‍ അമ്മകിളി സന്മനസ് കണിച്ചില്ലാ..!! “അതേയ്..., ഉണ്ണിയേ-‘ഠോ’..., ഇത് കൊണ്ട് ഒരു കാര്യം ചെയ്യ്-‘ഠോ’.. എന്തെങ്കിലും ഒക്കെ ഈ പൈനാപ്പിളിന്റെ കൂടെ അരിഞ്ഞിട്ട് ഒരു കറിയുണ്ടാക്ക്.-‘ഠോ’..!! അതേയ്..., ഇന്ന് വരുന്നവരേ..., ഉണ്ണാനല്ല-‘ഠോ’ വരുന്നേ... നശിപ്പിക്കാനാ-‘ഠോ’ അവര് വരുന്നേ...!!! അവര്‍ക്കപ്പോള്‍ ഇതൊക്കെ മതീ-‘ഠോ’...!! ഉണ്ണിയേ‘ഠ‘നിതുകൊണ്ട് എന്തെങ്കിലും ഒരു കറി ഉണ്ടാക്ക്-‘ഠോ’... എന്നിട്ട്..., എന്ത് പോലെ ആവുന്നോ.. ആ രീതിയില്‍ നമുക്ക് പേരിടാ-‘ഠോ’...!!!” ഉണ്ണിയേട്ടന്‍ അനുസരിക്കാന്‍ തയ്യാറായികൊണ്ട് വേയ്സ്റ്റ് ബോക്സില്‍ നിന്നും ആ അളിഞ്ഞ പൈനാപ്പിള്‍ എടുത്ത് മുറിച്ച് ഒരു കറിയുണ്ടാക്കി. ഏതാണ്ട് കാളന്‍ പോലെ ആണിത് എന്ന് മനസിലാക്കിയ ഉണ്ണിക്കിളി അതിന് പൈനാപ്പിള്‍ കാളന്‍ എന്ന പേരും ഇട്ടു...!!! പപ്പടവും പായസവും ഉണ്ടാക്കി...!!! എല്ലാം റെഡി.. ഇനി എല്ലാം അനുഭവിക്കാന്‍ ആളെത്തിയാല്‍ മാത്രം മതി...!!!

* * * * * * * * *
മുംബയിലെ ദാദര്‍ - പ്രഭാദേവി ഭാഗത്തെ ഒരു അമ്മകിളിക്കൂട്ടില്‍ ഇതൊക്കെ അരങ്ങ് തകര്‍ക്കുമ്പോള്‍... മറ്റ് ചിലയിടങ്ങളില്‍ നടന്നതോ..!!!???

* * * * * * * * *

സമയം രാവിലെ നാലര കഴിഞ്ഞ് ഏഴ് മിനിറ്റ്...., പൂച്ച & പൂച്ചി, താനെയിലെ (താനെ എന്നത് സ്ഥലപ്പേരാ) ഒരു കാട്ടുപ്രദേശത്ത് നിന്നും ചൂട്ടും കത്തിച്ച് പിടിച്ച് താനെ റയില്‍‌-വേ സ്റ്റേഷനെ ലക്ഷ്യം വച്ച് പമ്മി പമ്മി നടക്കുന്നു....!!! മുന്ന് ദിവസമായി പൂച്ച വീട്ടില്‍ അടുപ്പില്‍ തീ കണ്ടിട്ട്....!!! ഇന്ന് നല്ലൊരു ഊണ് കിട്ടുമെന്ന വിശ്വാസത്തിലാണ് പൂച്ചയും പൂച്ചിയും മുന്ന് ദിവസമായി വയറും കാലിയാക്കി കാത്തിരിക്കുന്നത്...!! പൂച്ചയുടെ വയര്‍, ദിനേശ് ബീഡി സ്ഥിരമായി വലിക്കുന്ന അപ്പാപ്പന്റെ കവിള്‍ കണക്കെ ഉള്ളിലേക്ക് വലിഞ്ഞു. എങ്ങനെ വലിയാതിരിക്കും...., മൂന്ന് ദിവസമായിട്ട് എയര്‍ അല്ലാതെ മറ്റൊന്നും അകത്തേക്ക് വലിക്കുന്നില്ലാല്ലോ കക്ഷി.

* * * * * * * * *

ലോലന്‍ & ലോലി. ലോലന്റെ കൂടെ പോകുകയാണെന്ന് പറഞ്ഞാല്‍, “വേണമെങ്കില്‍ നീ വീട്ടില്‍ നിന്നും എവിടെക്കെങ്കിലും ഒളിച്ചോടിക്കോ, എന്നാലും ലോ-ലവന്റെ കൂടെ കറങ്ങാന്‍ പോകേണ്ടാ“ എന്നും പറഞ്ഞ്, മോന്തക്കൊരു വീക്കും തന്ന് വീട്ടിലിരുത്തുമെന്നുറപ്പുള്ളതിനാല്‍, ലോലി ഒരു കൂട്ടുകാരിയുടെ വീട്ടില്‍ പോകുകയാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ചാടി. പാതി വഴിയില്‍ കാത്തു നിന്ന ലോലന്‍ ലോലിയെ പിക്ക് ചെയ്തു. (തെറ്റിദ്ധരിക്കല്ലേ...).!!! അമ്മക്കിളിയുടെ വീട്ടില്‍ വെള്ളം കുടിക്കാന്‍ കിട്ടിയില്ലെങ്കിലോ എന്നൊരു പേടി മാത്രമാണ് ലോലനെ അലട്ടിയിരുന്ന ഏക പ്രശ്നം...!!! ഭക്ഷണം കിട്ടിയില്ലെങ്കിലും ജീവിക്കാം... എന്നാല്‍ വെള്ളം കുടിക്കാതെ ജീവിക്കുക അസാധ്യമെന്നതാണ് ലോലന്റെ നിലപാട്. ലോലിക്ക് ആകെ ഒരു ആക്രാന്തമുള്ളത് ലോലന്റെ കാര്യത്തില്‍ മാത്രമാണ് എന്നുള്ളതിനാല്‍... ലോലി ലോലന്റെ കരപാളികളില്‍ തൂങ്ങി നടന്നു... “ചലോ...ദാദര്‍ - പ്രഭാദേവി...!!”

* * * * * * * * *

അച്ചു... അശു...!!! കോഴിക്കറി തരാമെന്ന് പറഞ്ഞാല്‍ കുറുക്കനോടൊപ്പവും പോകാന്‍ ധൈര്യം കാട്ടുന്ന അശുവായ അച്ചു...!! ഇത്തവണ ആശങ്കയിലായിരുന്നു...!!! അമ്മക്കിളിക്കൂട്ടില്‍ കോഴിക്കറിയോ...? ഹേയ് ..., സാദ്യതയില്ലാ..., എന്നല്ലാ... ഇല്ലാ‍...!!! പിന്നെ പോയിട്ടെന്തു കാര്യം...? ക്യാനഡ കറങ്ങി വന്ന മാണിക്യം ചേട്ടനെ കാണാന്‍ വേണ്ടി പോയതും, പൂച്ച കോഴിക്കറി വാങ്ങി തരാമെന്ന് പറഞ്ഞതു കൊണ്ട് മാത്രമായിരുന്നു....!! എന്നിട്ട്, വാങ്ങി തന്നതോ..., ഉണക്ക “വഡാ-പാവ്”..!!! ഇനി ഇവിടെ എന്ത് കിട്ടുമോ ആവോ....!!?? ആശങ്ക ഉണ്ടെങ്കിലും, മനസിലെ കോഴിപ്രിയം കളയാതെ സൂക്ഷിച്ച്..., അശുവും കൂടി ലോലനും ലോലിക്കും ഒപ്പം.

* * * * * * * * *

രഞ്ജി...!!! വീട്ടില്‍ തനിച്ചാണ്. ഇവിടെ ഇരുന്നാല്‍ ഒന്നുകില്‍ ഹോട്ടലില്‍ നിന്നും കാശ് കൊടുത്ത് ഭക്ഷണം വാങ്ങി കഴിക്കണം. അല്ലെങ്കില്‍ തനിയെ വച്ച് വിളമ്പണം...!! ഇന്ന് ഇങ്ങനെ ഒരു പരിപാടി ഉള്ളതായി അറിവു കിട്ടിയ സ്ഥിതിക്ക് അത് മുതലാക്കുന്നതല്ലേ കൂടുതല്‍ ബുദ്ധി...!!! ബുദ്ധിയുടെ കാര്യത്തില്‍ താനൊരു അപാരകണ്ണിയാണെന്ന് സ്വയം മനസിലാക്കിയ രഞ്ജിയും ദാദറില്‍ എത്താന്‍ തീരുമാനിച്ചു.

* * * * * * * * *

ഈ ഞാന്‍..!!! ഭക്ഷണം എവിടെ ചെന്നാലും കിട്ടും..., പക്ഷെ സ്‌നേഗം... അത് കിട്ടില്ലല്ലോ....!!! വെള്ളം ഏത് ലോലനും കുടിപ്പിക്കും...., പക്ഷെ സ്‌നേഗം... അത് അങ്ങനല്ലല്ലോ....!!! മണി ഏത് പൂച്ചയും അടിക്കും... പക്ഷെ, സ്‌നേഗം..., അത് കാണിക്കില്ലാല്ലോ....!!! കോഴിക്കറി ഏത് അച്ചുവിനും കിട്ടും... പക്ഷെ, സ്‌നേഗം... അത് കിട്ടില്ലല്ലോ....!!! അതോണ്ട് ഞാന്‍ ചിന്തിച്ചു...., “സ്‌നേഗം ഉള്ളതുകൊണ്ടല്ലെ അമ്മകിളി എന്നെ വീട്ടിലേക്ക് ഭക്ഷണത്തിനു ക്ഷണിച്ചത്..!!! ആ സ്‌നേഗത്തിനു മുന്നില്‍ ഞാന്‍ തോറ്റു...! അമ്മകിളി എന്തുണ്ടാക്കി വച്ചിട്ടുണ്ടെങ്കിലും അതെല്ലാം ഞാന്‍ തിന്നു തീര്‍ത്തുകൊള്ളാമെന്ന ഉറച്ച തീരുമാനത്തില്‍ ഞാനും യാത്ര തിരിച്ചു..., ദാദര്‍ - പ്രഭാദേവി-അമ്മകിളിക്കുട് മനസില്‍ ധ്യാനിച്ച്...!!!

* * * * * * * * *

സമയം - പകല്‍ പതിനൊന്നര....!!! എല്ലാവരും ഇവിടെ എത്താമെന്നാണ് പറഞ്ഞിരുന്നത്...!!!! ഞാന്‍ അക്ഷമനായി കാത്തു നിന്നു..., ദാദര്‍ സ്റ്റേഷനിലേ തിരക്കില്‍ ഏകനായി...!!! എന്തേ ആരും വരാത്തത്...!!??

(തുടരാ-‘ഠോ‘..!!)

Thursday, November 8, 2007

എന്റെ ഒരു സൃഷ്‌ടി... (റ്റി.ബി. ഫ്രീ ഇന്‍ഡ്യ)


“റ്റി.ബി.ഫ്രീ ഇന്‍ഡ്യാ” ക്കയി ഞാന്‍ രൂപകല്പന ചെയ്ത ഒരു പോസ്റ്റര്‍....!!! “കമ്യൂണികേഷന്‍ ആര്‍ട്സി“ല്‍ നിന്നും കൊള്ളാം എന്നൊരു കമന്‍റും കിട്ടിയീരുന്നു....! എന്നാ‍ല്‍ പിന്നെ അത് നിങ്ങളുമായി പങ്കു വച്ചേക്കാ‍മെന്ന് കരുതി ഇവിടെ ചേര്‍ക്കുന്നു...!!


ഒരു ബ്ലോഗ് വാ‍യിച്ചതിന്റെ പശ്ചാത്തലത്തിലാണിത് ഇടുന്നത്.


Monday, September 10, 2007

ഒരു കൈപ്പിഴ

ഞാന്‍ ഈ കമ്പനിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് കൊല്ലം മൂന്ന് കഴിഞ്ഞു. ഇന്നു വരെ ഒരു വലിയ കൈപ്പിഴ എന്നില്‍ നിന്നും സംഭവിച്ചിട്ടില്ലാ. അല്ലെങ്കില്‍ തന്നെ, അങ്ങനെ വല്ലതും സംഭവിച്ചിരുന്നെങ്കില്‍ ഞാനിവിടെ ഉണ്ടാകുമായിരുന്നില്ലല്ലോ. പലപ്പൊഴും മറ്റുള്ളവരുടെ തെറ്റുകള്‍ മനസിലാക്കി കൊടുത്ത് ശരിയാക്കുക പോലും ചെയ്തുവരുന്നത് ഞാനാണ്. അതിന്റേതായ സ്ഥാനം കമ്പനി തനിക്ക് തരുന്നുമുണ്ട്. അതുപോലെ സ്വന്തം ജോലി ഞാന്‍ മറ്റുള്ളവരെ ഏല്‍പ്പിക്കാറുമില്ലാ. എന്തിനു വെറുതേ പ്രശ്നം തലയിലേറ്റണം..!!?

പക്ഷെ ഇന്ന് ഇങ്ങനെയൊരു തെറ്റ്...!! രാവിലെ ഓഫീസില്‍ എത്തിയപ്പോഴാണറിഞ്ഞത് ഇന്നലത്തെ പ്രൊഡക്ഷനില്‍ എന്തൊക്കെയോ ഡാമേജ് സംഭവിച്ചിരിക്കുന്നു എന്ന്. എങ്ങനെ, അങ്ങനെ സംഭവിച്ചു എന്ന് മനസിലാവുന്നില്ലാ. ങ്ഹാ... തന്റെ ജോലിയിലൊന്ന് ജൂണിയറെ കൊണ്ട് ചെയ്യിച്ചു...!! എന്നാലതിന്റെ ഉദ്ദേശം, ദുരുദ്ദേശം ആയിരുന്നുമില്ലാ. അവനും പഠിച്ചോട്ടെ എന്നു മാത്രമേ ഞാന്‍ കരുതിയുള്ളു. അതിപ്പോള്‍ ഇങ്ങനെ സംഭവിക്കുമെന്നാരറിഞ്ഞു. ഇനിയവനെ കൊണ്ട് ഞാന്‍ എന്റെ ജോലി ചെയ്യിക്കില്ലാ. എവനെക്കൊണ്ടെന്നല്ലാ, ആരേകൊണ്ടും ഇല്ലാ..!!! എന്റെ ജോലി ഞാന്‍ തന്നെ ചെയ്യും.

അല്ലെങ്കിലും എന്റെ കയില്‍ നിന്ന് ഒരു കൈപ്പിഴ ഇനി ഇവിടെ സംഭവിക്കില്ലാ...!! പ്യൂണ്‍ കൊണ്ടു വന്ന തന്ന ലെറ്റര്‍ നോക്കിയപ്പോള്‍ അത് ഞാനറിഞ്ഞു...!!! എന്നെ പിരിച്ചു വിട്ടുകൊണ്ടുള്ള ലെറ്റര്‍...!!!

Wednesday, August 29, 2007

മാറ്റങ്ങള്‍

ഒരു നാള്‍ അവള്‍ പോകുമെന്ന് എനിക്കറിയാമായിരുന്നു. അതിത്ര പെട്ടന്ന് ആവുമെന്നറിയില്ലായിരുന്നു. അല്ലെങ്കില്‍ തന്നെ എത്രയോ പേര്‍ തന്റെ ജീവിതത്തില്‍ വന്നിരിക്കുന്നു, അതുപൊലെ അവരെല്ലാം പോകുകയും ചെയ്തു. ചിലര്‍ യാത്ര പോലും പറയാതെ..! എന്നാലും നാളേ മറ്റൊരാള്‍ ജീവിതത്തിലേക്ക് കടന്നു വരുമ്പോള്‍ എന്തേ ഞാന്‍ ചിന്തിക്കില്ലാത്തത്... മറ്റന്നാള്‍ അവളും പോകുമെന്ന്. സമയത്തിന്റെ തികവില്‍ മാറ്റങ്ങള്‍ അനിവാര്യമാണല്ലോ...!!

ചിലപ്പോള്‍, ഞാന്‍ ചിന്തിക്കുന്നതു പോലെ അവരും - എന്നെ വിട്ടു പോയവര്‍ - ചിന്തിക്കുന്നുണ്ടാവും. അവര്‍ക്ക് താനും നഷ്‌ടപ്പെട്ടവരുടെ കൂട്ടത്തിലാണല്ലോ. പലരേയും ഞാന്‍ ഇന്നു മറന്നിരിക്കുന്നു. അവര്‍ എന്നേയും മറന്നിട്ടുണ്ടാവും. ശരിയാണ്, മാറ്റങ്ങള്‍ അനിവാര്യം മാത്രമല്ല, പ്രകൃതിനിയമവുമാണ്.

എന്തായാലും ഇന്ന് മറ്റൊരാള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വരുകയാണ്. ഇവിടേയും ഞാന്‍ ചിന്തിക്കുന്നില്ല - അവളും പോകുമെന്ന്. ഇന്ന് എനിക്കൊരു ആത്മവിശ്വാസം, അവള്‍ പോകില്ലാ എന്ന്. അവളെന്നെ വിട്ടു പോകാന്‍ ഞാന്‍ അനുവധിക്കില്ലാ എന്ന്. അവള്‍ക്ക് വിട്ടു പോകാന്‍ ആവില്ലാ എന്ന്. മാറ്റങ്ങള്‍ അനിവാര്യമാവാം, പ്രകൃതിനിയമവുമാവാം ഒപ്പം മനുഷ്യാവകാശം കൂടിയാണ്....!! ഇന്ന് അവളെ ഞാന്‍ വിവാഹം കഴിക്കുകയാണ്...!!!

Tuesday, August 21, 2007

ഒരു ദുബായ് സ്വപ്നം

കൂട്ടുകാരനില്‍ നിന്നാണ് ഞാനറിഞ്ഞത് ദുബായിലേയ്ക്കുള്ള ഒരു വേക്കന്‍സി വന്നിട്ടുണ്ട് എന്ന്. ഒരു പരിധിവരെ എല്ലാ മലയാളികളുടെയെല്ലാം സ്വപ്നമായ ദുബായ് എന്നു കേട്ടപ്പോള്‍ എനിക്കും ഉള്ളില്‍ ഒരു ആഗ്രഹം. ഒന്നുമല്ലേലും എനിക്കും ഇല്ലേ ആഗഹങ്ങളൊക്കെ...! പിറ്റേന്ന് ഓഫീസില്‍ നിന്നും ഒരു ബൈയോ-ഡേറ്റായും തയാറാക്കി 10-മണിക്ക് തന്നെ ഇന്‍റെര്‍വ്യൂന് ചെന്നു.

തൃശൂര്‍ പൂരം ഞാന്‍ കണ്ടിട്ടില്ലെങ്കിലും, കേട്ടിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍, എനിക്കു തോന്നി ഇതായിരിക്കും തൃശൂര്‍ പൂരത്തിന്റെ തിരക്കെന്ന്. അത്രക്ക് ആള്‍ക്കൂട്ടമായിരുന്നു ഇന്‍റെര്‍വ്യൂ നടക്കുന്ന ആ പരിസരത്ത്. പുറകില്‍ നിന്നും ഞാനെത്തി നോക്കാന്‍ ഒരു വിഫലശ്രമം നടത്തി... ഓഫീസ് എവിടെയാണ് എന്നറിയാനായിരുന്നു ആ ശ്രമം. ആ ശ്രമത്തിന്റെ ഭാഗമായി ഒന്ന് മനസിലാക്കാന്‍ കഴിഞ്ഞു, ഇത് ഇപ്പറഞ്ഞ ഓഫീസിന്റെ വാതില്‍ അല്ല മറിച്ച് ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ ഗയിറ്റ് മാത്രമാണെന്ന്. പിന്നെ നീണ്ട കാത്തിരിപ്പായിരുന്നു. ഇരുന്നും നിന്നും, കീഴ്പ്പോട്ടും ആകാശത്തേക്കും നോക്കിയും സമയത്തെ കൊല്ലാന്‍ ശ്രമിച്ചു. അങ്ങനെ അവസാനം മൂന്ന് മണി ആയിക്കാണും, ഒരു തരത്തില്‍ അകത്ത് കയറി പറ്റി. അവരെന്റെ ഇന്‍റെര്‍വ്യൂ എടുത്തു. ഇന്‍റെര്‍വ്യൂ വെറും 2 മിനിറ്റുകള്‍ കൊണ്ടാവസാനിച്ചു... ഹോ അതിനായിരുന്നു ഇത്ര കഷ്‌ടപ്പാട്...!!

ഇനിയാണ് കാത്തിരിപ്പിന്റെ ദിവസങ്ങള്‍... അവരുടെ വിളിക്കായി. ആഴ്ച്ചകള്‍ മാസങ്ങളായി രൂപാന്തരം പ്രാപിച്ചിട്ടും എനിക്ക് അവരുടെ വിളി വന്നില്ലാ. അവസാനം ഞാന്‍ അവരെ വിളിച്ചു... കിട്ടിയില്ലാ...! പിറ്റേന്ന് അവധിയെടുത്ത് പോയി അവരെ കണ്ട് സംസാരിച്ചു. അപ്പോഴറിഞ്ഞു... അവര്‍ വിളിച്ചില്ലാ എന്നതല്ല, വിളിച്ചിരുന്നവരെല്ലാം ദുബായ്ക്ക് ഇതിനോടകം പറന്നു കഴിഞ്ഞു എന്ന്.

നിരാശനായി തിരിച്ചു മടങ്ങുമ്പോള്‍ ഞാനൊരു ദൃഡനിശ്ചയമെടുത്തു... ഇനി ഞാനിങ്ങനെ ദുബായിക്കുള്ള ഒരു ഇന്‍റെര്‍വ്യൂവിനും പോകില്ലാ - പാസ്പോര്‍ട്ടില്ലാതെ....!!! കാലുകള്‍ നീട്ടി വച്ച് ഞാന്‍ പാസ്പോര്‍ട്ട് ഓഫീസിനെ ലക്ഷ്യമാക്കി നടന്നു....!!!

Friday, August 17, 2007

കഥാകൃത്ത്

അമ്മാവന്‍ അമേരിക്കയില്‍ നിന്നും വന്നപ്പോ കഴിഞ്ഞ വര്‍ഷത്തെ ഒരു ഉഗ്രന്‍ ഡയറി കൊണ്ടുവന്നു തന്നു. അപ്പോ മുതല്‍ ചിന്തിക്കുകയായിരുന്നു... എന്ത് ഇതില്‍ എഴുതണം എന്ന്...! ഈ വര്‍ഷത്തേത് ആയിരുന്നെങ്കില്‍ ഡയറിക്കുറിപ്പുകള്‍ എഴുതാമായിരുന്നു... ഇതിപ്പോ...!!! അങ്ങനെ തീരുമാനത്തിലെത്തി... കഥകള്‍ എഴുതാം...! എനിക്കും ഒരു കഥാകൃത്ത് ആവണം...! പക്ഷെ എങ്ങനെ...? നോവലെഴുതണം... നാടകമെഴുതണം... കഥയെഴുതണം... എന്നാല്‍ ഇതൊന്നും എനിക്കറിയില്ലല്ലോ. ഒരു ഐഡിയ കിട്ടി. കഥാകൃത്താവുന്നതിനായി... പഴയ സിനിമകള്‍ കണ്ടു..., കഥകള്‍ വായിച്ചു..., നോവലുകള്‍ വായിച്ചു...., നാടകങ്ങള്‍ കാണുകയും വയിക്കുകയും ചെയ്തു...!!

അങ്ങനെ കിട്ടിയ ഇത്തിരി ആത്മവിശ്വാസവുമായി ഞാന്‍ കഥയെഴുതാന്‍ തീരുമാനിച്ചു. ഇന്നെനിക്ക് ഒരുപാട് കഥകള്‍ അറിയാം. ഞാന്‍ എഴുതി തുടങ്ങി - “ബാലഗോപാലന്‍ എം.എ. പഠിച്ചിട്ട് പണി കിട്ടാതെ വീട്ടിലിരിക്കുകയായിരുന്നു....”!!! ഹേയ് ഇതു ശരിയാവില്ലാ..., ഇത് മോഹന്‍ലാലിന്റെ ഏതോ ഒരു സിനിമയുടെ കഥ പകര്‍ത്തിയെഴുതിയതാണെന്ന് ഏതൊരുവനും മനസിലാവും... എന്നാല്‍ പിന്നെ മറ്റൊന്ന് എഴുതാം... - “കോട്ടയം... അവിടെ കുഞ്ഞച്ചന്‍ എന്നൊരു അച്ചായന്‍.... അയാള്‍...!!” ശേ.. ശെ... ഇതും ശരിയാവില്ലാ... ഇത് മമ്മൂട്ടിയുടെ ഏതോ പടമാണ്.

ഇങ്ങനെ പോയാല്‍ പിന്നെ ഞാനെന്തെഴുതും...?ഒരുപാട് തലപുകഞ്ഞാലോചിച്ചു... അവസാനം ഡയറിയുടെ അടുത്ത പേജ് മറിച്ച് ഇങ്ങനെ എഴുതി - “കഥ വായിക്കുന്നതു പോലെ, സിനിമ കാണുന്നതു പോലെ എളുപ്പമല്ല കഥയെഴുതി കഥാകൃത്ത് ആവുക എന്നത്....“!! പിന്നെ ഞാന്‍ ആ ഡയറി തുറന്നിട്ടില്ല...!!!

Tuesday, August 7, 2007

അവള്‍

ഹൊ.... പത്തര എന്നാണവള്‍ പറഞ്ഞത്... ഇതിപ്പോള്‍ പാതിരാകോഴി കൂവി. അവളെന്തേ വരാത്തത്...? ഇനിയിപ്പോ പിടിക്കപ്പെട്ടിരിക്കുമോ...? അതിരാവിലെ 3 മണിക്ക് ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്ന ബാഗ്ലൂര്‍ വണ്ടിക്ക് ടിക്കറ്റും ബുക്ക് ചെയ്തിരിക്കുനതാണ്. ഇനി വെറും രണ്ടു മണിക്കുര്‍ മാത്രം. ഈ കൂരിരുട്ടില്‍ എത്ര സമയമെന്ന് വച്ചാ കാത്തിരിക്കുക...!!

ഹോ... അതാ അവള്‍... കൈയില്‍ ഒരു ബാഗുമായി പതിയെ പതിയെ നടന്നു വരുന്നു... ഹൊ... സമാധാനമായി... ഇരുട്ട് ആയതിനാല്‍ തന്നെ അവളുടെ മുഖത്തെ ഭാവം കാണാന്‍ കഴിയുന്നില്ല... തന്നോടൊപ്പം ഒളിച്ചോടുന്നതിന്റെ സന്തോഷമോ... അതോ വീട്ടുകാരെ ഉപേക്ഷിച്ചു പോരുന്നതിന്റെ ദു:ഖമോ..... എന്തോ ചോദിക്കാന്‍ ഭാവിച്ച എന്റെ വാ അവള്‍ പൊത്തി. എന്നിട്ട് പോകാം എന്നര്‍ത്ഥത്തില്‍ കൈയില്‍ പിടിച്ച് വലിച്ചു.

അടുത്ത് എവിടെയോ പട്ടി കുരക്കുന്ന ശബ്ദം... അമാന്തിച്ചില്ലാ. അവളുടെ കൈ പിടിച്ച് ഓടി... ഇരുട്ടിലൂടെ ബസ് സ്റ്റാന്‍ഡിനെ ലക്ഷ്യമാക്കി. ബസ് സ്റ്റാന്‍ഡിന്റെ അടുത്ത് ചെന്നാണ് നിന്നത്. അവളെന്റെ പുറകെ തന്നെയുണ്ട്. വഴിവിളക്കുകള്‍ ഉള്ള ആ വഴിയിലെത്തിയപ്പോള്‍ ഞാന്‍ തിരിഞ്ഞവളോട് പറഞ്ഞു... “വേഗം വാ...” എന്നാല്‍ എന്റെ ശബ്ദം പുറത്തേക്ക് വന്നില്ലാ എന്ന് ഞാനറിഞ്ഞു... കാരണം അതവളല്ലാ... അവളുടെ അമ്മയായിരുന്നു...!!

Monday, July 30, 2007

ഹാനികരം

“പുകവലി ആരോഗ്യത്തിനു ഹാനികരം” ഇത് സിഗരറ്റ് പായ്ക്കറ്റിന്റെ പുറത്ത് തന്നെ വലിയ അക്ഷരങ്ങളില്‍ എഴുതിയിട്ടുണ്ട്. കൂടാതെ ദിവസവും മൂന്ന് പായക്കറ്റ് ഊതി പറപ്പിക്കുന പപ്പ പറഞ്ഞു തരാറുമുണ്ട്. ഒപ്പം മമ്മിയും, സിഗരറ്റ് വലിക്കുന്നത് ശരീരത്തിന് നല്ലതല്ല... കരള്‍ ഇല്ലാണ്ടാവും എന്നൊക്കെ. ഇരുപത്തി മൂന്ന് വയസുള്ള എനിക്കെന്തേ ഇതൊന്നും അറിയില്ലാ എന്നുണ്ടോ...? എന്നാലും സത്യത്തില്‍ ആരും അറിയാതെ ഞാനും പുകക്കാറുണ്ട് ഒരു പായ്ക്കറ്റ് ഒക്കെ. വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്നമാകുമെന്നറിയാം. അതുമല്ല, ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് പുക വലിക്കുന്ന ചെക്കന്മാരെ അത്ര പിടുത്തമല്ലാ എന്നൊരു കേട്ടു കേള്‍വിയുമുണ്ട്.

ഇപ്പോള്‍ പിന്നെ, ഗവണ്മെന്റും പുകവലിക്കുന്നതിനെതിരല്ലേ...!! ബസ് സ്റ്റാണ്ട്, റയില്‍‌വേ സ്റ്റേഷന്‍, സിനിമാ ഹാള്‍, അങ്ങനെ അങ്ങനെ പൊതുസ്ഥലങ്ങളില്‍ ഒന്നും നിന്ന് പുക വലിക്കാന്‍ പാടില്ലാത്രേ. പിന്നെ ഞങ്ങളെപ്പോലുള്ളവര്‍ വീട്ടിലിരുന്ന് വലിക്കുമോ..? ഇന്നും ബസ് സ്റ്റാന്‍ഡിലെ മുറുക്കാന്‍ കടയില്‍ നിന്നുകൊണ്ട് ഞാന്‍ വലിച്ചു. എന്നെ ആരും പിടിച്ചില്ലാ. അല്ലെങ്കിലും പോലീസുകാര്‍ക്ക് ഇതും നോക്കി നടക്കാനാ നേരം...?!

ഹോ... സമയം ആറ് മണി... ഇന്നെങ്കിലും സന്ധ്യാ‍പ്രാര്‍ത്ഥനക്ക് മുന്‍പ് വീട്ടിലെത്തണം. പപ്പാ എന്നും പറയുന്നതാ...! ടി.വി.യിലെ ന്യൂസ് കഴിഞ്ഞാ തുടങ്ങും പ്രാര്‍ത്ഥന. ഹോ... ഭാഗ്യം ന്യൂസ് അവസാന ഘട്ടത്തിലായതേ ഉള്ളു... സമാധാനമായി... ഇന്നിനി വഴക്ക് കേള്‍ക്കേണ്ടി വരില്ലാല്ലോ..!! എന്തൊക്കെയോ ന്യൂസുകള്‍ക്കിടയില്‍ ഞാന്‍ ആ വാര്‍ത്ത കണ്ടു..., ഒപ്പം മറ്റെല്ലാവരും...!!! “ഗവണ്മെന്റിന്റെ നിരോധനത്തിനു ശേഷവും പുകവലിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ലാ..” ഞാന്‍ ശ്രദ്ധിച്ചു - ബസ് സറ്റാന്‍ഡിലെ മുറുക്കാന്‍ കടയില്‍ സിഗരറ്റ് വലിച്ച് നില്‍ക്കുന്ന ഞാന്‍ റ്റി.വി. സ്ക്രീനില്‍...!!!

Thursday, July 26, 2007

അച്ച്ചന്‍

പണ്ട് പാപ്പനംകോട് പള്ളിക്കൂടത്തില്‍ പഠിച്ചിരുന്ന കാലം കുതല്‍ പൌലോസിന് പള്ളിയില്‍ പോകാന്‍ ഇഷ്ടമായിരുന്നു. ആ ഇഷ്ടം വളര്‍ന്ന്, പിന്നീട് അച്ച്ചനാവായി മോഹം. വെള്ളയുടുപ്പൊക്കെ ഇട്ട്... നാട്ടുകാര്‍ക്കെല്ലാം നല്ല ഉപദേശങ്ങള്‍ നല്‍കി സമാധാനത്തിന്റെ സന്ദേശവുമായി നടക്കുന്ന അച്ച്ചന്‍. അവന്റെ മോഹങ്ങളെ അവന്‍ പിടിച്ചു നിറുത്തിയില്ലാ... അവന് വിശ്വാസമായിരുന്നു താനച്ച്ചനാവുമെന്ന്.

അങ്ങനെയാണ് പൌലോസ് പത്താം തരം കഴിഞ്ഞപ്പോള്‍ സെമിനാരിയില്‍ ചേര്‍ന്നത്. ആദ്യത്തെ മൂന്ന് നാല് ആഴ്ച്ചകള്‍ എത്ര രസമായിരുന്നു. കളി ചിരി തമാശകള്‍.. ഇടക്ക് വല്ലപ്പോഴും ഓരോ ക്ലാസുകളും. പൌലോസ് സെമിനാരിയെ “സ്വര്‍ഗ്ഗം” എന്ന് വിളിച്ചു.

എന്നാല്‍ ആഴ്ച്ചകള്‍ മാ‍സങ്ങള്‍ക്ക് വഴി മാറി കൊടുത്തപ്പോള്‍ കളിയും ചിരിയും ഒക്കെ മാറി. പഠനവും പ്രാര്‍ത്ഥനയും മാത്രമായി. അതും പോരാഞ്ഞിട്ട്, ആരോടും മിണ്ടാന്‍ പാടില്ലാ, ഒരിടത്തും പോകാന്‍ പാടില്ലാ... ഹൊ... ഇതു വലിയ കഷ്ടം തന്നെ. ഇതെല്ലാം പോട്ടെന്ന് വയ്ക്കാം, ഈ സ്വര്‍ഗ്ഗത്തിലുമുണ്ട് ചില വെള്ളയുടുപ്പിട്ട പിശാചുക്കള്‍. അവരെക്കുറിച്ച് പൌലോസിന് ഓര്‍ക്കാന്‍ പോലും ഇഷ്ടമല്ല...!!! എന്തായാലും അങ്ങനെ ഒരു നാളില്‍, ആദ്യമായും അവസാനമായും സെമിനാരിയില്‍ നിന്നും മതില്‍ ചാടി.

ഇതെല്ലാം കഴിഞ്ഞിട്ട് ഇന്ന് ഒരു പാട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പൌലോസ് ഇന്ന് സന്തോഷവാനാണ്. കാരണമുണ്ട്... പൌലോസ് ഇന്ന് പാപ്പനംകോട് ഇടവകയിലെ തന്നെ ഒരച്‌ഛനാണ്... നാലു കുട്ടികളുടെ അച്‌ഛന്‍.

Wednesday, July 25, 2007

കാണാമറയത്ത് നിന്നും....!!!

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്ന് അവന്‍ എല്ലാം അറിയുന്നുണ്ടായിരുന്നു. താന്‍ ജനിക്കാന്‍ പോകുന്നത് ‘തന്തയില്ലത്തവന്‍’ എന്ന പേരിലാണെന്നും, തന്റെ അമ്മ എങ്ങിന്യോ ചതിക്കപ്പെട്ടതാണെന്നും, അങ്ങനെ എല്ലാം...!! അവന് സുരക്ഷിതമായ അമ്മയുടെ ഗര്‍ഭപാത്രത്തിലും പേടി തോന്നി...! തന്റെ ജീവന്‍ അപകടത്തിലാണ്... ഏത് നിമിഷവും അത് ക്രൂരന്മാരായ മുറിവൈദ്യന്മാരുടെ കത്തിമുനകളാല്‍ ഇല്ലാതാക്കപ്പെടാം...!!!

പുറത്ത് ആരൊക്കെയോ സംസാരിക്കുന്നുണ്ട്... അവ്യക്തമായി കേള്‍ക്കാം, അത് തന്നെക്കുറിച്ചാണ്... “ഞാന്‍ കുടുംബത്തിന് അപമാനമാണത്രേ...” എന്റെ ജീവനേക്കാള്‍ വിലയുണ്ടോ അവരുടെ അഭിമാനത്തിന്...? അമ്മ കരയുന്നുണ്ട്. ആ കണ്ണീരിലെ വേദന നന്നായി എനിക്ക് അനുഭവപ്പെടുന്നുമുണ്ട്.

സത്യത്തില്‍ ആരാണ് തെറ്റുകാരന്‍...? കുരുന്നു മനസുകാരന്‍ ഞാനോ...? എന്നെ വഹിച്ചിരിക്കുന്ന ഗര്‍ഭപാത്രത്തിനുടമയായ എന്റെ അമ്മയോ...? ഞാന്‍ ഒരപമാനമാണെന്ന് ഉറക്കെ പ്രസ്താവിക്കുന്ന എന്റെ സ്വന്തക്കാരോ...? അതോ... കാമകേളിക്കായി എന്റെ അമ്മയെ ഉപയോഗിച്ച എന്റെ അച്ചനായ ആ മനുഷ്യനോ...?

അമ്മയുടെ കണ്ണിരിന്റെ വിലയാവാം, കുടുംബത്തിന് അപമാനമായി, എന്നെ ജനിക്കാനനുവദിക്കുന്നത്. എന്നാല്‍ ഇന്ന്, എന്റെ ജന്മദിനത്തില്‍ ഞാനറിഞ്ഞു.... എന്നെ ജനിക്കാനനുവദിച്ചത് അമ്മയുടെ കണ്ണിരിന്റെ വിലയായിരുന്നില്ലാ.... ഏതോ കോടീശ്വരന്റെ പണപ്പെട്ടിയുടെ വിലയായിരുന്നു എന്റെ ജനനം...!! അതായത്, ഓമനത്വമുള്ള എന്നെ അവര്‍ (എന്റെ സ്വന്തക്കാര്‍) ആ കോടീശ്വരന് വിറ്റു* - മൂന്ന് ലക്ഷം രൂപക്ക്.

ഇനി എങ്ങോട്ടാണെന്റെ ജീവിതം...? എനിക്കറിയില്ലാ... ചിലപ്പോള്‍ എനിക്ക് വളരാന്‍ അവസരം കിട്ടിയേക്കാം... അല്ലെങ്കില്‍...!!!????

* 2002, ഒക്‍ടോബര്‍ 3,4,5 തിയതികളില്‍ മലയാള മനോരമ ദിനപത്രത്തില്‍ വായിച്ച വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ എഴുതിയത്.

Sunday, July 22, 2007

ഒരു യാത്ര

സത്യത്തില്‍ മാവേലിത്തമ്പുരാന്‍ വാണിരുന്ന ഒരു കാലമുണ്ടായിരുന്നോ നമ്മുടെ കേരളത്തിന്...? എന്തുകൊണ്ടോ എനിക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നു. അല്ലാ... ഇന്നത്തെ കേരളത്തെ നോക്കിക്കാണുന്ന നിങ്ങള്‍ക്ക് വിശ്വസിക്കാനാവുന്നുണ്ടോ...?

നഴ്സറിയില്‍ പഠിക്കുന്ന കുട്ടിയുടെ കൈയില്‍ മണ്‍കളിപ്പാട്ടങ്ങള്‍ക്ക് പകരം കമ്പ്യൂട്ടര്‍ ഗയിംസുകളായത് നാടിന്റെ വളര്‍ച്ചയാവാം. എന്നാല്‍ കമ്പ്യൂട്ടറിലേയും ടി.വി.യിലേയും വൃത്തികേടുകള്‍ക്ക് അവന്‍ ദൃക്‌സാക്ഷിയാവുന്നതോ...?

മുതുമുത്തച്ചന്‍ മുതല്‍ പേരക്കിടാങ്ങള്‍ വരെ ഒന്നിച്ച് താമസിച്ചിരുന്ന കൂട്ടുകുടുംബങ്ങള്‍ പിളര്‍ന്ന് പലതായത് കുടുംബാവകാശങ്ങല്‍ക്ക് വേണ്ടിയാവാം. എന്നാല്‍ അവര്‍ തമ്മില്‍ തമ്മില്‍ തല്ലി ചാവുന്നതോ...?

ക്യാം‌മ്പസുകളിലെ മരംചുറ്റി പ്രേമങ്ങള്‍, അവിടെ നിന്നും പറന്ന് ചാറ്റിംങ്ങ് റൂമുകളിലും, ഹോട്ടല്‍ മുറികളിലും എത്തിയത് പ്രണയവികാരങ്ങള്‍ക്ക് ചൂടേറിയതിനാലാവാം. എന്നാല്‍ കാമിനിയെ കാമവികാരങ്ങള്‍ക്കടിമയാക്കി, ആവോളം ആസ്വദിച്ച് അവളെ ഉപയോഗശൂന്യയാക്കി തെരുവിലുപേക്ഷിക്കുന്നതോ...?

ഞാനിന്നൊരു യാത്രക്കൊരുങ്ങുകയാണ്... മഴു എറിഞ്ഞു കേരളക്കരയെ സൃഷ്ടിച്ച പരുശുരാമനെ തിരക്കി... ഇതിനായിരുന്നോ അദ്ദേഹം കേരളം സൃഷ്ടിച്ചത് എന്നറിയണം.

എന്നാല്‍ വഴിയേ ഞാനറിഞ്ഞു.... പരുശുരാമനും യാത്രയിലാണ്. കൈയില്‍ നിന്നും അറിയാതെ വഴുതിപ്പോയ ഒരു മഴു തിരക്കി.... ലഭിച്ചാല്‍ ഹിമാലയത്തിലേക്ക് തിരിച്ചെറിയാന്‍...!!!

Saturday, July 21, 2007

പ്രാരാബ്‌ദം

പ്രാരാബ്ദങ്ങളുടെ കടലില്‍ മുങ്ങിത്താഴുകയാണ് പരമു എന്ന 25 കാരന്‍. പരമുവിന്‌ സ്വന്തമായുള്ളത് - ഒരമ്മ, മൂന്ന് പെങ്ങന്മാര്‍. അപ്പനുണ്ടായിരുന്നു, കഴിഞ്ഞ ദിവസമാണ് മരിച്ചത്. തളര്‍വാതവും ഒപ്പം ക്യാന്‍സറും ആയിരുന്നു. അതിനാല്‍ തന്നെ അപ്പനുണ്ടായിരുന്ന കാലാത്തും പ്രാരാബ്ദം മുഴുവന്‍ പരമുവിന്റെ തലയില്‍ തന്നെയായിരുന്നു.

പെങ്ങന്മാരില്‍ പരമുവിന്റെ തൊട്ടുതാഴെ ഇരുപാത്തിമൂന്നുകാരി സുജ, അതിനുതാഴെ ഇരുപത്തിയൊന്നുകാരി സിന്ദു, ഏറ്റവും ഇളയത് ഇരുപതിലേക്ക് കാലെടുത്തു കുത്താന്‍ ഒരുങ്ങി നില്‍ക്കുന്ന ബിന്ദു. നാട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ പരമുവിന്റെ വീട്ടില്‍ കെട്ടുപ്രായം കഴിഞ്ഞു നില്‍ക്കുന്ന മൂന്ന് ചരക്കുകള്‍ ഉണ്ട്. പരമുവിന്റെ പ്രശ്നവും അതു തന്നെ. എങ്ങനെ ഈ മൂന്നെണ്ണത്തിനെ കെട്ടിച്ചയക്കും..? ഒന്നേ ഉള്ളായിരുന്നുവെങ്കില്‍ സഹിക്കാ‍മായിരുന്നു... ഇത് എണ്ണം മൂന്നാണ്. ചിന്തിച്ചപ്പോള്‍ അവന്റെ കണ്ണുകളില്‍ ഉപ്പ്‌ജലം നിറഞ്ഞു.

“എടാ... മോനേ... പരമൂ...” അമ്മയുടെ വിളി. പരമു കണ്ണ് തുടച്ച് എഴുന്നേറ്റ് പോയി.

പത്ത് മിനിറ്റിനുള്ളില്‍ വീണ്ടും പഴയ സ്ഥലത്ത് വന്നിരുന്നു... ദീര്‍ഘമായി ഒന്ന് നെടുവീര്‍പ്പെട്ടു... പിന്നെ പൊട്ടിക്കരഞ്ഞു.... - “വിധവയായ അമ്മക്ക് ഒന്ന് കൂടി വിവാഹം കഴിക്കണമത്രേ...!!!”

Tuesday, July 17, 2007

“ഇന്നലെ എന്റെ വിവാഹമായിരുന്നു” (മൂന്നാം ഭാഗം)

“മൂസ വട സ്റ്റാളി“ന്റെ മൂലയിലെ ആ കാലൊടിഞ്ഞ ബഞ്ചിന്റെ ഒരറ്റത്ത അയാള്‍...
ഡല്‍ഹിയില്‍ നല്ല പിടിപാടുള്ള ആള്‍... പേര് ചോദിച്ചാല്‍ ഇംഗ്ലീഷിലെ ആദ്യ രണ്ട് അക്ഷരങ്ങള്‍ പറയുന്നവന്‍.
ഇനിയും മനസിലാകാത്തവര്‍ ചൂണ്ടിക്കാണിക്കാന്‍ പറയരുത്... ഞാന്‍ പേര് പറയാം ഏ.ബി.
ഞാന്‍ ഉള്ള നെഞ്ച് വിരിച്ച് പിടിച്ച് അയാളോട്
“ഹലോ.. ഹൌ ഓള്‍ഡ് അര്‍ യു..?”
എന്ന് ചോദിക്കാനായി മുന്നോട്ട് ആഞ്ഞതാണ്..
അപ്പോഴേക്കും വിത്സു ഹണിമൂണിന് കൊടയിക്കനാലിന് പോയപ്പോ പ്രിയതമയേ എന്നപോലെ എന്നെ വട്ടം പിടിച്ചു... ഒരു നിമിഷം ഞാന്‍ വിത്സുവിനെക്കുറിച്ച് തെറ്റിദ്ധരിച്ചു.
“ശെ... എന്തോന്നാ ഇയാള് കാണിക്കുന്നത്.... വല്ലോരു കണ്ടാ എന്ന വിച്ചാരിക്കും..?”
വിത്സു... പെട്ടെന്ന് കൈ വിട്ടു എന്നിട്ട് പറഞ്ഞു....
“അയ്യോ... അവനോട് മിണ്ടാനൊന്നും പോകല്ലെ..., പറയാന്‍ പറ്റത്തില്ലാ... ചിലപ്പോ ഈ കല്യാണം മുടക്കാന്‍ ആരെങ്കിലും പറഞ്ഞ് വിട്ടിരിക്കുന്നതായിരിക്കും.”
എനിക്കൊന്നും മനസിലായില്ല. എന്നാലും ഞാന്‍, എന്റെ കല്യാണം നടത്തി തരാന്‍ വേണ്ടി വന്ന കണ്‍കണ്ട ദൈവമായ വിത്സു പറഞ്ഞത് അനുസരിച്ചു. അയാള്‍ ഞങ്ങളെ കണ്ടിട്ടില്ലാ എന്ന് മനസിലാക്കിയ ഞങ്ങള്‍, ജെറിയേ പിടിക്കാന്‍ തറയിലൂടെ പടമായി പോകുന്ന ടോമിനെ പോലെ ഇഴഞ്ഞ് നീങ്ങി.
ഏ.ബി. ഇരുന്ന ആ ബഞ്ചിന്റെ അങ്ങേ മൂലക്ക് പോയി ഇരുന്നു. അയാള്‍ തന്റെ വര്‍ക്ക് തൂടര്‍ന്നുകൊണ്ടിരിക്കുകയാണ് - ഓര്‍ഡര്‍ ചെയ്ത് വന്ന പപ്പടവടയിലെ കുമിളകള്‍ എണ്ണുന്നു.
ഞാനും വിത്സുവും തമ്മില്‍ അടക്കി പറഞ്ഞു:
“എന്തിനാണാവോ ഇയാള്‍ ഇവിടെ വന്നത്...??” “എന്താണിയാളുടെ ഉദ്ദേശം...?“
എന്നാല്‍, ഇതിന്റെ എല്ലാം ഉത്തരം വിത്സുനറിയാം എന്ന് എനിക്ക് ചിലപ്പോഴൊക്കെ ആ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു.
ഏ.ബി. തന്റെ പപ്പടത്തിലെ കുമിളകളുടെ എണ്ണമെടുത്ത് തിട്ടപ്പെടുത്തിയ ശേഷം... പപ്പടവട ഒന്നാകെ വായിലേക്ക് ഇടിച്ചു കയറ്റാനുള്ള ശ്രമത്തിലാണ്.
ഈ സമയം മൂസ എന്ന ആ വടസ്റ്റാള്‍ അബ്കാരി..., ഞങ്ങളെ സമീപിച്ച് ചോദിച്ചു...
“എന്തോന്ന് വേണം തിന്നാന്‍...?”
“എന്തോന്ന് ഉണ്ട് തിന്നാന്‍...? എന്നായി ഞങ്ങള്‍.
മൂസ തന്റെ മെനു നിരത്തി - വാ കൊണ്ട്...
“വെറും പപ്പടം, പപ്പടചായ, പപ്പടറ്റീ, പപ്പടകാപ്പി, പപ്പടദോശ, പപ്പടമസാലദോശ, പപ്പടസാദാദോശാ, പപ്പടവട, പപ്പടഉഴുന്നുവട, പപ്പടസ-മൂസ, പപ്പടയുത്തപ്പ, പപ്പടബിസ്കറ്റ്, പപ്പടബോളി, പപ്പടയട, പപ്പടപ്പുട്ട്, പപ്പടകപ്പ, പപ്പടബിരിയാണി, പപ്പടപുലാവ്, പപ്പടചപ്പാത്തി, പപ്പടപൊറോട്ടാ, പപ്പടസൂപ്, പപ്പടന്യൂഡില്‍‌സ്,....”
ഇടക്ക് കയറി ഞാന്‍ പരഞ്ഞു....
“മതി ചേട്ടാ..., മതി..!!! അല്ലാ... പപ്പടമില്ലാത്ത എന്തെങ്കിലും കിട്ടുമോ...”
അബ്‌കാരി മൂസ ഒരു നിമിഷം ആലോചിച്ചു.. എന്നിട്ട് പറഞ്ഞു..
“പപ്പടം ഇല്ലതെ.... ബില്ല് കിട്ടും, മതിയോ..”
വിത്സുവിന് ദേഷ്യം മൂക്കൊലിപ്പിന്റെ രൂപത്തില്‍ പുറത്തേക്ക് വന്നു... വന്ന ദേഷ്യത്തെ കൈപ്പുറം കൊണ്ട് മൂക്കേലും പരിസരപ്രദേശങ്ങളിലും തേച്ച് പിടിപ്പിച്ച് വിത്സു പറഞ്ഞു...
“എടോ, എന്നാലൊരു വെറും പപ്പടസൂപ്പ് താ...!! അതു മതി ഇപ്പോള്‍...!!“ “പെണ്ണു കാണാന്‍ പോകുന്ന വീട്ടില്‍ നിന്നും ഒരു ഗ്ലാസ് പാല്‍ വാങ്ങി കുടിക്കാം...!!!“ എന്ന് വിത്സു സ്വയം പറഞ്ഞു. മൂസ അടുക്കളയെ ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍ സംശയത്തിന്റെ ഭാഷയില്‍ എ.ബി.യോടൊരു ചോദ്യം എറിഞ്ഞു...
“ഇയാളെ ഈ ഏരിയായിലെങ്ങും മുന്‍പ് കണ്ടിട്ടില്ലാല്ലോ..!!!”
ഈ സമയത്തിനുള്ളില്‍ എ.ബി. തന്റെ പപ്പടയടയുടെ നാലില്‍ മൂന്ന് ഭാഗവും തന്റെ ശരീരത്തിന്റെ ഭാഗമാക്കിയിരുന്നു. ആയാള്‍ തലയുയര്‍ത്തി മൂസയെ ഒന്ന് ഗാഡമായി നോക്കി. എന്നിട്ട് മൊഴിഞ്ഞു.
“ഞാന്‍ അങ്ങ ഡല്‍ഹീന്ന് വരുവാ...!! ഒരു കൊട്ടേഷനുമായുള്ള വരവാ..!!! കൊട്ടേഷന്‍‌ന്ന് പറഞ്ഞാ അതങ്ങ് ആഫ്രിക്കേന്നാ..!!!”
മൂസ ഒന്ന് ഞടുങ്ങി..., ഒരു ഭയം മനസില്‍ “ഒരു മുറൈ വന്ത് പാര്‍ത്തായാ...” ആടിത്തിമിര്‍ക്കാന്‍ തുടങ്ങി. അബ്‌കാരി‍ക്കെതിരേ ആവുമോ പടച്ചോനെ യെവന്റെ കൊട്ടേഷന്‍ എന്നോര്‍ത്ത് മൂസയുടെ മുണ്ട് ഈറനണിഞ്ഞു. അതും പൊക്കി പിടിച്ച് മൂസ കിളവന്റെ ശബ്ദത്തില്‍ (വിറയല്‍ മൂലം) വീണ്ടും ചോദിച്ചു...
“അ..ആ...ര്‍...ക്കൊ..ള്ള..താ... ഈ... കൊ..കൊ..ട്ടേ..ഷ..ന്‍....!!???”
“നിങ്ങളാരും പേടിക്കണ്ടാ..., അത് ഇവിടെ ഈ നാട്ടില്‍ ഒരു കേസില്ലാ വക്കീലത്തിയില്ലേ..? അവളെ പെണ്ണു കാണാന്‍ ഒരു പാര്‍ട്ടി ഇന്ന് വരുന്നുണ്ട്...!! അത് മുടക്കണം...!! പിന്നെ അതിന്റെ ബ്രോക്കറെ പിടിച്ച് നാലെണ്ണം പൊട്ടിക്കണം...!! ഇങ്ങനെ യുവകോമളന്മാരെ പറ്റിക്കുന്ന വേറൊരു ജീവി ഈ ഭൂമുഖത്തുണ്ടാവില്ലാ....!! ഒരു ഷമി എന്ന യുവാവ് തന്റെ തേക്കും പൊക്കി പിടിച്ച്, സ്മീ.... സ്മി... എന്നലറിക്കൊണ്ട് ഭ്രാന്ത് പിടിച്ച് നടക്കുന്നത കണ്ടിട്ടാ എന്റെ ഈ വരവ്...!!“
മൂസ്സയിലെ വിറയല്‍ ലാന്‍ഡിംങ്ങ് ചെയ്തു...!! എന്നാല്‍ ഈ സമയത്ത് അതേ ബഞ്ചിന്റെ മറുമൂലക്ക് വിത്സുവിന് വിറയല്‍ റ്റേക്ക് ഓഫ് ചെയ്തു തുടങ്ങിയിരുന്നു.
ഈ സമയം, കയിലിരുന്ന എന്തോ വിലപ്പെട്ട സാധനം വീണുപോയവനെപ്പോലെ വിത്സു മേശക്കടിയില്‍ ഇറങ്ങി തപ്പാന്‍ തൂടങ്ങി. എനിക്കൊന്നും മനസിലായില്ല ഈ ബ്രോകര്‍ വിത്സു എന്താണ്‍ തപ്പുന്നത് എന്ന്. പിന്നീട് ഞാനൂഹിച്ചെടുത്തു... വിത്സു സ്വയരക്ഷക്കായി സ്വന്തം തടി തപ്പുന്നതിന്റെ ഭാഗമാണത് എന്ന്.
ഇതിനോടകം എ.ബി. താന്‍ കഴിച്ചുകൊണ്ടിരുന്ന പപ്പടവട മുഴുവന്‍ തന്റെ വയറിന്റെ ഇരുളടഞ്ഞ കോണില്‍ തള്ളിയിരുന്നു. പിന്നെ പതിയെ ആ മെലിഞ്ഞുണങ്ങിയ ആജനുബാഹു എഴുന്നേറ്റു. എന്നിട്ട് പുറത്തേക്ക് മന്തന്‍ മന്തന്‍ നടന്നു. കക്ഷങ്ങള്‍ക്കിടയില്‍ മത്തങ്ങ വച്ചിരിക്കുന്നതുപോലെയാണ് അയാള്‍ കൈവീശി നടക്കുന്നത്... പിന്നെ ആ നടപ്പ്..., ഒന്നുകില്‍ ചന്തിയില്‍ ജന്മനാ പരു ഉണ്ടാവണം..., അല്ലെങ്കില്‍ ഈയടുത്ത നാളുകളില്‍ അരെങ്കിലും ചന്തിയില്‍ ചട്ടുകം പഴിപ്പിച്ച് വെച്ചിട്ടുണ്ടാകും..., ഇനിയിപ്പോ അതുമല്ലെങ്കില്‍ മറ്റേ പ്രശ്നമാണ്.... എന്തോന്ന്...? “മൂസ വട സ്റ്റാളി“ലെ പപ്പടവട “അതിവേഗം ബഹുകാര്യം” എന്ന രീതിയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടാവാം...!!! എന്താണെങ്കിലും ആ പോക്ക് കാണാന്‍ രസമുണ്ട്.
ഒരു നിമിഷം.... രണ്ടു ജന്മങ്ങളുടെ മുഖത്ത് പ്രസാദം വീണു... - അബ്കാരി മൂസയുടേയും, ബ്രോകര്‍ വിത്സുവിന്റേയും മുഖത്ത്. എന്നാല്‍ വിത്സുവിന്റെ മുഖത്തേത് ഒരു തത്കാല രക്ഷപ്പെടലിന്റെ പ്രസാദം മാത്രമായിരുന്നു....!

നിമിഷങ്ങള്‍ക്കകം “പപ്പടസൂപ്പു”മായി മൂസാ ഹാജരായി...!
ഏതാണ്ട് പഴയങ്കഞ്ഞി വെള്ളത്തില്‍ പപ്പടം പൊടിച്ചിട്ടിരിക്കുന്നു...! അതാണ് പപ്പടസൂപ്പിനെക്കുറിച്ച് ഒരു ചെറിയ വിവരണം എനിക്ക് പറയാന്‍ കഴിയുക. ഞാനത് കുറച്ച് കഴിച്ചു... അല്ലാ... കുടിച്ചു...! ഓരോ സ്പൂണും വായിലേക്ക് വയ്ക്കുമ്പോള്‍ മൂക്ക് അടക്കുക എന്നതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ളതായി എനിക്കു തോന്നിയത്..!
എന്നാല്‍ ഇതെത്രെ കണ്ടിരിക്കുന്നു..., വീട്ടില്‍ എന്നും കിട്ടുന്നത് വച്ച് നോക്കുമ്പോള്‍ ഇതെത്ര ടേസ്റ്റിയാണ് എന്ന് വിത്സുവിന്റെ ഓരോ കഴിപ്പിലും മനസിലാക്കാമായിരുന്നു.
ഞാന്‍ എന്റെ സൂപ്പ് കുടി നിറുത്തി വെറുതേ കഴിക്കോലും എണ്ണി ഇരിക്കുമ്പോള്‍... വിത്സു സൂപ്പിന്റെ അവസാന കണികകള്‍ നക്കിത്തുടക്കുകയായിരുന്നു.

ഏതാനും മിനിറ്റുകള്‍ കൂടി ഇഴഞ്ഞു നീങ്ങി...!
അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് - വിത്സുവിന്റെ മുഖത്ത് ചില ഭാവാഭിനയങ്ങള്‍ മിന്നിമറയുന്നു...!!
“ഉദയനാണ് താര“ത്തില്‍ ജഗതി കാട്ടിയ എല്ലാം ഭാവങ്ങളും കാട്ടി... പിന്നേ, ഒരു നടനോ നടിക്കോ ഇതുവരെ ആവശ്യമായി വന്നിട്ടില്ലാത്ത മറ്റ് പല ഭാവഭേദങ്ങളും വിത്സുവിന്റെ മുഖത്ത് മിന്നിമറയുന്നത് ഞാന്‍ കണ്‍കുളിര്‍ക്കെ കണ്ടു.
എനിക്കൊന്നും മനസിലായില്ല... എന്തിനാണാവോ മൂസയുടെ കടയില്‍ നിന്നുകൊണ്ടീ നാടകം? തിന്ന സൂപ്പിന്റെ പൈസാ ഞാന്‍ കൊടുത്തല്ലോ.. പിന്നെ ഈ നാടകം...?
എന്നാല്‍ ഈ സമയത്തും... എന്റെ വീട്ടില്‍, വിത്സുവിന് സംഭവിക്കാന്‍ പോകുന്ന മഹാമാരിയെക്കുറിച്ചോര്‍ത്ത് - ഓര്‍ത്ത് - പിന്നേയും ഓര്‍ത്ത് പൊട്ടി-പൊട്ടി ചിരിക്കുകയായിരുന്നു... എന്റെ പുന്നാരമ്മായി..!

ഞാന്‍ വടസ്റ്റാളില്‍ നിന്നും മന്ദം മന്ദം പുറത്തേക്ക് ഇറങ്ങി. തിരിഞ്ഞ് ഞാന്‍ വിത്സുവിനെ നോക്കിയപ്പോള്‍ അയാള്‍ മൂസയോട് എന്തോ സ്വകാര്യം പറയുകയായിരുന്നു. പിന്നെ മൂസ കൈചൂണ്ടിയിടത്തേക്ക് വിത്സു കാലുകള്‍ നീട്ടി വച്ച് നടക്കാന്‍ തുടങ്ങിയെങ്കിലും... പിന്നെ ഇത്ര മാത്രം കാലുകള്‍ സ്‌ട്രച്ച് ചെയ്ത് നടന്നാല്‍ എന്തോ നഷ്ടപ്പെട്ടു പോകുമെന്ന് മനസിലാക്കിയിട്ടെന്നവണ്ണം.... നടത്തം സാധാരണഗതിയിലുമാക്കി.
ഞാന്‍ മൂസയുടെ അടുക്കല്‍ ചെന്ന് കാര്യമന്വേഷിച്ചു. അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ്... അല്ലെങ്കില്‍ ഒഴുക്ക്... - കൃത്യമായ വാക്ക് വിത്സു തിരിച്ചു വന്നിട്ട് തീരുമാനിക്കാം - മനസിലായത്.

എതാനും മിനിറ്റുകള്‍ മുന്നോട്ടോടി...! വിത്സു തിരിച്ചെത്തുകയായി. ഇപ്പോഴും ആ മുഖം തഥൈവ. ഞാന്‍ കാര്യങ്ങള്‍ ചോദിച്ചു.
“അല്ലാ... വിത്സേട്ടാ.. എന്താ സത്യത്തില്‍ പ്രശ്നം...?“
“അറിയില്ലാ... എന്തോ ഒരു പന്തികേട്...!!! പുറത്തേക്ക് കുറച്ചെന്തെങ്കിലും കളയാന്‍ എന്റെ വയറ് വെമ്പല്‍ കൊള്ളുന്നു....!!! എന്ന് വിത്സു.
“എന്നാല്‍ പിന്നെ കളഞ്ഞൂടെ...?” എന്നായി ഞാന്‍.
“ആഗ്രഹമില്ലാഞ്ഞിട്ടാണോ....?!!! അറിയാവുന്ന രീതിയിലെല്ലാം നോക്കി.... നോ രക്ഷ...!!! എവിടെയോ ഒരു വഴിതടയല്‍ സമരം പോലെ...!!!” വിത്സു ഭാവാഭിനയത്തിന്റെ അകമ്പടിയോടെ പറഞ്ഞൊപ്പിച്ചു.
“എന്തായാലും വാ... നമുക്ക് നടക്കാം... റബര്‍ത്തോട്ടമല്ലേ ചുറ്റും...!!! സമയവും അവസരവും നോക്കി വീണ്ടും ശ്രമിക്കാം...!!!“ എന്ന് കൂടി പറഞ്ഞുകൊണ്ട് അയാള്‍ മുന്നേ നടന്നു. ഞാനും അയാളെ പിന്‍ഗമിച്ചു. സെകന്റ്കള്‍ക്കുള്ളില്‍ അയാള്‍ വീണ്ടും പൂറകിലായി.

വിത്സുവിന്റെ പ്രശ്നത്തേക്കുറിച്ചിപ്പോള്‍ ആര്‍ക്കും മനസിലാക്കാന്‍ കഴിയില്ലാ...!!! അല്ലെങ്കില്‍ തന്നെ, ആരും പരീക്ഷിച്ചിട്ടില്ലാത്തൊരു പരീക്ഷണമല്ലേ എന്റെ തങ്കപ്പെട്ട അമ്മായി വിത്സുവിന്റെ ശരീരത്തില്‍ നടത്തിയത്. ഇപ്പോള്‍ വിത്സുവിന്റെ ആ അവസ്ഥ അറിയാവുന്നവര്‍ രണ്ടു പേര്‍... - പാവം വിത്സുവും... മുകളിലിരിക്കുന്നവനും...!! പ്രശ്നങ്ങളുടെ സത്യാവസ്ഥ അറിയാവുന്നരും രണ്ട് പേര്‍... - എന്റെ നല്ലോരമ്മായിയും... മുകളിലിരിക്കുന്നവനും...!! വിത്സുവിന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങള്‍ മനസിലാക്കണം - ആഫ്രിക്കക്കാരന്‍ അയച്ച ഡല്‍ഹീഗുണ്ടാ തല്ലാനായി ഒരു വശത്ത്...., കുപ്രശസ്ത എഴുത്തുകാരന്‍ തൊപ്പി പണ്ട് പറഞ്ഞതുപോലേ, ഒരു പ്രകൃതിയുടെ കോള്‍ - വിളി കേള്‍ക്കാതെ - മറുവശത്ത്. ഡല്‍ഹീപ്രശ്നം രണ്ട് തല്ലു കിട്ടിയാല്‍ തിരുന്നതാണ് പക്ഷെ ഇത് ഇപ്പോ....!!!!

പ്രശ്നങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെ ആണെങ്കിലും... വിത്സു ജോലിയോടുള്ള ആത്മാര്‍ഥതയെ മുന്‍‌നിര്‍ത്തി... എനിക്കായി പറഞ്ഞു വച്ച ആ പെണ്ണിനെ കാണിച്ചു തന്നിട്ടേ പോകൂ എന്ന വാശിയില്‍ തന്നെയായിരുന്നു. കിഴക്കാം തൂക്കായി വടക്കോട്ട് ചാഞ്ഞു കിടക്കുന്ന ആ റബര്‍ത്തോട്ടത്തിലൂടെ ഞങ്ങള്‍ ഒരു വ്വാല്‍കിംഗ് (ല്‍ - സൈലന്റാണേ..!!!) നടത്തി...!! ഇടക്കിടെ ചില റബര്‍കുഴികളില്‍ സമയ-സന്ദര്‍ഭങ്ങളെ മിസ്സാക്കാതെ വിത്സു പ്രകൃതിയുടെ വിളി കേള്‍ക്കാനായി... എല്ലാം കൂര്‍പ്പിച്ച് കുത്തിയിരുന്നു..!!! എന്നാല്‍ ഫലത്തില്‍ പറയാന്‍... പ്രശ്നം വഴിതടയല്‍ പോലെ എന്തോ ഒന്ന്....!!!!

അവസാനം ഞങ്ങള്‍ ആ കേസില്ലാ വക്കീലത്തിയുടെ പടിവാതിലക്കല്‍ എത്തിനിന്നു. ഗേറ്റില്‍ ഒരു കൂറ്റന്‍ കറുത്ത ബോര്‍ഡില്‍ ബ്ലാക്ക് കളറുകൊണ്ടെഴുതിയിരിക്കുന്നു.: മിസ്സ്.ആമ.എമ്മേ.എല്ലെല്‍.ബി...!!!
ഞാനൊരു നിമിഷം അന്തിച്ചു... “ആമയോ...?”
വിത്സു അത് വിശദീകരിച്ചു.. “ആമയല്ലാ... അത് ആമി എന്ന് തന്നെയായിരുന്നു... ഏതോ കേസു കൊടുത്തയാള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേസിന്റെ പോക്കില്‍ ഒരു മാറ്റവും കാണാത്തതില്‍ സംദുഷ്‌ടനായി... ചെയ്താതാ..., ആമിയുടെ വള്ളി.. പൊട്ടിച്ചു... അങ്ങനെ ആമയായതാ...!!!”
ശരിയാണ്... വള്ളി ആരോ മായിച്ച് കളഞ്ഞിരിക്കുന്നത് കാണാം. എനിക്ക് സന്തോഷമായി.

ഞാന്‍‍ ആമിയുടെ വീടിന്റെ നടുമുറ്റത്തേക്ക് വലതുകാലെടുത്ത് വച്ചതും നാലുപാടും നിന്നും എന്തൊക്കെയോ എന്റെ ശരീരത്തില്‍ വന്ന് വീഴുന്നതായി ഞാനറിഞ്ഞു...
“ഹൊ... സ്വര്‍ഗ്ഗത്തില്‍ നിന്നും പൂക്കള്‍ വര്‍ഷിക്കുന്നവോ..!!!??? പക്ഷെ ഈ വര്‍ഷിക്കുന്ന പൂക്കള്‍ക്കിതെന്തേ ഒരു മാതിരി ചീമുട്ടയുടേയും ചാണകത്തിന്റേയും ഒക്കെ മണം...??”
എനിക്കൊന്നും മനസിലായില്ലാ...!!! സംശയനിവാരണത്തിനായി ഞാന്‍ തിരിഞ്ഞ് വിത്സുവിനെ നോക്കിയപ്പോള്‍ കണ്ടത്... വന്ന വഴി മറന്ന്... കണ്ട വഴിയേ.... ഓടുകയാണ് വിത്സു. പുറകേ അതാ... ആ ഡല്‍ഹീക്കാരന്‍ എ.ബി. എന്ന ക്വട്ടേഷങ്കാരനും.
അപ്പോള്‍ ഈ ചീമുട്ടയും ചാണകവും...? അത് ഡല്‍ഹീക്കാരന്റെ മറ്റൊരു സൂത്രപ്പണിയായിരുന്നു... വക്കില്‍ ആമി വളരെ ബുദ്ധിമുട്ടി തോല്‍പ്പിച്ചു കൊടുത്ത ആമിയുടെ ചില പ്രിയങ്കരരായ ക്ലൈന്റ്സിന്റെ ഉപഹാരമായിരുന്നു... ഈ അത്ഭുതവര്‍ഷം...!!!

കാ‍ര്യങ്ങളുടെ ഒളിഞ്ഞിരുന്നുള്ള നില്‍പ്പ് മനസിലായ ബുദ്ധിമാനായ ഞാന്‍.... “ഗോഡ് ഫാദര്‍”ലെ മുകേഷിനേപ്പോലെ തല ആകാശത്തിലേക്ക് ചെരിച്ച് ഓടുകയായിരുന്നു....!!! ഹോ... ബസുകൂലി പോലും ലാഭിച്ച്...., സകലപ്രതീക്ഷകളെയും തകിടം മറിച്ച്...., പ്രതീക്ഷച്ചതിലും ഒരുപാട് നേരത്തെ.... ഞാനെന്റെ വീടിന്റെ പടിവാതിലില്‍ അഭയം പ്രാപിച്ചു.

ഇനിയെന്ത്.... ഇനിയെങ്ങനെ എന്റെ വിവാഹം.... ആരിനി ബ്രോക്കര്‍.... അങ്ങനെ ഒരുപാട് ഒരുപാട് ചോദ്യങ്ങള്‍ മനസില്‍ കുമിഞ്ഞ് കൂടിയ ആ നേരത്ത് അമ്മ അമ്മായിയൂടെ അകമ്പടിയോടെ രംഗപ്രവേശം നടത്തി.
അമ്മയൂടെ ആദ്യ ചോദ്യത്തിനു മുന്‍പേ അമ്മായി വാ തുറന്നു...
“എങ്ങനെയൂണ്ടെടാ...???? ങ്ഹേ... ങ്ഹു...” ഒരു ആക്കിയുള്ള ചോദ്യം...
എങ്ങനെയൂണ്ടെടാ എന്നോ...? അതിന് ഉണ്ണാന്‍ പോയിട്ട്... പച്ചവെള്ളം പോലും കൂടിക്കാനുള്ള അവസരം കിട്ടിയില്ലാ എന്ന് ഞാന്‍ എങ്ങനെ അമ്മയുടേയും അമ്മായിയുടേയും മുഖത്ത് നോക്കി പറയും..? ഞാന്‍ വാക്കുകള്‍ കിട്ടാതെ പരവശനായി.... അല്ലെങ്കില്‍ തന്നെ ഓടി ഓടി അവശനായിരുന്നു...!!! “അമ്മായി, ആദ്യം ഇത്തിരി വെള്ളം കൊണ്ടുവാ... എന്നിട്ട് വിശദമായി പറയാം ഞാന്‍..”
അമ്മായി വെള്ളത്തിനായി അടുക്കളയിലേക്ക് കുട്ടിയാന കണക്കെ നടന്നു. ഞാന്‍ മഴയെ കാക്കുന്ന വേഴാമ്പലിനെപ്പോലെ വെള്ളം കാത്തിരുന്നു...!!! അമ്മ കഥകള്‍ കേള്‍ക്കാന്‍ ചെവിക്ക് മൂര്‍ച്ച കൂട്ടി നിന്നു...!!! അമ്മായി വെള്ളവുമായി വന്നു...!! ഞാന്‍ കന്നുകാലി കാടിവെള്ളം കൂടിക്കുന്ന ലാഘവത്തോടെ വെള്ളം അകത്താക്കി...! ഞാന്‍ കഥകള്‍ പറഞ്ഞു തുടങ്ങി....!!! അമ്മയുടേയും അമ്മായിയുടേയും വാകള്‍ പൊളിഞ്ഞ് പൊളിഞ്ഞ് ഡിഷ് ആന്റ്റീനാ മാതിരിയായി... കണ്ണുകള്‍ ത്രി-ഡി വ്യൂവിലായി...!!! കഥ വന്ന് വന്ന് ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥ വരെയെത്തും മുന്‍പേ... അമ്മ മുറ്റത്തേക്ക് മൂക്ക് മുത്താന്‍ തയാറെടുത്തുകൊണ്ട് നെഞ്ചത്തൊന്നാഞ്ഞടിച്ചു... പിന്നെ പതിയെ ചരിയാനൊരുങ്ങി... എന്നാല്‍ അമ്മയേ തോപ്പിച്ചുകൊണ്ട് അമ്മായി ബോദം പോലും കളഞ്ഞ്.... പച്ചചാണകത്തില്‍ ചക്കപ്പഴം വീണ ശബ്‌ദത്തോടെ... മുറ്റത്തേക്ക് ഫാളിംങ്ങ് ഡൌണ്‍ ആയി...!!! ഞാന്‍, ഇനി എന്ത് എന്നറിയാതെ കുന്തം വിഴുങ്ങിയ മാതിരി നിലത്ത് കുത്തിയിരുന്നു.

** ** **

ഈ സമയത്ത്... കാഞ്ഞാര്‍ എന്ന എന്റെ കൊച്ചുഗ്രാമത്തിന്റെ വിരിമാറിലെ ഒരു മുറുക്കാന്‍ കടയില്‍ നിന്നുകൊണ്ട്.... അയാള്‍ അടുത്ത് നിന്ന കള്ളുചെത്തുകാരന്‍ കുട്ടപ്പനോട് ചോദിച്ചു... “ഈ കള്ളഭൂമി പത്രാധിപരുടെ വീടെവിടെയാ....!!!!????“

....... (തുടരും)

Friday, June 29, 2007

“ഇന്നലെ എന്റെ വിവാഹമായിരുന്നു” (രണ്ടാം ഭാഗം)

ഒരു ഭാവഭേദവും എന്റെ മുഖത്തെ ദംശിച്ചിട്ടില്ലാ എന്നാക്കിത്തീര്‍ത്ത് ഞാന്‍ ചോദിച്ചു... “അയ്യോ... ശരിക്കും എനിക്ക് ആളെ അങ്ങട് പെട്ടന്ന് മനസിലായില്ല കേട്ടോ..!!! ഓര്‍മ്മക്കൂട്ടില്‍ കണ്ടിട്ടുള്ള ആ ഫോട്ടോസുമായി ഒരു സാമ്യവുമില്ലാല്ലോ...” അയാള്‍ വാചാലനായി... “അത്... ഞാന്‍ പണ്ടെടുത്ത ഫോട്ടൊയാ... പിന്നെ ഞാനും ഇത്തിരി ഫോട്ടോഷോപ്പ് ബ്യൂട്ടിപാര്‍ലറില്‍ ഒക്കെ പോകുന്ന ആളാ...” എനിക്ക് ആ മുഖത്തേക്ക് നോക്കി നിന്നു സംസാരിക്കാന്‍ വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടു.... അതിലും സുഖം ആ റോഡരികിലെ ഓടയില്‍ കൊഴുപ്പ് പരുവത്തില്‍ ഒഴുകാനാവാതെ കുമിഞ്ഞു കൂടി കിടന്നിരുന്ന ആ കറുത്തിരുണ്ട ദ്രാവകത്തിലേക്ക് കണ്ണും നട്ട് നില്‍ക്കുകയായിരുന്നു....!! അതിനിടയില്‍ ഞാന്‍ ചോദിച്ചു... ”അല്ലാ.. ഷമി എന്താ ഇവിടെ... ഇപ്പോള്‍...?“ അയാല്‍ വീണ്ടും പറഞ്ഞു തുടങ്ങി..” ഞാന്‍ ഇവിടെ..., എന്റെ ഒരു സുഹൃത്തിന് തേക്ക് വേണമെന്ന് പറഞ്ഞു... അപ്പോ അതിന്റെ കാര്യത്തിനായിട്ട് വന്നതാ.... അപ്പഴാ അറിഞ്ഞത് ഇയാള് ഇന്ന് വരുന്നു എന്ന്...!! പിന്നെ സുഹൃത്ത് എന്ന് പറഞ്ഞാല്‍ വെറുതേ ഒരു സുഹൃത്താണ്...” സുഹൃത്ത് എങ്ങനെയുള്ള സുഹൃത്താണെന്ന് ഞാന്‍ ചോദിച്ചില്ലാ... എന്നിട്ടും അയാളുടെ ആ കര്യത്തിനിടയിലെ ഫ്രീ ഓഫര്‍ ഡയലോഗില്‍ എന്റെ ശ്രദ്ധ ഉടക്കി കിടന്നു. കൂടാതെ ആ കാര്യം പറഞ്ഞപ്പോള്‍ അയാളുടെ മുഖത്ത് (അയാളുടെ കഴുത്തിന് മുകളിലുള്ള ആ ഫ്രണ്ട് വശത്തേ മുഖം എന്ന് പറയാന്‍ പറ്റുമോ എന്ന് എനിക്കറിയില്ലാ...) മിന്നി മറഞ്ഞ ഭാവവ്യത്യാസങ്ങളും ഞാന്‍ മനസില്‍ കുറിച്ചിട്ടു.

പെട്ടന്നാണ് എവിടെ നിന്നോ ഒരു വല്ലാത്ത രീതിയില്‍ അലാറം - അലറല്‍ എന്ന് പറയുന്നതാവും കൂടുതല്‍ ശരി - കേട്ടു. ഏതാണ്ട് കൊല്ലാന്‍ പന്നിയെ പിടിച്ച മാതിരി ഒരു സ്വരം. അതിന്റെ ഉത്ഭവം അറിയാന്‍ ഞാന്‍ നാലു പാടും കണ്ണോടിച്ചു. അപ്പോ‍ഴാണ് ഞാന്‍ കണ്ടത്... ഷമി ചാക്കുനൂലില്‍ ബന്ധിച്ചിരിക്കുന്ന തന്റെ ട്രൌസറിന്റെ നീണ്ട് തൂങ്ങിയ പോക്കറ്റില്‍ കൈയിട്ട് ആ സാധനം വലിച്ചെടുക്കുന്നു. ആദ്യമായി മ്യൂസിയത്തില്‍ കയറിയ കൂട്ടിയെപ്പോലെ ഞാന്‍ ആ സാധനം നോക്കി നിന്നു പോയി. നോക്കിയാ മൊബൈല്‍ കംബനി ആദ്യം ഇറക്കിയ മൊബൈല്‍ ഷമിയുടെ പക്കല്‍. ഏതാണ്ട് 1 അടി നീളവും അതിനൊത്ത വണ്ണവും. ഇതുണ്ടെങ്കില്‍ വല്ല ട്രയിന്‍ യാത്രക്കും ഇടയില്‍ ഒന്നുറങ്ങണമെങ്കില്‍ തലയിണയായി ഉപയോഗിക്കാം... അല്ലെങ്കില്‍ ഇറച്ചി വെട്ടാനുള്ള തടിമുട്ടിയായോ... നാടും‌പുറത്ത് ക്രിക്കറ്റ് കളിക്കാനോ ഒക്കെയായി ഉപയോഗിക്കാമല്ലൊ ഇത് എന്ന് ഞാന്‍ മനസില്‍ പറഞ്ഞു. ഷമി അതിന്റെ ബട്ടണില്‍ ആഞ്ഞമര്‍ത്തി. ഇപ്പോഴും ആ വല്ലാത്ത വൃത്തികെട്ട ശബ്ദം കാതുകളെ കൂരിരുട്ടിലാക്കുന്നുണ്ട്.... ഈ കാതിനെങ്ങാനും വായുണ്ടായിരുന്നെങ്കില്‍ ഇതിനോടകം നാല്പത് തെറി പറഞ്ഞേനെ...!!! ഈ സമയം മുഴുവന്‍ ഷമി തന്റെ ശ്രമം തുടരുകയാണ് ആ ബട്ടണ്‍ ഒന്നമര്‍ത്താന്‍. അവസാനം ഞാന്‍ ഇടപെടാമെന്ന് തീരുമാനിച്ചു... “അല്ലാ... ഞാന്‍ സഹായിക്കണോ...” “ഹേയ് വേണ്ടാ...“ ഞാനിതെത്ര കണ്ടതാ എന്ന മട്ടില്‍ അപ്പോള്‍ തന്നെ മറുപടിയും വന്നു... ഓഫായി പോയ ഓട്ടോ ഓണാക്കാന്‍ വീണ്ടും വീണ്ടും ശ്രമിക്കുന്ന ഓട്ടോക്കാരനേയാണ് എനിക്കോര്‍മ്മ വന്നത്... അങ്ങനെ അവസാനം ഷമി തന്റെ പതിനെട്ടാമത്തെ അടവ് തന്നെ അപ്പില്‍ ചെയ്യാന്‍ തീരുമാനിച്ചു. ആ പെരുത്ത സാധനം ഷമി കുനിഞ്ഞ് തറയിലേക്ക് വച്ചു എനീട്ട് കാലുയര്‍ത്തി ഉപ്പൂറ്റി അതിന്റെ ബട്ടണെ ഉന്നം വച്ച് മൂന്ന് തവണ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തു... എന്നിട്ട് തന്റെ സര്‍വ്വശക്തിയും കാലിലേക്ക് ആവാഹിച്ച് ബട്ടണില്‍ ആഞ്ഞ് ചവിട്ടി. ഹോ.... അതേറ്റിരിക്കുന്നു. ഇപ്പോള്‍ ആ അലറല്‍ ഇല്ല... ആകെ ഒരു ശാന്തമയം. യുദ്ധത്തില്‍ ജയിച്ച യോദ്ധാവിനെ പോലെ ഷമി ഞെളിഞ്ഞ് നിന്ന് മൊബൈല്‍ കുനിഞ്ഞെടുത്തു. എന്നിട്ട് ദിഗന്തം നടുങ്ങുമാറുച്ചത്തില്‍ അലറി... “ഹലോ.... ഇതാരാ...?” അപ്പുറത്ത് നിന്നും സംസാരിക്കുന്നത് എനിക്ക് കേള്‍ക്കാന്‍ കഴിയിന്നില്ലായിരുന്നു എങ്കിലും ഷമിയുടെ മുഖത്തെ ആ ഏറ്റക്കുറച്ചിലുകള്‍ കണ്ടാല്‍ എന്തൊക്കെയൊ മദുരം കലങ്ങുന്നത് ആര്‍ക്കും മനസിലാക്കാവുന്നതേ ഉള്ളു. എന്തായാലും ആ മുഖത്തേ ഭാവഭേദങ്ങല്‍ ഞാന്‍ പരമാവധി വായിച്ചെടുത്തു. മുംബയില്‍ മുനിസിപ്പാലിറ്റി വാഹനം വന്ന് ചപ്പ്ചവറുകള്‍ വാരുന്നത് എനിക്കപ്പോള്‍ ഓര്‍മ്മ വന്നു. എന്തൊക്കെയോ കിന്നരിച്ച് ഷമി ഫോണ്‍ ഓഫ് ചെയ്തു. ഫോണ്‍ ഓഫാക്കുന്നതിന് പഴയ പതിനെട്ടാമത്തെ അടവിന്റെ ആവശ്യം വന്നില്ലാ... മറുതലക്കല്‍ നിന്നും അത് ഓഫാക്കിയതിനാല്‍ രക്ഷപ്പെട്ടു. ഷമി തേനൂറുന്ന വാക്കുകളാല്‍ പറഞ്ഞു... “എന്റെ സുഹൃത്തായിരുന്നു.... ഞാന്‍ പറഞ്ഞില്ലേ.. എന്റെ തേക്ക് വേണമെന്ന പറഞ്ഞ എന്റെ സ്‌മി.....” ആ പേര് ഷമി മുഴുമിപ്പിച്ചില്ലാ.... അതിനിടയില്‍ വായില്‍ നിന്നും ഒലിച്ചിറങ്ങിയ പഞ്ചാരയില്‍ “ത” ഒലിച്ചുപോയി. ഞാന്‍, എനിക്കിത്തിരി തിരക്കുണ്ട് എന്ന് വിടുവാ അടിച്ച് അവിടെ നിന്നും ബസ് സ്റ്റാന്റിനെ ലക്ഷ്യമാക്കി നടന്നു.

ഇനി രണ്ടര മണിക്കൂറ് ബസില്‍ യാത്ര ചെയ്യണം പ്രകൃതി രമണിയായ കാഞ്ഞാര്‍ എന്ന അന്റെ ഗ്രാമത്തില്‍ എത്തിചേരാ‍ന്‍. എന്തായാലും ഞാന്‍ ബസ് സ്റ്റാന്റില്‍ ചെന്നതെ എനിക്ക് ബസ് കിട്ടി. ഒരു സീറ്റും തരപ്പെട്ടു. ഇനി രണ്ടര മണിക്കൂറ്.... നല്ല ഒരൊറക്കം ഞാന്‍ പാസാകാന്‍ തീരുമാനിച്ചു. അധികം താമസിയാതെ ഞാന്‍ ഉറക്കത്തിലേക്ക് തലകുത്തി വീണു. രണ്ടര മണിക്കൂറ് ഇതാന്ന് പറഞ്ഞ്... (എന്തിനോടാ ഞാന്‍ ഉപമിക്കുക...?) ങ്ഹാ... മലയാളത്തില്‍ നിന്നു പടിയിറങ്ങിയ ഒരു മുംബയ് ഐ.ഐ.റ്റി കാരിയുടെ തിരിച്ചു വരവ് പോലെ ശൂ...പ്പ്.... എന്ന വേഗതയില്‍ ഞാനെന്റെ ഗ്രാമത്തെ പൂണ്ടു. വീട്ടിലെത്തിയപ്പൊ അവിടെ എന്നെ സ്വീകരിക്കാന്‍ ഒരു പാട് പേര്‍... അതില്‍ പകുതിയിലധികവും ആരെന്ന് എനിക്കു തന്നെ അറിയില്ല... പലര്‍ക്കും എന്നെയും അറിയില്ല. ഞാനെന്റെ മുറിയില്‍ കടന്ന് പെട്ടി തുറന്ന് തുണി മാറാന്‍ ഒരുങ്ങവേ എന്റെ പുന്നാര അമ്മായി കയില്‍ കടന്നു പിടിച്ചു... എന്നിട്ട് എന്റെ ചെവിയിലോതി... “എടാ ഇപ്പൊ നീ ഈ പെട്ടി ഒന്നും തുറക്കണ്ടാ... അതില്‍ നിന്നെന്തെങ്കിലും അടിച്ചു മാറ്റാന്‍ വേണ്ടി മാത്രം കുടിയേറിയിരിക്കുന്നവരാ നിന്റെ അമ്മാവനടക്കം എല്ലാരും...! അതോണ്ട് നീയത് പിന്നെ ഞാന്‍ മാത്രമുള്ളപ്പോ തുറന്നാ മതി....” പക്ഷെ എനിക്കത് തുറന്നെ പറ്റൂ അമ്മായി..., എന്റെ കോണകചേലകളെല്ലാം ഈ പെട്ടിക്കുള്ളിലാ എന്നും പറഞ്ഞുകൊണ്ട് ഞാന്‍ പെട്ടി മലര്‍ക്കെ തുറന്നു. പിന്നെ നടന്നത്... കബഡി കളിയില്‍ എതിര്‍ടീമില്‍ നിന്നും വന്നവന്റെ മേല്‍ ചാടി വീഴുന്ന കബഡിക്കാര‍ന്മാരെപ്പൊലെ അവര്‍ - എന്റെ സ്വന്തക്കാര്‍ - ആ പെട്ടിക്കു മുകളിലേക്ക് ചാടി വീണു. പിന്നെ ഓരോരുത്തരായി ഓരൊന്ന് ഓരോന്ന് കയിക്കലാക്കി സ്ഥലം കാലിയാക്കി തന്നു... അങ്ങനെ അവസാനം ഞാനും പെട്ടിയും മാത്രമായി. ഇടാന്‍ സ്വന്തമായി ഒരു കോണാന്‍ പോലുമില്ലാതെ ഞാന്‍ കുന്തം വിഴുങ്ങിയ മാതിരി നിന്നു. പിന്നെ അമ്മായിയുടെ സഹായത്താല്‍... അമ്മാവന്റെ പഴയ ഒരു ഓട്ട വീണ കോണാനില്‍ ഞാന്‍ സംതൃപത്നാകേണ്ടി വന്നു...!!! അമ്മായിയെ ഞാന്‍ എന്റെ കടപ്പാടറിയിച്ചു. ഇനിതിടയില്‍ അമ്മയോട് ഞാന്‍ ആരാഞ്ഞു.. “അല്ലാമ്മേ... എന്തിനാണീ സ്വന്തക്കാരെല്ലാം കൂടി വന്നിരിക്കുന്നത്...?“ അമ്മ സുസ്മരവേദിയായി മൊഴിഞ്ഞു.. “നിന്റെ കല്യാണത്തിന്...” ഞാന്‍ ഞടുങ്ങി... “ങ്ഹേ... എന്റെ കല്യാണമോ...? അതിന് പെണ്ണെവിടെ..?” അമ്മയുടെ പക്കല്‍ അതിനുള്ള മറുപടിയും ഉണ്ടായിരുന്നു... “എടാ മണ്ടാ..., നിനക്ക് കല്യാണമാലോചിക്കാനായിട്ട് മുംബയില്‍ നിന്നും നാളെ രാവിലെ ഒരു ബ്രോക്കര്‍ ഇവിടെ എത്തുന്നുണ്ട്.... പുള്ളി എല്ലാം ശരിയാക്കി കൊള്ളും....” ഞാന്‍ കുറെ ചിന്തിച്ചു... ആരാണാവൊ... ആ‍ മുംബയ് ബ്രോക്കറ്...?? അങ്ങനെ സന്ദ്യയായി... രാത്രിയായി... ഞാനും ഉറക്കത്തിന്റെ കൂട്ടില്‍ കയറി.

പിറ്റേന്ന്.. കോഴി മൂന്ന് തവണ കൂവി ഞാന്‍ ഉറക്കം വിട്ടെഴുന്നെറ്റ് പുറത്തേക്ക് നോക്കി... ആ നശിച്ച കോഴി അവിടെ നിന്ന് പിന്നേയും ആരെയോ എഴുന്നേല്‍പ്പിക്കാനായി വീണ്ടും കൂകി തകര്‍ക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ഞാന്‍ കണ്ടത്.. സൂര്യന്‍..! സൂര്യന് ഇപ്പൊഴും ഞാന്‍ കുട്ടിക്കാലത്ത് കണ്ട അതേ നിറം... അതേ മുഴുപ്പ്.... ഞാനാകെ മാറിയിരിക്കുന്നു... പക്ഷെ സൂര്യന് ഒരു മാറ്റവുമില്ല... ഞാനോര്‍ത്തു....! ഉമ്മറത്ത് നിന്നുകൊണ്ട് സൂര്യനെന്ന പാല്‍ക്കാരന്‍ പാണ്ടിയോട് അമ്മ പറഞ്ഞൂ.... “സൂര്യാ നീയിവനെ തെരിയുമാ...? എന്റെ ഇളയ സന്താന്‍ താനെ...” സൂര്യന്‍ തലയാട്ടി ഭവ്യതയോടെ പറഞ്ഞു... “ഞാനറിയും അമ്മാ.. മോനൊത്തിരി വലുതായിരിക്കുന്നു....” പണ്ടെങ്ങോ ഇന്നാട്ടിലെത്തിയ സൂര്യന്‍ പിന്നെ ഈ നാടിന്റെ ഒരു ഭാഗമായി മാറി. ഇപ്പൊ ആരെങ്കിലും പാണ്ടിയോട് തമിഴ് പറഞ്ഞാലും പാണ്ടി മലയാളമേ പറയൂ....!! ചിന്തിച്ച് നിന്ന എന്നെ നോകി അമ്മ പറഞ്ഞൂ...: “എടാ പെട്ടന്ന് പോയി റെഡിയാവാന്‍ നോക്ക്... അയാള്‍... ആ ബ്രോക്കറ് ഇപ്പൊ ഇങ്ങെത്തും...” പിന്നെ ഞാന്‍ പോയി കൂളിച്ചു... എന്നിട്ട് കണ്ണാടി മുന്നില്‍ കുറെ നേരം നിന്നു... പിന്നെ, കുളിച്ചാല്‍ ഞാനൊരു സുന്ദരനാണെന്ന സത്യം ഞാന്‍ സ്വയം മനസിലാക്കി... എന്നിട്ട് ഇങ്ങനെ പറഞ്ഞു...”എന്നാലും എന്റെ ദേവമേ... എന്നും എന്നെ കൊണ്ട് കുളിക്കാന്‍ നീയെന്തെ തോന്നിപ്പൊക്കാത്തത്...? ഞാന്‍ എന്നും കുളിച്ചിരുന്നാല്‍ ഇതിനോടകം എത്ര പെണ്‍കുട്ടികള്‍ എന്റെ സൌന്ദര്യത്തില്‍ തട്ടി വീണേനെ.... ഞാനെത്ര തവണ പത്രങ്ങള്‍ക്ക് നല്ല നല്ല വാര്‍ത്തകള്‍ ഉണ്ടാക്കി കോടുത്തേനെ...!!! ഇതിനിടയില്‍, പൂമുഖപ്പടിയില്‍ എന്നേയും കാത്ത് അയാള്‍ എത്തി.

ഷെയ്പ്പില്ലാത്ത ഒരു മുഖം, കഴുത്തില്‍ പൂച്ചനഖം കൊളുത്തിയ രുദ്രാക്ഷമാല, ഒരു വലിയ കണ്ണട കൊണ്ട് മുഖത്തിന്റെ പകുതി വൃത്തികേടുകള്‍ മറച്ചിട്ടുണ്ട്, കയില്‍ ഒരു കാലന്‍-കുട, കക്ഷത്തില്‍ ഒരു പെരുത്ത പുസ്തകം. ഫുള്‍ കൈയന്‍ ഷര്‍ട്ട്, അരപ്പിരി ലൂസായ ട്രൌസറും, അതിന് പറ്റിയ ഒരു ചെരുപ്പും. അയാള്‍ സ്വയം പരിചയപ്പെടുത്തി... “ഞാന്‍ സ. വിത്സു. മുംബയില്‍.., കല്യാണം എങ്ങനെ കഴിക്കണം എന്ന വിഷയത്തില്‍ പാരലല്‍ കോളേജില്‍ പഠിപ്പിക്കുന്നു. ഇതാണ് പിന്നെ മെയിന്‍ ബിസിനസ്സ്. എന്റെ കയില്‍ പല തരത്തിലുള്ള കുട്ടികള്‍ ഉണ്ട്... പലതും ആദ്യം ഫോണിലൂടെയാണ് ചെക്കനുമായി മുട്ടിച്ച് കൊടുക്കുന്നത്... പിന്നെ അത് കല്യാണം വരെ എത്തിയേ ഞാന്‍ അടങ്ങാറുള്ളു.....” അയാള്‍ ഉടനേയെങ്ങും നിറുത്തില്ലാ എന്ന് മനസിലാകി ഞാന്‍ ഇടക്ക് കയറി ചോദിച്ചു... “ഈ സ.വിത്സു... എന്ന് പറഞ്ഞാല്‍... സ.. എന്താ സഖാവ് എന്നാണോ....?” അയാള്‍ വീണ്ടും ആ വാ തുറന്നു... “ഹേയ് അല്ലല്ലാ... സ.വിത്സു എന്ന് പറഞ്ഞാല്‍ സന്യാസി വിത്സു... ഞങ്ങള്‍ പാരമ്പര്യമായി സന്യാസികളാ...” അയാള്‍ മുഴുമിപ്പിക്കും മുന്‍പേ മുന്നില്‍ അമ്മായി പ്രത്യക്ഷപ്പെട്ടു... കയില്‍ ചൂടുള്ള ചായയുമായി...! എന്നാല്‍ വിത്സു ആ ചായ വാങ്ങിയില്ലാ... താന്‍ സ്ഥിരമായി പാല് മാത്രമേ കുടിക്കുകയുള്ളു എന്നും, തനിക്ക് ഉടന്‍ ഒരു ഗ്ലാസ് പാല്‍ വേണമെന്നും ഒരു നാണവും മാനവും നോക്കാതെ വിത്സു പറഞ്ഞു... ഇപ്പോല്‍ ഞടുങ്ങിയത് എന്റെ പുന്നാര അമ്മായിയാണ്... അവസാനമിരുന്ന ഇത്തിരി പാലു കൊണ്ട് ചായയിട്ടാ അയാള്‍ക്കായി ചായ ഉണ്ടാകിയത്.... ഇനിയിപ്പൊ പാ‍ല്‍ എവിടുന്നൊപ്പിക്കും...? ചിന്താവിഷ്ടയായ അമ്മായി അടുക്കളഭാഗത്തെത്തി ഒരു നിമിഷം ചിന്തിച്ച് നിന്നു... ജന്മനാ അപാരബുദ്ധിയുള്ള അമ്മായിയുടെ തലയിലെ ട്യൂബ് സ്റ്റാര്‍ട്ടറില്ലാതെ കത്തി... അടുക്കള വശത്തെ അരഭിത്തിയില്‍ ഷീറ്റ് ഉണ്ടാക്കാനായി പാട്ടയില്‍ ഊറ്റി വച്ചിരിക്കുന്ന റബര്‍പാലിലേക്ക് ഒന്ന് ഒളികണ്ണെറിഞ്ഞ് അമ്മായി നിശ്ചയദാര്‍ഡ്യത്തോടെ അടുക്കളയിലേക്ക് കയറി.. ഒരു ഗ്ലാസുമായി തിരിച്ചിറങ്ങി..., പിന്നെ എല്ലാം പെട്ടെന്നായിരുന്നു...!! ഗ്ലാസില്‍ റബര്‍പാല്‍ നിറച്ച് എടുത്തു... അടുക്കളയില്‍ നിന്നും രണ്ട് സ്പൂണ്‍ പഞ്ചസാരയും ഇട്ട് കലക്കി... പിന്നെ, അപ്പന്‍ ഓണത്തിന് ഓഫര്‍ വന്നപ്പോ മേടിച്ച ഓവനില്‍ വച്ച് റബര്‍പാല്‍-പാല്‍ ചൂടാ‍ക്കിയേടുത്തു... എന്നിട്ട് നാണത്തില്‍ കലങ്ങി, കുണുങ്ങി കുണുങ്ങി അമ്മായി സ.വിത്സുവിന് മുന്നില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. പാല്‍ കണ്ടപ്പൊ... വിത്സുവിന്റെ കണ്ണൂകള്‍ വീടര്‍ന്ന് ചിരി തൂകി... എന്നിട്ട് പാല്‍ ആര്‍ത്തിയോടെ വാങ്ങി... എല്ലാവരേയും ഒന്ന് നോക്കി... കണ്ണടച്ച് പിടിച്ച് ആ പാല്‍ മുഴുവന്‍ നക്കിതുടച്ച് കുടിച്ച് ഗ്ലാസ് അമ്മായിക്ക് കൈമാറി. അമ്മായി..., ഒരു മാതിരി കക്കുസില്‍ ആളുള്ളതുകൊണ്ട് എല്ലാം അടക്കി പിടിച്ച് നില്‍ക്കുന്നവനെപ്പൊലെ... വന്നുകൊണ്ടിരുന്ന ചിരിയേ അടക്കിപ്പിടിച്ചു നടന്നു പോയി അടുക്കളയെ ലക്ഷ്യമാക്കി.

ഞങ്ങള്‍ യാത്ര ആരംഭിച്ചു. ഞാ‍നും വിത്സുവും മാത്രമേ ആദ്യപടി പെണ്ണുകാണലിന് പോകുന്നുള്ളു. എനിക്ക് പെണ്ണിനെ പിടിച്ചാല്‍ മാത്രം വീട്ടുകാര് കണ്ടാ മതി എന്നായിരുന്നു തീരുമാ‍നം. അങ്ങനെ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ഞാന്‍ സ.വിത്സുവിന്റെ കക്ഷത്തിലിരിക്കുന്ന വലിയ പുസ്തകത്തിലൊന്ന് കണ്ണോടിച്ചു...! പിന്നെ തലയേ 90 ഡിഗ്രി ആംങ്ങിളില്‍ ചെരിച്ച് ആ പുസ്തകത്തിന്റെ പേര് വായിച്ചെടുത്തൂ... “റസാഖിന്റെ ഇതിഹാസം”. ഞാന്‍ ഇത്ര കഷ്ടപെട്ട് അത് വായിച്ചെടുക്കുന്നതറിഞ്ഞ് സ.വിത്സു “റസാഖിന്റെ ഇതിഹാസം”ത്തെക്കുറിച്ച് വാചാലനായി....! ഇതിനിടയില്‍ ബസ് വന്നു. ഞങ്ങല്‍ അതില്‍ കയറി. എന്റെ അടുത്തെങ്ങും അയള്‍ക്ക് സീറ്റ് കിട്ടല്ലേ എന്ന് ഞാന്‍ മനസുരുകി പ്രാര്‍ത്ഥിച്ചു... എന്തിനേറെ പറയുന്നു, മനസ് കുറെ ഉരുകി ഒഴുകിപ്പൊയതല്ലാതെ ഒരു ഗുണവും ഉണ്ടായില്ല. അയാള്‍ - സ.വിത്സു - എന്റെ അടുത്തു തന്നെ സീറ്റിംഗ് ഉറപ്പിച്ചു. എന്നിട്ട് വാ പൊളിച്ച് തൂടങ്ങി...: “റസാഖിന്റെ ഇതിഹാസം.... മലയാലത്തിലെ വലിയ ഒരു എഴുത്തുകാരനാണീ റസാഖ്...!! എന്താണെഴുത്തെന്നറിയുവോ..!!! ഫുള്‍ റ്റൈം കഞ്ചാവാ കക്ഷി..., കഞ്ചാവടിച്ചാലെ ഭാവന വരൂ എന്നാണ് പൂള്ളിക്കാരന്‍ പറയുന്നത്...! എപ്പളും ഒരു പേന പുള്ളീടെ കൈയില്‍ കാണും പുറം ചൊറിയാനും ചെവിയില്‍ കിള്ളാനും മറ്റുമായിട്ട്..!!! അല്ലാ പുള്ളീടെ കവിതകളൊന്നും കേട്ടിട്ടില്ലെ...? പുള്ളീടെ ഫേമസ് ഒരു കവിത ഞാന്‍ പടാം...!!!” വേണ്ടാ എന്ന് പറയും മുന്‍പേ വിത്സു, പാറപ്പുറത്ത് ചിരട്ടയിട്ട് ഒരക്കുന്ന ശബ്ദത്തില്‍ അലറി തുടങ്ങി, റസാഖിന്റെ കവിതാ...: “അയ്യായിരം‌പരം മക്കളെ പെറ്റൊരമ്മേ, നിന്റെ മക്കളില്‍ ഞാനാണ് ഭ്രാന്തന്‍..!!! പന്ത്രണ്ടു മാസവും ഞാനെഴുതുമമ്മേ..., നിന്റെ മക്കളില്‍ ഞാനാണലമ്പന്‍...!! കഞ്ചാവടിച്ചേ ഞാനെഴുതുകുള്ളു.... എഴുതുന്നതെല്ലാര്‍ക്കും അയ്ക്കുന്നു ഞാന്‍...!! അത് വായിക്കുന്നവര്‍ പ്രാകുന്നു എന്നെ... കണ്ടാല്‍ തല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു....!! ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാനിനിയുമെഴുതും... ഇനിയും തെറി കേള്‍ക്കും... ഞാന്‍ എത്ര പറഞ്ഞാലും നന്നാവില്ല...!!!!” ഇത്രയും പാടി പിന്നെ ശ്വാസം എടുക്കാനായി ഒന്ന് നീട്ടി നിറുത്തി.... അവിടെ എന്റെ ശബ്ദം ഉയര്‍ന്ന് കേട്ടു..: “മതി.... മതി... മതിയായി... അല്ലാ നിങ്ങളെന്തിനാ ഇതും ഇങ്ങനെ കക്ഷത്തില്‍ തിരുകി നടക്കുന്നത്...?” അയാല്‍ ഉത്തരമോതി.. “സത്യം പറയാല്ലൊ...!! ഞാനും ഒരെഴുത്തുകാരനാ...! പണ്ടാരൊ തന്ന ഒരു പുസ്തകത്തില്‍ നോക്കി ഞാന്‍ ഒരു പാട് എഴുതി.. അങ്ങനെ ഒരു സുപ്രഭാതത്തില്‍ നോകിയെഴുതിയിരുന്ന എന്റെ എല്ലാ പുസ്തകങ്ങളും തീര്‍ന്നു. അങ്ങനെയിരിക്കുമ്പോളാണ് റസാഖുമായി പരിചയപ്പെടുന്നത്... അങ്ങനെ ഞാന്‍ എന്റെ എല്ലാം അയ്യള്‍ക്ക് കൊടുത്ത് പകരം ഈ പുസ്തകം കൈക്കലാക്കി... ഇതില്‍ നിന്നും എന്തെങ്കിലും നോക്കി എഴുതാന്‍... പക്ഷെ റസാഖ് എന്നെ ചതിച്ചോന്നാ ഒരു സംശയം...” ഞാന്‍ ഇടക്ക് കയറി ചോദിച്ചൂ.. “അതെങ്ങനെ...?” വിത്സു നിറുത്താതെ തുടര്‍ന്നു... “ഞാന്‍ ഇതുവരെ തൊള്ളായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റ് എണ്‍പത്താറ് പേജ് വായിച്ചു... ഇതുവരെയുള്ള എല്ലാ പേജുകളിലേ കവിതയും അയാള്‍ ആര്‍ക്കെങ്കിലും ഒക്കെ ഓള്‍‌റെഡി സമ്മാനിച്ചതാ...!!! ഇനിയിപ്പൊ മുന്നോട്ട് വായിച്ചു നോക്കണം..” പിന്നേയും അയാള്‍ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു... ഞാന്‍ ഉറക്കം നടിച്ച് കിടന്നു.... അതുകൊണ്ട് അധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ലാ...!!! എന്റെ ഉറക്കം ഒരു നടനമായിരുന്നതിനാല്‍ ഉണരുന്ന പ്രശ്‌നമേ ഉണ്ടായില്ല. ഇറങ്ങേണ്ട സ്ഥലമെത്തി എന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ ഞാനുണര്‍ന്നു....!!

ബസ് ആ ഗ്രാമത്തിന്റെ നെഞ്ചില്‍ വന്ന് നിന്നു. ഞാന്‍ വലതുകാല്‍ വച്ച് ഇറങ്ങി. ആ മണ്ണില്‍ കാ‍ല്‍ പതിഞ്ഞപ്പോള്‍ ദേഹമാസകലം ഒരു “പൂടാഞ്ചം”...!!!! ചിന്തകള്‍ സ്വര്‍ണ്ണതേരില്‍... (അല്ലെങ്കില്‍ വേണ്ടാ, സ്വര്‍ണ്ണത്തിനിപ്പൊ ഭയങ്കര വിലയല്ലേ...) അല്ല, ഒരു സാദാ തേരില്‍ പറന്നു. വിത്സു ഇതൊന്നുമറിയാതെ അടുത്തു കണ്ട ചായകടയെ ലക്ഷ്യമാക്കി നടന്നു കഴിഞ്ഞു... ഞാനും വിത്സുവിനെ പിന്‍‌ഗമിച്ചു....!! “മൂസ പപ്പട വട സ്റ്റാള്‍” ഞാന്‍ ബോര്‍ഡ് വായിച്ചെടുത്തു. പുറത്തേക്ക് നോക്കിയിരിക്കുന്ന അലമാരിയില്‍ പലതരം പപ്പട ഐറ്റംസിരിക്കുന്നു...!!! വട സ്റ്റാളിനെ സമീപ്പിക്കും തോറും പച്ചവെള്ളത്തില്‍ പപ്പടം കാച്ചുന്ന ആ സ്മെല്ല് മൂക്കിലേക്ക് അടിച്ചു കയറി. വിത്സു കൊതിയോടെ നടത്തം സ്പീഡിലാക്കി. ഞാനും ഒപ്പം പിടിച്ചു. അങ്ങനെ ഞങ്ങള്‍ ഒന്നിച്ച് “മൂസ വട സ്റ്റാളി“ലേക്ക് എന്ററി ചെയ്‌തു. അകത്തേക്ക് കടന്ന ഞങ്ങള്‍ ആ കാഴ്ച്ച കണ്ട് ഒന്ന് പതറി... മൂലയിലെ കാലൊടിഞ്ഞ ബഞ്ചിന്റെ ഒരറ്റത്ത് അയാള്‍.....!!!!

** ** **

എന്നാല്‍ ഇതൊന്നും അറിയാതെ... ബ്രോകര്‍ സ.വിത്സുവിന്റെ വയറ്റില്‍ റബര്‍പാല്‍ പുതിയ രാസപ്രവര്‍ത്തനങ്ങളുടെ പരീക്ഷണം ആരംഭിക്കുകയായിരുന്നു.

(തുടരും...)

Wednesday, June 27, 2007

“ഇന്നലെ എന്റെ വിവാഹമായിരുന്നു...”

സഹൃദയരായ കലാസ്നേഹികളേ, നുണക്കഥയുടെ ലോകത്തിലെ എന്റെ ആദ്യ നുണകഥ ഞാ‍ന്‍ അഭിമാനപുരസരം ആരംഭിക്കട്ടെ. ഈ കഥയുടെ പേരാണ്: “ഇന്നലെ എന്റെ വിവാഹമായിരുന്നു.” ഈ കഥയിലെ കഥയും കഥാപാത്രങ്ങളും ജനിക്കാനിരിക്കുന്നവുരുമായോ... അബദ്ധവശാല്‍ ജനിച്ചവരുമായോ.... ഇനിയിപ്പോ, കഷ്ടകാലത്തിന് മരിച്ചിട്ടില്ലാത്തവരുമായോ എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അത് തികച്ചും ഞങ്ങള്‍ കരുതികൂട്ടി ചെയ്തതാണ്. ഇനി ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയ്യാല്‍ സദയം സഹിക്കുക. ഇനി ഞങ്ങള്‍ ആരംഭിക്കട്ടെ...: “ഇന്നലെ എന്റെ വിവാഹമായിരുന്നു.”

- ഒന്നാം ഭാഗം.

മുംബൈയുടെ ഒത്ത നടുഭാഗം....! അതായത്.... കുര്‍ളാ സ്റ്റേഷന്‍....!! തിരക്ക് പിടിച്ച റയില്‍‌വേ സ്റ്റേഷനില്‍ ആരുമില്ല. ഞാന്‍ ഒന്ന് അന്തിച്ചു... പിന്നെ മനസിലായി... 11.40 ന് പോകേണ്ട ട്രയിനിനായി 7.40 നേ വന്നാല്‍ പിന്നെ ആരാ കാണുക...!! ആരും കാണില്ല... അല്ല കാണരുത്....!! കാരണം ആരെങ്കിലും കണ്ടാല്‍ പിടിക്കും. ആരും കാണുന്നതിന് മുന്‍പ് നേത്രാവതിയുടെ ഏതെങ്കിലും ആളൊഴിഞ്ഞ മൂലയില്‍ കയറിപ്പറ്റണം. പക്ഷെ...., അതിന് ട്രയിനെവ്വിടെ...?

പിന്നീട് ഞാനറിഞ്ഞു... മാക്സിമം ഒരു മണിക്കൂര്‍ മുന്‍പേ ട്രയിന്‍ വരുകയുള്ളു.... അല്ലാതെ നാട്ടിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ പോലെ.... മൂന്ന് മണിക്കൂര്‍ കൊണ്ടിട്ട്... കാരണവന്മാര്‍ സുകൃതജപം ചൊല്ലുന്ന മാതിരി... മൂവായിരം തവണ സ്‌ഥലപേരുകള്‍ പറഞ്ഞ്... മുന്നൂര്‍ പേരെയും കേറ്റി... കൊണ്ടുപോകേണ്ട ആവശ്യം ഇല്ലാല്ലോ ഈ ഇന്‍ഡ്യന്‍ റയില്‍‌വേക്ക്... കന്നുകാലികളെ മേയ്ക്കുന്ന ലാഘവത്തോടേ ഇന്‍ഡ്യന്‍ റയില്‍‌വേ കാക്കുന്ന ലാലുവിനേ സമ്മതിക്കണം - ഞാന്‍ മനസില്‍ പറഞ്ഞു.

പിന്നീട് സമയം പാമ്പായി (ഇഴഞ്ഞ്) നീങ്ങി. അതിനിടയില്‍ ഞാന്‍ ഫ്ലാറ്റ് ഫോമിന്റെ തുടക്കത്തില്‍ പോയി നിന്നു. മറ്റാരും കയറും മുന്‍പേ...., മറ്റാരുടെയും കണ്ണില്‍ പെടാതെ..., നേത്രാവതിയില്‍ കയറിപറ്റാന്‍. അവസാനം.... സമയത്തിന്റെ പണ്ടാരമടങ്ങലുകള്‍ക്ക് ചരമമറിയിച്ച്, ഏകദേശം 11 മണിയോടെ അവള്‍ എത്തി.... കുണുങ്ങി കുണുങ്ങി... നേത്രാവതി - കൊങ്കണിന്റെ പൊന്നോമന പുത്രി.

ഞാന്‍ കണക്കുകള്‍ കൂട്ടിയും കുറച്ചും നോക്കി...!! എത്ര ബോഗികള്‍..., എത്രാമത്തെതില്‍ കയറണം.... എവിടെ ഇരിക്കണം... എന്നൊക്കെ....!! പിന്നീടാണ് ഞാനോര്‍ത്തത് അതിനെന്തിനാണ് കണക്കുകള്‍ കൂട്ടണത്...., ഇതിന് കണക്കല്ല... ട്രയിനോളജി അറിഞ്ഞാല്‍ പോരെ... അതെനിക്ക് നന്നായി അറിയുകയും ചെയാം. അങ്ങനെ.... അവസാനത്തെ ബോഗി - ജെനെറല്‍ - ആദ്യം ഫ്ലാറ്റുഫോമിലേക്ക് കയറി... പിന്നെ, എ.സി.3, എ.സി.2, എ.സി.1, പി.സി. (കിച്ചണ്‍ എന്ന് മലയാളത്തില്‍ പറയും), എസ്-11, എസ്-10, എസ്-9, അങ്ങനെ അങ്ങനെ... എസ്-1 വരെ എത്തി. ഞാനതില്‍ ചാടി കയറി.

എസ്-1-ല്‍ നിന്നും പി.സി. വരെ പാസേജ് ഉണ്ട്. അതുപോലെ പാസേജിനായുള്ള ഷട്ടറിട്ട വാതില്‍ എസ്-1 - ല്‍ നിന്നും മുന്‍പിലുള്ള ജനറലിലേക്കുമുണ്ട്... എന്നാല്‍ അത് അടച്ചിട്ടിരിക്കുകയാണ്. കാരണം ജനറല്‍ കോച്ചിനില്ലാ ഈ പറയുന്ന മാതിരി ഷട്ടറും പാസേജും. ഇത് എല്ലാം അറിയുന്നവനായ ഞാന്‍... അടഞ്ഞ് കിടന്നിരുന്ന ആ പാസേജിന്റെ ഷട്ടര്‍ തുറന്നു. അപ്പുറത്തേക്ക് കടക്കാനായി എസ്-1ന്റെ ഒരു പാലം അവിടെ ഉണ്ട്. അതില്‍ നിന്നുകൊണ്ട് എസ്-1 ന്റെ ജനറല്‍ കോച്ചിന്റെ സൈഡിലേക്കുള്ള ഷട്ടര്‍ അടച്ചു. പിടിക്കാന്‍ രണ്ടുവശത്തും കമ്പികളുണ്ട്. ആരും ശ്രദ്ധിക്കാതിരിക്കാനായി ഞാന്‍ കരുതി വച്ചിരുന്ന, വീട്ടിലെ കരിക്കലം പിടിച്ച പഴയ തുണികള്‍ ആ കമ്പികളില്‍ നിവര്‍ത്തിയിട്ടു. ഇപ്പോള്‍ പുറത്ത് നിന്നും നോക്കിയാല്‍ ഏതോ പിച്ചക്കാരന്‍ മറന്ന് ഇട്ടിരിക്കുന്നതാണെന്നേ തോന്നുകയുള്ളു. ഞാനവിടെ സുഖമായി ഇരുന്നു. ഇനി 26 മണിക്കൂര്‍ ഇവിടെ ഇങ്ങനെ ഇരിക്കണമല്ലോ എന്നോര്‍ത്തപ്പോള്‍ ഒരു വല്ലായ്മ തോന്നിയെങ്കിലും, അന്ന് ആദ്യം ബോംബെക്ക് വന്ന കാലത്ത് ജയന്തി ജനതയില്‍ മൂന്ന് ദിവസം ഇങ്ങനെ ഇരുന്നതിലും വലുതല്ലല്ലോ ഇത് എന്നോര്‍ത്തപ്പോള്‍ ഒരാശ്വാസം. വീണ്ടും സമയം പാമ്പിന്റെ രൂപം ധരിച്ച് ഇഴഞ്ഞു...!

അങ്ങനെ... കൂട്ടമണി അടി കേട്ടു.... ട്രയിന്‍ വിടാനുള്ള ഒരുക്കമാണ്. പിന്നെ ഉച്ചത്തില്‍ അവള്‍ - നേത്രാവതി - കൂവി... പിന്നെ കുണുങ്ങി കുണുങ്ങി ഓടി... പിന്നെ പതിയെ പതിയെ സ്പീഡിലും...!!! പെട്ടന്നൊരു സമയത്ത് എന്റെ തലയില്‍ കൊള്ളിയാന്‍ മിന്നി... അത് മഴക്കാലമാവുന്നതിന്റെ ലക്ഷണമായിരുന്നില്ല. മറിച്ച് എന്റെ തലയിലെ ട്യൂബ് ലൈറ്റ് കത്തിക്കാനുള്ള അവസാനശ്രമമായിരുന്നു...! അങ്ങനെ കത്തിയും തെളിഞ്ഞും, കെട്ടും ഓഫായും... ആ ട്യൂബ് ലൈറ്റ് അവസാനം കത്തി. അവസാനം ഞാനാ സത്യം ഓര്‍മ്മകുളുടെ മാളത്തില്‍ നിന്നും വലിച്ചെടുത്ത് പുറത്തിട്ടു... അപ്പോള്‍ ഞോനോര്‍ത്തു: ഞാനിത്തവണ ടിക്കറ്റെടുത്തിട്ടുണ്ടല്ലോ - ആദ്യമായി..!! പിന്നെന്തിനിവിടെ ഇരിക്കണം...? ഞാന്‍ എന്നെ തന്നെ പ്‌രാകി... അറിയാതെ മനസില്‍ പറഞ്ഞു: കല്യാണം കഴിക്കാന്‍ പറ്റിയിരുന്നെങ്കില്‍ അവളേ കൂടി പ്‌രാകാമയിരുന്നു. കല്യാണക്കാര്യമോര്‍ത്തപ്പോള്‍ ഞാന്‍ എന്നെ തന്നെ വീണ്ടും പ്‌രാകി. അങ്ങനെ പലതും ഓര്‍ത്തും പ്‌രാകിയും പനവേല്‍ സ്റ്റേഷന്‍ എത്തി. പനവേല്‍ സ്റ്റേഷനില്‍ വണ്ടി നിറുത്തിയതും ഞാന്‍ ചാടി ഇറങ്ങി. പോക്കറ്റില്‍ നിന്നും ടിക്കറ്റ് എടുത്ത് നോക്കി. എസ്-4 : 54. അഹ്ഹാ...!! ഞാനോടി ചെന്ന് ആ സീറ്റില്‍ സ്ഥാനം പിടിച്ചു. പിന്നെയും അവള്‍-നേത്രാവതി ഓടി തുടങ്ങി.

എസ്-4 : 54 - ഏറ്റവും മുകളിലുള്ള ലോവര്‍ ബര്‍ത്താണ്. താഴത്തേ അപ്പര്‍ ബര്‍ത്തില്‍ ഒരു കാരണവര്‍ അലസമായി കിടന്നുറങ്ങുന്നു. ഞാനങ്ങോട്ട് നോക്കിയതേ ഇല്ല. (പിന്നെ എങ്ങനെ കണ്ടു എന്നോ..?) വല്ല തരുണീമണികളും കിടപ്പുണ്ടോ എന്നറിയാനുള്ള വ്യഗ്രതയില്‍ അറിയാതെ നോക്കിയതാണ്... അല്ലാതെ കാരണവരെ.... ശെ.. ശെ... ഞാനത്തരക്കാരനല്ലാ...! പിന്നെ ഞാന്‍ ജനാലയോട് ചേര്‍ന്ന് വിന്‍ഡോ സീറ്റില്‍ ഇരിപ്പുറപ്പിച്ചു. ഇത്തിരി അഹംഭാവം എന്റെ മുഖത്തുണ്ട് എന്ന് എനിക്ക് തന്നെ തോന്നിപ്പോയി ആ ഇരിപ്പില്‍. ആദ്യമായി ടിക്കറ്റ് എടുത്തു പോകുന്ന ഒരാളുടെ മാനസികാവസ്ഥ മനസിലാക്കാതെ അതിനെ അഹംഭാവം എന്ന് ആരും പറയരുതേ എന്ന് ഞാന്‍ സ്വയം ആത്മഗതം ചെയ്തു. വിന്‍ഡോ സീറ്റില്‍ അങ്ങനെ ഇരിന്നപ്പോള്‍ പണ്ട് ഞാനും അനുജത്തിയും കൂടി ചേട്ടന്റെ സ്‌കൂട്ടറിന്റെ വിന്‍ഡോ സീറ്റിനു വേണ്ടി തല്ലു കൂടിയതോര്‍മ്മയില്‍ വന്നു. പിന്നെ ഓരോരോ പഴയ ഓര്‍മ്മകളും ഓര്‍ക്കൂട്ടങ്ങളും തികട്ടി വന്നു. പിന്നെ ആ തികട്ടല്‍ എക്കിള്‍ ആയി രൂപാന്തരപ്പെട്ടു. തികട്ടി വന്ന ഓര്‍മ്മകളില്‍ എരിവിന്റേയും പുളിയുടേയും അളവ് കൂടുതലായതിനാലാവണം ഈ എക്കിള്‍. എക്കിള്‍ മാറ്റാനുള്ള തണുത്ത വെള്ളമെന്ന പോലെ... ഇടക്ക് ഞാന്‍ മലയാളിക്കൂട്ടത്തിലെ ചില മുഖങ്ങളേയും ഓര്‍മ്മിച്ചു.... പേടിപ്പിക്കുന്ന സര്‍ക്കസിനിടയില്‍ കോമാളികളെ കാണുമ്പോലെ ഞാനവരെ ഓര്‍ത്തു...!!!

** ** **

28 മണിക്കൂറുകള്‍ പോയതറിഞ്ഞില്ല....!! പാഞ്ഞു വന്ന ട്രയിന്‍ സഡന്‍ ബ്രേക്കിട്ട് നിറുത്തി. ആ ബ്രേക്കില്‍ എല്ലാവരും ഒന്ന് മുന്നോട്ട് ആഞ്ഞ് പിന്നെ പുറകോട്ട് ചരിഞ്ഞ് ബാലന്‍സ് പീടിച്ച് നിന്നു. ആ വലിയ തിരക്കിനിടയില്‍ ഏകനായി ഞാന്‍ ഇറങ്ങി... സ്റ്റേഷന്റെ വെളിയിലേക്ക് നടക്കുമ്പോള്‍ ഞാന്‍ ട്രയിനില്‍ ടിക്കറ്റ് ചെക്ക് ചെയുന്നവരെ മനസാ പ്‌രാകി. ആദ്യമായി ടിക്കറ്റെടുത്തിട്ട് അതൊന്ന് നോക്കാന്‍ പോലും.., വേണ്ട ഒന്ന് ചോദിക്കാന്‍ പോലും ഒരു ടി.ടി.ആറോ, ടി.ടി.ഏഴോ വന്നില്ല. ദൈവമേ നീ അറിഞ്ഞില്ലേ ഞാന്‍ ടിക്കറ്റ് എടുത്തത്...? അല്ലെങ്കില്‍ നീയെന്നും എന്റെ മുന്നിലേക്ക് ആ കറുത്ത ജീവികളെ അയക്കുന്നതാരുന്നല്ലോ...!! ഇന്ന് ഞാന്‍ ടിക്കറ്റെടുത്തപ്പോ എന്നോടീ ചതി വേണ്ടായിരുന്നു. ഞാന്‍ മനസില്‍ കണ്ണുനീര്‍ വാര്‍ത്തു.

പെട്ടന്നാണ് ആ കൈ എന്റെ നേരേ നീണ്ടു വന്നത്...!!! “ഹലോ...” ഞാനൊന്ന് ഞടുങ്ങിയത് കണ്ടുകാണില്ല എന്ന് സ്വയം ഞാന്‍ തന്നെ പറഞ്ഞുകൊണ്ട് ഞാന്‍ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. നല്ല പരിചയമുള്ള മുഖം... പിന്നെ ഞാന്‍ ഓര്‍ത്തെടുത്തു... എന്നാലും പേര് അത്ര കൃത്യമായി ഓര്‍ക്കുന്നില്ല... എന്നാലും ഞാന്‍ പറഞ്ഞു: “ഹലോ...!! സത്യത്തില്‍ എനിക്ക് അത്ര അങ്ങട് മനസിലായില്ല....!! നിങ്ങള്‍ ഷമി....” അയാള്‍ ചാടി പറഞ്ഞു... “അതേ... കറക്ടാണ് പറഞ്ഞോളൂ...!!” സമാധാനമായി എന്ന ഭാവത്തില്‍ ഞാന്‍ പറഞ്ഞൂ...” മൂന്നാം ക്ലാസില്‍ ഒപ്പം പഠിച്ച ഷമീറ്...?” ഇന്‍ ഹരിഹര്‍ നഗറിലെ ജഗദീഷിനെ പോലെ ആ മുഖം ചമ്മലിനെ മറച്ച് പിടിച്ച് പറഞ്ഞൂ.... “അയ്യോ.... ഞാന്‍ ഷമീറല്ല്ല... ഞാന്‍ വേണമെങ്കില്‍ ഒരു ക്ലൂ തരാം.... - പ്രസിദ്ധമായ ഒരു മഞ്ഞപ്പത്രത്തിന്റെ ഉടമയാണ് ഞാന്‍“. അത് കേട്ടു ഞാന്‍ ഒരിക്കല്‍ കൂടി ഞടുങ്ങി...!!! ഇത്തവ്വണ അത് അയാള്‍ക്കും മനസിലായി... എന്ന് എനിക്കും മനസിലായി. എന്റെ മനസില്‍ ഒരായിരം ചോദ്യങ്ങള്‍ മിന്നിമറഞ്ഞു....!!!!

(തുടരും.....)

Tuesday, May 22, 2007

സ്നേഹപൂര്‍വ്വം നിന്റെ സ്വന്തം....

- അയാള്‍ അവള്‍ക്കായി എഴുതി -

പ്രിയേ..,

നീയെന്റെ അടുക്കല്‍ നിന്നും പോയിട്ട് ഇന്ന് രണ്ട് മാസം തികയുന്നു. എത്രയേറെ സഹിച്ചാണ് ഞാനീ രണ്ട് മാസങ്ങള്‍ കടത്തി വിട്ടത് എന്ന് നിനക്കറിയുമോ...? ഇനിയുമുണ്ട് പത്ത് മാസം നീ തിരിച്ചു വരാന്‍. നിന്നെ കാണാതെയുള്ള ഓരോ ദിവസവും ഓരൊ യുഗങ്ങള്‍ പോലെയാണ് എനിക്കിന്ന് തോന്നുന്നത്. എനിക്കറിയാം, ഞാന്‍ വേണ്ടാ എന്ന് പറഞ്ഞിരുന്നെങ്കില്‍ നീ ദുബായ് എന്ന മഹാനഗരത്തിലേയ്ക്ക് എന്നേയും വിട്ട് പോകില്ലായിരുന്നു. പക്ഷെ എനിക്കങ്ങനെ പറയാന്‍ കഴിയില്ലാല്ലോ... എന്നേക്കാള്‍ ഞാന്‍ സ്നേഹിക്കുന്ന നിന്റെ ഭാവി ഞാനെങ്ങനെ നശിപ്പിക്കും...!

എന്തൊക്കെയായാലും, നിനക്കവിടെ സുഖമല്ലേ...? ഞാന്‍ നിന്റെ കൂടെയുണ്ട് അന്ന് ചിന്തിച്ചുകൊണ്ട് ജോലി ചെയ്യുക. അല്ല... ഞാന്‍ നിന്റെ കൂടെ തന്നെയുണ്ട്. വൈകുന്നേരങ്ങളിലാണ് നിന്റെ ഒരുപാട് ഓര്‍മ്മകള്‍ വരുന്നത്. നിന്നോടൊപ്പം കടല്‍തീരത്തെ കാറ്റ് കൊള്ളല്‍, തമാശകള്‍, പൊട്ടിച്ചിരികള്‍, മനസ്സ് കൊച്ചുകുട്ടികളുടേതുപോലെ ആവാറുണ്ടായിരുന്ന നിമിഷങ്ങള്‍.

അതൊക്കെ പോട്ടെ..., നീ ഒന്നുമോര്‍ത്ത് വിഷമികേണ്ടതില്ല. നീ പറഞ്ഞതുപോലെ തന്നെ, ഞാനിവിടെ കല്യാണക്കാര്യം തകൃതിയായി ചിന്തിക്കുന്നുണ്ട്. നീ തിരിച്ചു വന്നാലുടന്‍ നടത്താം. നീ ഒരു തരത്തിലും പേടിക്കേണ്ടാ... ഞാനുണ്ടാവും എപ്പോഴും നിന്നോടൊപ്പം. നിന്റെ മറുപടിക്കായി ഞാനിനിവിടെ കാത്തിരിക്കുന്നു. എത്രയും പെട്ടന്ന് എഴുതുക.

- അയാ‍ള്‍ എഴുതി നിറുത്തി -

എന്ന് സ്നേഹപൂര്‍വ്വം നിന്റെ സ്വന്തം,

പപ്പാ.

Monday, May 21, 2007

ഒരു ട്രെയിന്‍ യാത്ര

എര്‍ണാകുളം സൌത്ത് റയില്‍‌വേ സ്‌റ്റേഷന്‍. സമയം രാവിലെ 11.50. ബോംബെയ്ക്കുള്ള ട്രെയിന്‍ പോകാനുള്ള തയ്യാറെടുപ്പില്‍ ഒന്ന് കൂകി വിളിച്ചു. പിന്നെ പതിയെ പതിയെ ഓടി തുടങ്ങി.

ഞാന്‍ മുകളിലുള്ള എന്റെ ബര്‍ത്തിലേക്ക് ഒന്ന് കണ്ണോടിച്ചു. ആരൊക്കെയോ കുറെ ലഗേജുകള്‍ വച്ചിട്ടുണ്ട് അതില്‍. ഞാന്‍ അത് ആരുടെയാണ് എന്ന് തിരക്കി. ഒരു സഹയാത്രികന്റെ ആയിരുന്നത്. അത് ഒന്ന് മാറ്റിത്തരണമെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ ഒന്ന് ദേഷ്യഭാവത്തില്‍ നോക്കി. പിന്നെ ലഗേജ് എടുത്ത് താഴെ സീറ്റിന്റെ അടിയില്‍ തിരുകി.

ഞാന്‍ മുകളിലെ എന്റെ ബര്‍ത്തില്‍ വലിഞ്ഞു കയറി. ഒന്ന് കിടക്കണം. ആകെ കിട്ടിയ മൂന്ന് ദിവസത്തെ ലീവില്‍ ഒരുപാട് കറങ്ങി. ഒന്ന് കിടക്കാന്‍ സമയം കിട്ടുന്നത് ഇപ്പോഴാണ്. ഓടുന്ന വണ്ടിയുടെ കുലുക്കം കാര്യമാക്കാതെ ഞാന്‍ കണ്ണടച്ചു. പെട്ടന്ന് തന്നെ ഉറക്കത്തിലേക്ക് കൂപ്പ് കുത്തുകയും ചെയ്തു.

എന്തോ സ്വപ്നം കണ്ടാണ് ഞെട്ടിയെഴുന്നേറ്റത്.. ഹോ.. സന്ധ്യയായിരിക്കുന്നു. ഏതോ സ്റ്റേഷനില്‍ നിറുത്തിയിട്ടിരിക്കുകയാണ് ട്രെയിന്‍. വിശപ്പ് വന്‍‌കുടലിനെ കാര്‍ന്ന് തിന്ന് തുടങ്ങിയിരിക്കുന്നതായി തോന്നുന്ന അവസ്ഥ. ഇറങ്ങി എന്തെങ്കിലും കഴിക്കാം. താഴേക്കിറങ്ങുന്നതിനിടയില്‍ വാച്ചിലൊന്ന് നോക്കി... 8.20. ജനാലക്കിടയിലൂടെ പുറത്തേക്ക് നോക്കി..., ഈ സമയത്തിത് ഏത് സ്റ്റേഷനാണോ ആവോ..? പുറത്തിറങ്ങി... ആകെ ഒരു സംശയം പോലെ..! സൈഡില്‍ കണ്ട സ്റ്റേഷന്റെ പേരെഴുതിയ ബോര്‍ഡ് വായിച്ചു നോക്കി, മനസിലാവാതെ ഒന്നുകൂടി വായിച്ചു... അതെ... - എര്‍ണാകുളം നോര്‍ത്ത് - ഞാന്‍ അന്തിച്ചു പോയി. അടുത്ത് മറ്റൊരു ബോര്‍ഡ് കൂടി കണ്ടു... - ഇന്‍ഡ്യന്‍ റെയില്‍‌വേയുടെ മഹത്തായ 150-‍ാമത് പ്രവര്‍ത്തനവര്‍ഷം.