Skip to main content

“ഇന്നലെ എന്റെ വിവാഹമായിരുന്നു” (രണ്ടാം ഭാഗം)

ഒരു ഭാവഭേദവും എന്റെ മുഖത്തെ ദംശിച്ചിട്ടില്ലാ എന്നാക്കിത്തീര്‍ത്ത് ഞാന്‍ ചോദിച്ചു... “അയ്യോ... ശരിക്കും എനിക്ക് ആളെ അങ്ങട് പെട്ടന്ന് മനസിലായില്ല കേട്ടോ..!!! ഓര്‍മ്മക്കൂട്ടില്‍ കണ്ടിട്ടുള്ള ആ ഫോട്ടോസുമായി ഒരു സാമ്യവുമില്ലാല്ലോ...” അയാള്‍ വാചാലനായി... “അത്... ഞാന്‍ പണ്ടെടുത്ത ഫോട്ടൊയാ... പിന്നെ ഞാനും ഇത്തിരി ഫോട്ടോഷോപ്പ് ബ്യൂട്ടിപാര്‍ലറില്‍ ഒക്കെ പോകുന്ന ആളാ...” എനിക്ക് ആ മുഖത്തേക്ക് നോക്കി നിന്നു സംസാരിക്കാന്‍ വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടു.... അതിലും സുഖം ആ റോഡരികിലെ ഓടയില്‍ കൊഴുപ്പ് പരുവത്തില്‍ ഒഴുകാനാവാതെ കുമിഞ്ഞു കൂടി കിടന്നിരുന്ന ആ കറുത്തിരുണ്ട ദ്രാവകത്തിലേക്ക് കണ്ണും നട്ട് നില്‍ക്കുകയായിരുന്നു....!! അതിനിടയില്‍ ഞാന്‍ ചോദിച്ചു... ”അല്ലാ.. ഷമി എന്താ ഇവിടെ... ഇപ്പോള്‍...?“ അയാല്‍ വീണ്ടും പറഞ്ഞു തുടങ്ങി..” ഞാന്‍ ഇവിടെ..., എന്റെ ഒരു സുഹൃത്തിന് തേക്ക് വേണമെന്ന് പറഞ്ഞു... അപ്പോ അതിന്റെ കാര്യത്തിനായിട്ട് വന്നതാ.... അപ്പഴാ അറിഞ്ഞത് ഇയാള് ഇന്ന് വരുന്നു എന്ന്...!! പിന്നെ സുഹൃത്ത് എന്ന് പറഞ്ഞാല്‍ വെറുതേ ഒരു സുഹൃത്താണ്...” സുഹൃത്ത് എങ്ങനെയുള്ള സുഹൃത്താണെന്ന് ഞാന്‍ ചോദിച്ചില്ലാ... എന്നിട്ടും അയാളുടെ ആ കര്യത്തിനിടയിലെ ഫ്രീ ഓഫര്‍ ഡയലോഗില്‍ എന്റെ ശ്രദ്ധ ഉടക്കി കിടന്നു. കൂടാതെ ആ കാര്യം പറഞ്ഞപ്പോള്‍ അയാളുടെ മുഖത്ത് (അയാളുടെ കഴുത്തിന് മുകളിലുള്ള ആ ഫ്രണ്ട് വശത്തേ മുഖം എന്ന് പറയാന്‍ പറ്റുമോ എന്ന് എനിക്കറിയില്ലാ...) മിന്നി മറഞ്ഞ ഭാവവ്യത്യാസങ്ങളും ഞാന്‍ മനസില്‍ കുറിച്ചിട്ടു.

പെട്ടന്നാണ് എവിടെ നിന്നോ ഒരു വല്ലാത്ത രീതിയില്‍ അലാറം - അലറല്‍ എന്ന് പറയുന്നതാവും കൂടുതല്‍ ശരി - കേട്ടു. ഏതാണ്ട് കൊല്ലാന്‍ പന്നിയെ പിടിച്ച മാതിരി ഒരു സ്വരം. അതിന്റെ ഉത്ഭവം അറിയാന്‍ ഞാന്‍ നാലു പാടും കണ്ണോടിച്ചു. അപ്പോ‍ഴാണ് ഞാന്‍ കണ്ടത്... ഷമി ചാക്കുനൂലില്‍ ബന്ധിച്ചിരിക്കുന്ന തന്റെ ട്രൌസറിന്റെ നീണ്ട് തൂങ്ങിയ പോക്കറ്റില്‍ കൈയിട്ട് ആ സാധനം വലിച്ചെടുക്കുന്നു. ആദ്യമായി മ്യൂസിയത്തില്‍ കയറിയ കൂട്ടിയെപ്പോലെ ഞാന്‍ ആ സാധനം നോക്കി നിന്നു പോയി. നോക്കിയാ മൊബൈല്‍ കംബനി ആദ്യം ഇറക്കിയ മൊബൈല്‍ ഷമിയുടെ പക്കല്‍. ഏതാണ്ട് 1 അടി നീളവും അതിനൊത്ത വണ്ണവും. ഇതുണ്ടെങ്കില്‍ വല്ല ട്രയിന്‍ യാത്രക്കും ഇടയില്‍ ഒന്നുറങ്ങണമെങ്കില്‍ തലയിണയായി ഉപയോഗിക്കാം... അല്ലെങ്കില്‍ ഇറച്ചി വെട്ടാനുള്ള തടിമുട്ടിയായോ... നാടും‌പുറത്ത് ക്രിക്കറ്റ് കളിക്കാനോ ഒക്കെയായി ഉപയോഗിക്കാമല്ലൊ ഇത് എന്ന് ഞാന്‍ മനസില്‍ പറഞ്ഞു. ഷമി അതിന്റെ ബട്ടണില്‍ ആഞ്ഞമര്‍ത്തി. ഇപ്പോഴും ആ വല്ലാത്ത വൃത്തികെട്ട ശബ്ദം കാതുകളെ കൂരിരുട്ടിലാക്കുന്നുണ്ട്.... ഈ കാതിനെങ്ങാനും വായുണ്ടായിരുന്നെങ്കില്‍ ഇതിനോടകം നാല്പത് തെറി പറഞ്ഞേനെ...!!! ഈ സമയം മുഴുവന്‍ ഷമി തന്റെ ശ്രമം തുടരുകയാണ് ആ ബട്ടണ്‍ ഒന്നമര്‍ത്താന്‍. അവസാനം ഞാന്‍ ഇടപെടാമെന്ന് തീരുമാനിച്ചു... “അല്ലാ... ഞാന്‍ സഹായിക്കണോ...” “ഹേയ് വേണ്ടാ...“ ഞാനിതെത്ര കണ്ടതാ എന്ന മട്ടില്‍ അപ്പോള്‍ തന്നെ മറുപടിയും വന്നു... ഓഫായി പോയ ഓട്ടോ ഓണാക്കാന്‍ വീണ്ടും വീണ്ടും ശ്രമിക്കുന്ന ഓട്ടോക്കാരനേയാണ് എനിക്കോര്‍മ്മ വന്നത്... അങ്ങനെ അവസാനം ഷമി തന്റെ പതിനെട്ടാമത്തെ അടവ് തന്നെ അപ്പില്‍ ചെയ്യാന്‍ തീരുമാനിച്ചു. ആ പെരുത്ത സാധനം ഷമി കുനിഞ്ഞ് തറയിലേക്ക് വച്ചു എനീട്ട് കാലുയര്‍ത്തി ഉപ്പൂറ്റി അതിന്റെ ബട്ടണെ ഉന്നം വച്ച് മൂന്ന് തവണ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തു... എന്നിട്ട് തന്റെ സര്‍വ്വശക്തിയും കാലിലേക്ക് ആവാഹിച്ച് ബട്ടണില്‍ ആഞ്ഞ് ചവിട്ടി. ഹോ.... അതേറ്റിരിക്കുന്നു. ഇപ്പോള്‍ ആ അലറല്‍ ഇല്ല... ആകെ ഒരു ശാന്തമയം. യുദ്ധത്തില്‍ ജയിച്ച യോദ്ധാവിനെ പോലെ ഷമി ഞെളിഞ്ഞ് നിന്ന് മൊബൈല്‍ കുനിഞ്ഞെടുത്തു. എന്നിട്ട് ദിഗന്തം നടുങ്ങുമാറുച്ചത്തില്‍ അലറി... “ഹലോ.... ഇതാരാ...?” അപ്പുറത്ത് നിന്നും സംസാരിക്കുന്നത് എനിക്ക് കേള്‍ക്കാന്‍ കഴിയിന്നില്ലായിരുന്നു എങ്കിലും ഷമിയുടെ മുഖത്തെ ആ ഏറ്റക്കുറച്ചിലുകള്‍ കണ്ടാല്‍ എന്തൊക്കെയൊ മദുരം കലങ്ങുന്നത് ആര്‍ക്കും മനസിലാക്കാവുന്നതേ ഉള്ളു. എന്തായാലും ആ മുഖത്തേ ഭാവഭേദങ്ങല്‍ ഞാന്‍ പരമാവധി വായിച്ചെടുത്തു. മുംബയില്‍ മുനിസിപ്പാലിറ്റി വാഹനം വന്ന് ചപ്പ്ചവറുകള്‍ വാരുന്നത് എനിക്കപ്പോള്‍ ഓര്‍മ്മ വന്നു. എന്തൊക്കെയോ കിന്നരിച്ച് ഷമി ഫോണ്‍ ഓഫ് ചെയ്തു. ഫോണ്‍ ഓഫാക്കുന്നതിന് പഴയ പതിനെട്ടാമത്തെ അടവിന്റെ ആവശ്യം വന്നില്ലാ... മറുതലക്കല്‍ നിന്നും അത് ഓഫാക്കിയതിനാല്‍ രക്ഷപ്പെട്ടു. ഷമി തേനൂറുന്ന വാക്കുകളാല്‍ പറഞ്ഞു... “എന്റെ സുഹൃത്തായിരുന്നു.... ഞാന്‍ പറഞ്ഞില്ലേ.. എന്റെ തേക്ക് വേണമെന്ന പറഞ്ഞ എന്റെ സ്‌മി.....” ആ പേര് ഷമി മുഴുമിപ്പിച്ചില്ലാ.... അതിനിടയില്‍ വായില്‍ നിന്നും ഒലിച്ചിറങ്ങിയ പഞ്ചാരയില്‍ “ത” ഒലിച്ചുപോയി. ഞാന്‍, എനിക്കിത്തിരി തിരക്കുണ്ട് എന്ന് വിടുവാ അടിച്ച് അവിടെ നിന്നും ബസ് സ്റ്റാന്റിനെ ലക്ഷ്യമാക്കി നടന്നു.

ഇനി രണ്ടര മണിക്കൂറ് ബസില്‍ യാത്ര ചെയ്യണം പ്രകൃതി രമണിയായ കാഞ്ഞാര്‍ എന്ന അന്റെ ഗ്രാമത്തില്‍ എത്തിചേരാ‍ന്‍. എന്തായാലും ഞാന്‍ ബസ് സ്റ്റാന്റില്‍ ചെന്നതെ എനിക്ക് ബസ് കിട്ടി. ഒരു സീറ്റും തരപ്പെട്ടു. ഇനി രണ്ടര മണിക്കൂറ്.... നല്ല ഒരൊറക്കം ഞാന്‍ പാസാകാന്‍ തീരുമാനിച്ചു. അധികം താമസിയാതെ ഞാന്‍ ഉറക്കത്തിലേക്ക് തലകുത്തി വീണു. രണ്ടര മണിക്കൂറ് ഇതാന്ന് പറഞ്ഞ്... (എന്തിനോടാ ഞാന്‍ ഉപമിക്കുക...?) ങ്ഹാ... മലയാളത്തില്‍ നിന്നു പടിയിറങ്ങിയ ഒരു മുംബയ് ഐ.ഐ.റ്റി കാരിയുടെ തിരിച്ചു വരവ് പോലെ ശൂ...പ്പ്.... എന്ന വേഗതയില്‍ ഞാനെന്റെ ഗ്രാമത്തെ പൂണ്ടു. വീട്ടിലെത്തിയപ്പൊ അവിടെ എന്നെ സ്വീകരിക്കാന്‍ ഒരു പാട് പേര്‍... അതില്‍ പകുതിയിലധികവും ആരെന്ന് എനിക്കു തന്നെ അറിയില്ല... പലര്‍ക്കും എന്നെയും അറിയില്ല. ഞാനെന്റെ മുറിയില്‍ കടന്ന് പെട്ടി തുറന്ന് തുണി മാറാന്‍ ഒരുങ്ങവേ എന്റെ പുന്നാര അമ്മായി കയില്‍ കടന്നു പിടിച്ചു... എന്നിട്ട് എന്റെ ചെവിയിലോതി... “എടാ ഇപ്പൊ നീ ഈ പെട്ടി ഒന്നും തുറക്കണ്ടാ... അതില്‍ നിന്നെന്തെങ്കിലും അടിച്ചു മാറ്റാന്‍ വേണ്ടി മാത്രം കുടിയേറിയിരിക്കുന്നവരാ നിന്റെ അമ്മാവനടക്കം എല്ലാരും...! അതോണ്ട് നീയത് പിന്നെ ഞാന്‍ മാത്രമുള്ളപ്പോ തുറന്നാ മതി....” പക്ഷെ എനിക്കത് തുറന്നെ പറ്റൂ അമ്മായി..., എന്റെ കോണകചേലകളെല്ലാം ഈ പെട്ടിക്കുള്ളിലാ എന്നും പറഞ്ഞുകൊണ്ട് ഞാന്‍ പെട്ടി മലര്‍ക്കെ തുറന്നു. പിന്നെ നടന്നത്... കബഡി കളിയില്‍ എതിര്‍ടീമില്‍ നിന്നും വന്നവന്റെ മേല്‍ ചാടി വീഴുന്ന കബഡിക്കാര‍ന്മാരെപ്പൊലെ അവര്‍ - എന്റെ സ്വന്തക്കാര്‍ - ആ പെട്ടിക്കു മുകളിലേക്ക് ചാടി വീണു. പിന്നെ ഓരോരുത്തരായി ഓരൊന്ന് ഓരോന്ന് കയിക്കലാക്കി സ്ഥലം കാലിയാക്കി തന്നു... അങ്ങനെ അവസാനം ഞാനും പെട്ടിയും മാത്രമായി. ഇടാന്‍ സ്വന്തമായി ഒരു കോണാന്‍ പോലുമില്ലാതെ ഞാന്‍ കുന്തം വിഴുങ്ങിയ മാതിരി നിന്നു. പിന്നെ അമ്മായിയുടെ സഹായത്താല്‍... അമ്മാവന്റെ പഴയ ഒരു ഓട്ട വീണ കോണാനില്‍ ഞാന്‍ സംതൃപത്നാകേണ്ടി വന്നു...!!! അമ്മായിയെ ഞാന്‍ എന്റെ കടപ്പാടറിയിച്ചു. ഇനിതിടയില്‍ അമ്മയോട് ഞാന്‍ ആരാഞ്ഞു.. “അല്ലാമ്മേ... എന്തിനാണീ സ്വന്തക്കാരെല്ലാം കൂടി വന്നിരിക്കുന്നത്...?“ അമ്മ സുസ്മരവേദിയായി മൊഴിഞ്ഞു.. “നിന്റെ കല്യാണത്തിന്...” ഞാന്‍ ഞടുങ്ങി... “ങ്ഹേ... എന്റെ കല്യാണമോ...? അതിന് പെണ്ണെവിടെ..?” അമ്മയുടെ പക്കല്‍ അതിനുള്ള മറുപടിയും ഉണ്ടായിരുന്നു... “എടാ മണ്ടാ..., നിനക്ക് കല്യാണമാലോചിക്കാനായിട്ട് മുംബയില്‍ നിന്നും നാളെ രാവിലെ ഒരു ബ്രോക്കര്‍ ഇവിടെ എത്തുന്നുണ്ട്.... പുള്ളി എല്ലാം ശരിയാക്കി കൊള്ളും....” ഞാന്‍ കുറെ ചിന്തിച്ചു... ആരാണാവൊ... ആ‍ മുംബയ് ബ്രോക്കറ്...?? അങ്ങനെ സന്ദ്യയായി... രാത്രിയായി... ഞാനും ഉറക്കത്തിന്റെ കൂട്ടില്‍ കയറി.

പിറ്റേന്ന്.. കോഴി മൂന്ന് തവണ കൂവി ഞാന്‍ ഉറക്കം വിട്ടെഴുന്നെറ്റ് പുറത്തേക്ക് നോക്കി... ആ നശിച്ച കോഴി അവിടെ നിന്ന് പിന്നേയും ആരെയോ എഴുന്നേല്‍പ്പിക്കാനായി വീണ്ടും കൂകി തകര്‍ക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ഞാന്‍ കണ്ടത്.. സൂര്യന്‍..! സൂര്യന് ഇപ്പൊഴും ഞാന്‍ കുട്ടിക്കാലത്ത് കണ്ട അതേ നിറം... അതേ മുഴുപ്പ്.... ഞാനാകെ മാറിയിരിക്കുന്നു... പക്ഷെ സൂര്യന് ഒരു മാറ്റവുമില്ല... ഞാനോര്‍ത്തു....! ഉമ്മറത്ത് നിന്നുകൊണ്ട് സൂര്യനെന്ന പാല്‍ക്കാരന്‍ പാണ്ടിയോട് അമ്മ പറഞ്ഞൂ.... “സൂര്യാ നീയിവനെ തെരിയുമാ...? എന്റെ ഇളയ സന്താന്‍ താനെ...” സൂര്യന്‍ തലയാട്ടി ഭവ്യതയോടെ പറഞ്ഞു... “ഞാനറിയും അമ്മാ.. മോനൊത്തിരി വലുതായിരിക്കുന്നു....” പണ്ടെങ്ങോ ഇന്നാട്ടിലെത്തിയ സൂര്യന്‍ പിന്നെ ഈ നാടിന്റെ ഒരു ഭാഗമായി മാറി. ഇപ്പൊ ആരെങ്കിലും പാണ്ടിയോട് തമിഴ് പറഞ്ഞാലും പാണ്ടി മലയാളമേ പറയൂ....!! ചിന്തിച്ച് നിന്ന എന്നെ നോകി അമ്മ പറഞ്ഞൂ...: “എടാ പെട്ടന്ന് പോയി റെഡിയാവാന്‍ നോക്ക്... അയാള്‍... ആ ബ്രോക്കറ് ഇപ്പൊ ഇങ്ങെത്തും...” പിന്നെ ഞാന്‍ പോയി കൂളിച്ചു... എന്നിട്ട് കണ്ണാടി മുന്നില്‍ കുറെ നേരം നിന്നു... പിന്നെ, കുളിച്ചാല്‍ ഞാനൊരു സുന്ദരനാണെന്ന സത്യം ഞാന്‍ സ്വയം മനസിലാക്കി... എന്നിട്ട് ഇങ്ങനെ പറഞ്ഞു...”എന്നാലും എന്റെ ദേവമേ... എന്നും എന്നെ കൊണ്ട് കുളിക്കാന്‍ നീയെന്തെ തോന്നിപ്പൊക്കാത്തത്...? ഞാന്‍ എന്നും കുളിച്ചിരുന്നാല്‍ ഇതിനോടകം എത്ര പെണ്‍കുട്ടികള്‍ എന്റെ സൌന്ദര്യത്തില്‍ തട്ടി വീണേനെ.... ഞാനെത്ര തവണ പത്രങ്ങള്‍ക്ക് നല്ല നല്ല വാര്‍ത്തകള്‍ ഉണ്ടാക്കി കോടുത്തേനെ...!!! ഇതിനിടയില്‍, പൂമുഖപ്പടിയില്‍ എന്നേയും കാത്ത് അയാള്‍ എത്തി.

ഷെയ്പ്പില്ലാത്ത ഒരു മുഖം, കഴുത്തില്‍ പൂച്ചനഖം കൊളുത്തിയ രുദ്രാക്ഷമാല, ഒരു വലിയ കണ്ണട കൊണ്ട് മുഖത്തിന്റെ പകുതി വൃത്തികേടുകള്‍ മറച്ചിട്ടുണ്ട്, കയില്‍ ഒരു കാലന്‍-കുട, കക്ഷത്തില്‍ ഒരു പെരുത്ത പുസ്തകം. ഫുള്‍ കൈയന്‍ ഷര്‍ട്ട്, അരപ്പിരി ലൂസായ ട്രൌസറും, അതിന് പറ്റിയ ഒരു ചെരുപ്പും. അയാള്‍ സ്വയം പരിചയപ്പെടുത്തി... “ഞാന്‍ സ. വിത്സു. മുംബയില്‍.., കല്യാണം എങ്ങനെ കഴിക്കണം എന്ന വിഷയത്തില്‍ പാരലല്‍ കോളേജില്‍ പഠിപ്പിക്കുന്നു. ഇതാണ് പിന്നെ മെയിന്‍ ബിസിനസ്സ്. എന്റെ കയില്‍ പല തരത്തിലുള്ള കുട്ടികള്‍ ഉണ്ട്... പലതും ആദ്യം ഫോണിലൂടെയാണ് ചെക്കനുമായി മുട്ടിച്ച് കൊടുക്കുന്നത്... പിന്നെ അത് കല്യാണം വരെ എത്തിയേ ഞാന്‍ അടങ്ങാറുള്ളു.....” അയാള്‍ ഉടനേയെങ്ങും നിറുത്തില്ലാ എന്ന് മനസിലാകി ഞാന്‍ ഇടക്ക് കയറി ചോദിച്ചു... “ഈ സ.വിത്സു... എന്ന് പറഞ്ഞാല്‍... സ.. എന്താ സഖാവ് എന്നാണോ....?” അയാള്‍ വീണ്ടും ആ വാ തുറന്നു... “ഹേയ് അല്ലല്ലാ... സ.വിത്സു എന്ന് പറഞ്ഞാല്‍ സന്യാസി വിത്സു... ഞങ്ങള്‍ പാരമ്പര്യമായി സന്യാസികളാ...” അയാള്‍ മുഴുമിപ്പിക്കും മുന്‍പേ മുന്നില്‍ അമ്മായി പ്രത്യക്ഷപ്പെട്ടു... കയില്‍ ചൂടുള്ള ചായയുമായി...! എന്നാല്‍ വിത്സു ആ ചായ വാങ്ങിയില്ലാ... താന്‍ സ്ഥിരമായി പാല് മാത്രമേ കുടിക്കുകയുള്ളു എന്നും, തനിക്ക് ഉടന്‍ ഒരു ഗ്ലാസ് പാല്‍ വേണമെന്നും ഒരു നാണവും മാനവും നോക്കാതെ വിത്സു പറഞ്ഞു... ഇപ്പോല്‍ ഞടുങ്ങിയത് എന്റെ പുന്നാര അമ്മായിയാണ്... അവസാനമിരുന്ന ഇത്തിരി പാലു കൊണ്ട് ചായയിട്ടാ അയാള്‍ക്കായി ചായ ഉണ്ടാകിയത്.... ഇനിയിപ്പൊ പാ‍ല്‍ എവിടുന്നൊപ്പിക്കും...? ചിന്താവിഷ്ടയായ അമ്മായി അടുക്കളഭാഗത്തെത്തി ഒരു നിമിഷം ചിന്തിച്ച് നിന്നു... ജന്മനാ അപാരബുദ്ധിയുള്ള അമ്മായിയുടെ തലയിലെ ട്യൂബ് സ്റ്റാര്‍ട്ടറില്ലാതെ കത്തി... അടുക്കള വശത്തെ അരഭിത്തിയില്‍ ഷീറ്റ് ഉണ്ടാക്കാനായി പാട്ടയില്‍ ഊറ്റി വച്ചിരിക്കുന്ന റബര്‍പാലിലേക്ക് ഒന്ന് ഒളികണ്ണെറിഞ്ഞ് അമ്മായി നിശ്ചയദാര്‍ഡ്യത്തോടെ അടുക്കളയിലേക്ക് കയറി.. ഒരു ഗ്ലാസുമായി തിരിച്ചിറങ്ങി..., പിന്നെ എല്ലാം പെട്ടെന്നായിരുന്നു...!! ഗ്ലാസില്‍ റബര്‍പാല്‍ നിറച്ച് എടുത്തു... അടുക്കളയില്‍ നിന്നും രണ്ട് സ്പൂണ്‍ പഞ്ചസാരയും ഇട്ട് കലക്കി... പിന്നെ, അപ്പന്‍ ഓണത്തിന് ഓഫര്‍ വന്നപ്പോ മേടിച്ച ഓവനില്‍ വച്ച് റബര്‍പാല്‍-പാല്‍ ചൂടാ‍ക്കിയേടുത്തു... എന്നിട്ട് നാണത്തില്‍ കലങ്ങി, കുണുങ്ങി കുണുങ്ങി അമ്മായി സ.വിത്സുവിന് മുന്നില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. പാല്‍ കണ്ടപ്പൊ... വിത്സുവിന്റെ കണ്ണൂകള്‍ വീടര്‍ന്ന് ചിരി തൂകി... എന്നിട്ട് പാല്‍ ആര്‍ത്തിയോടെ വാങ്ങി... എല്ലാവരേയും ഒന്ന് നോക്കി... കണ്ണടച്ച് പിടിച്ച് ആ പാല്‍ മുഴുവന്‍ നക്കിതുടച്ച് കുടിച്ച് ഗ്ലാസ് അമ്മായിക്ക് കൈമാറി. അമ്മായി..., ഒരു മാതിരി കക്കുസില്‍ ആളുള്ളതുകൊണ്ട് എല്ലാം അടക്കി പിടിച്ച് നില്‍ക്കുന്നവനെപ്പൊലെ... വന്നുകൊണ്ടിരുന്ന ചിരിയേ അടക്കിപ്പിടിച്ചു നടന്നു പോയി അടുക്കളയെ ലക്ഷ്യമാക്കി.

ഞങ്ങള്‍ യാത്ര ആരംഭിച്ചു. ഞാ‍നും വിത്സുവും മാത്രമേ ആദ്യപടി പെണ്ണുകാണലിന് പോകുന്നുള്ളു. എനിക്ക് പെണ്ണിനെ പിടിച്ചാല്‍ മാത്രം വീട്ടുകാര് കണ്ടാ മതി എന്നായിരുന്നു തീരുമാ‍നം. അങ്ങനെ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ഞാന്‍ സ.വിത്സുവിന്റെ കക്ഷത്തിലിരിക്കുന്ന വലിയ പുസ്തകത്തിലൊന്ന് കണ്ണോടിച്ചു...! പിന്നെ തലയേ 90 ഡിഗ്രി ആംങ്ങിളില്‍ ചെരിച്ച് ആ പുസ്തകത്തിന്റെ പേര് വായിച്ചെടുത്തൂ... “റസാഖിന്റെ ഇതിഹാസം”. ഞാന്‍ ഇത്ര കഷ്ടപെട്ട് അത് വായിച്ചെടുക്കുന്നതറിഞ്ഞ് സ.വിത്സു “റസാഖിന്റെ ഇതിഹാസം”ത്തെക്കുറിച്ച് വാചാലനായി....! ഇതിനിടയില്‍ ബസ് വന്നു. ഞങ്ങല്‍ അതില്‍ കയറി. എന്റെ അടുത്തെങ്ങും അയള്‍ക്ക് സീറ്റ് കിട്ടല്ലേ എന്ന് ഞാന്‍ മനസുരുകി പ്രാര്‍ത്ഥിച്ചു... എന്തിനേറെ പറയുന്നു, മനസ് കുറെ ഉരുകി ഒഴുകിപ്പൊയതല്ലാതെ ഒരു ഗുണവും ഉണ്ടായില്ല. അയാള്‍ - സ.വിത്സു - എന്റെ അടുത്തു തന്നെ സീറ്റിംഗ് ഉറപ്പിച്ചു. എന്നിട്ട് വാ പൊളിച്ച് തൂടങ്ങി...: “റസാഖിന്റെ ഇതിഹാസം.... മലയാലത്തിലെ വലിയ ഒരു എഴുത്തുകാരനാണീ റസാഖ്...!! എന്താണെഴുത്തെന്നറിയുവോ..!!! ഫുള്‍ റ്റൈം കഞ്ചാവാ കക്ഷി..., കഞ്ചാവടിച്ചാലെ ഭാവന വരൂ എന്നാണ് പൂള്ളിക്കാരന്‍ പറയുന്നത്...! എപ്പളും ഒരു പേന പുള്ളീടെ കൈയില്‍ കാണും പുറം ചൊറിയാനും ചെവിയില്‍ കിള്ളാനും മറ്റുമായിട്ട്..!!! അല്ലാ പുള്ളീടെ കവിതകളൊന്നും കേട്ടിട്ടില്ലെ...? പുള്ളീടെ ഫേമസ് ഒരു കവിത ഞാന്‍ പടാം...!!!” വേണ്ടാ എന്ന് പറയും മുന്‍പേ വിത്സു, പാറപ്പുറത്ത് ചിരട്ടയിട്ട് ഒരക്കുന്ന ശബ്ദത്തില്‍ അലറി തുടങ്ങി, റസാഖിന്റെ കവിതാ...: “അയ്യായിരം‌പരം മക്കളെ പെറ്റൊരമ്മേ, നിന്റെ മക്കളില്‍ ഞാനാണ് ഭ്രാന്തന്‍..!!! പന്ത്രണ്ടു മാസവും ഞാനെഴുതുമമ്മേ..., നിന്റെ മക്കളില്‍ ഞാനാണലമ്പന്‍...!! കഞ്ചാവടിച്ചേ ഞാനെഴുതുകുള്ളു.... എഴുതുന്നതെല്ലാര്‍ക്കും അയ്ക്കുന്നു ഞാന്‍...!! അത് വായിക്കുന്നവര്‍ പ്രാകുന്നു എന്നെ... കണ്ടാല്‍ തല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു....!! ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാനിനിയുമെഴുതും... ഇനിയും തെറി കേള്‍ക്കും... ഞാന്‍ എത്ര പറഞ്ഞാലും നന്നാവില്ല...!!!!” ഇത്രയും പാടി പിന്നെ ശ്വാസം എടുക്കാനായി ഒന്ന് നീട്ടി നിറുത്തി.... അവിടെ എന്റെ ശബ്ദം ഉയര്‍ന്ന് കേട്ടു..: “മതി.... മതി... മതിയായി... അല്ലാ നിങ്ങളെന്തിനാ ഇതും ഇങ്ങനെ കക്ഷത്തില്‍ തിരുകി നടക്കുന്നത്...?” അയാല്‍ ഉത്തരമോതി.. “സത്യം പറയാല്ലൊ...!! ഞാനും ഒരെഴുത്തുകാരനാ...! പണ്ടാരൊ തന്ന ഒരു പുസ്തകത്തില്‍ നോക്കി ഞാന്‍ ഒരു പാട് എഴുതി.. അങ്ങനെ ഒരു സുപ്രഭാതത്തില്‍ നോകിയെഴുതിയിരുന്ന എന്റെ എല്ലാ പുസ്തകങ്ങളും തീര്‍ന്നു. അങ്ങനെയിരിക്കുമ്പോളാണ് റസാഖുമായി പരിചയപ്പെടുന്നത്... അങ്ങനെ ഞാന്‍ എന്റെ എല്ലാം അയ്യള്‍ക്ക് കൊടുത്ത് പകരം ഈ പുസ്തകം കൈക്കലാക്കി... ഇതില്‍ നിന്നും എന്തെങ്കിലും നോക്കി എഴുതാന്‍... പക്ഷെ റസാഖ് എന്നെ ചതിച്ചോന്നാ ഒരു സംശയം...” ഞാന്‍ ഇടക്ക് കയറി ചോദിച്ചൂ.. “അതെങ്ങനെ...?” വിത്സു നിറുത്താതെ തുടര്‍ന്നു... “ഞാന്‍ ഇതുവരെ തൊള്ളായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റ് എണ്‍പത്താറ് പേജ് വായിച്ചു... ഇതുവരെയുള്ള എല്ലാ പേജുകളിലേ കവിതയും അയാള്‍ ആര്‍ക്കെങ്കിലും ഒക്കെ ഓള്‍‌റെഡി സമ്മാനിച്ചതാ...!!! ഇനിയിപ്പൊ മുന്നോട്ട് വായിച്ചു നോക്കണം..” പിന്നേയും അയാള്‍ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു... ഞാന്‍ ഉറക്കം നടിച്ച് കിടന്നു.... അതുകൊണ്ട് അധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ലാ...!!! എന്റെ ഉറക്കം ഒരു നടനമായിരുന്നതിനാല്‍ ഉണരുന്ന പ്രശ്‌നമേ ഉണ്ടായില്ല. ഇറങ്ങേണ്ട സ്ഥലമെത്തി എന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ ഞാനുണര്‍ന്നു....!!

ബസ് ആ ഗ്രാമത്തിന്റെ നെഞ്ചില്‍ വന്ന് നിന്നു. ഞാന്‍ വലതുകാല്‍ വച്ച് ഇറങ്ങി. ആ മണ്ണില്‍ കാ‍ല്‍ പതിഞ്ഞപ്പോള്‍ ദേഹമാസകലം ഒരു “പൂടാഞ്ചം”...!!!! ചിന്തകള്‍ സ്വര്‍ണ്ണതേരില്‍... (അല്ലെങ്കില്‍ വേണ്ടാ, സ്വര്‍ണ്ണത്തിനിപ്പൊ ഭയങ്കര വിലയല്ലേ...) അല്ല, ഒരു സാദാ തേരില്‍ പറന്നു. വിത്സു ഇതൊന്നുമറിയാതെ അടുത്തു കണ്ട ചായകടയെ ലക്ഷ്യമാക്കി നടന്നു കഴിഞ്ഞു... ഞാനും വിത്സുവിനെ പിന്‍‌ഗമിച്ചു....!! “മൂസ പപ്പട വട സ്റ്റാള്‍” ഞാന്‍ ബോര്‍ഡ് വായിച്ചെടുത്തു. പുറത്തേക്ക് നോക്കിയിരിക്കുന്ന അലമാരിയില്‍ പലതരം പപ്പട ഐറ്റംസിരിക്കുന്നു...!!! വട സ്റ്റാളിനെ സമീപ്പിക്കും തോറും പച്ചവെള്ളത്തില്‍ പപ്പടം കാച്ചുന്ന ആ സ്മെല്ല് മൂക്കിലേക്ക് അടിച്ചു കയറി. വിത്സു കൊതിയോടെ നടത്തം സ്പീഡിലാക്കി. ഞാനും ഒപ്പം പിടിച്ചു. അങ്ങനെ ഞങ്ങള്‍ ഒന്നിച്ച് “മൂസ വട സ്റ്റാളി“ലേക്ക് എന്ററി ചെയ്‌തു. അകത്തേക്ക് കടന്ന ഞങ്ങള്‍ ആ കാഴ്ച്ച കണ്ട് ഒന്ന് പതറി... മൂലയിലെ കാലൊടിഞ്ഞ ബഞ്ചിന്റെ ഒരറ്റത്ത് അയാള്‍.....!!!!

** ** **

എന്നാല്‍ ഇതൊന്നും അറിയാതെ... ബ്രോകര്‍ സ.വിത്സുവിന്റെ വയറ്റില്‍ റബര്‍പാല്‍ പുതിയ രാസപ്രവര്‍ത്തനങ്ങളുടെ പരീക്ഷണം ആരംഭിക്കുകയായിരുന്നു.

(തുടരും...)

Comments

കൊള്ളാം. കൂടുതല്‍ പോരട്ടേ.

ഒ.ടോ.
കറുപ്പ് പശ്ചാത്തല‍ത്തില്‍ ഇളം‌പച്ച എഴുത്ത് കണ്ണിന് ആയാസം കൂട്ടുന്നു.
മകനേ വാഴേ..

കൊള്ളാ‍ാലോ.

മലയാളത്തിലൊരു വാര്‍ത്തയായി. കുറെക്കാലമായി...

Popular posts from this blog

കാണാമറയത്ത് നിന്നും....!!!

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്ന് അവന്‍ എല്ലാം അറിയുന്നുണ്ടായിരുന്നു. താന്‍ ജനിക്കാന്‍ പോകുന്നത് ‘തന്തയില്ലത്തവന്‍’ എന്ന പേരിലാണെന്നും, തന്റെ അമ്മ എങ്ങിന്യോ ചതിക്കപ്പെട്ടതാണെന്നും, അങ്ങനെ എല്ലാം...!! അവന് സുരക്ഷിതമായ അമ്മയുടെ ഗര്‍ഭപാത്രത്തിലും പേടി തോന്നി...! തന്റെ ജീവന്‍ അപകടത്തിലാണ്... ഏത് നിമിഷവും അത് ക്രൂരന്മാരായ മുറിവൈദ്യന്മാരുടെ കത്തിമുനകളാല്‍ ഇല്ലാതാക്കപ്പെടാം...!!!

പുറത്ത് ആരൊക്കെയോ സംസാരിക്കുന്നുണ്ട്... അവ്യക്തമായി കേള്‍ക്കാം, അത് തന്നെക്കുറിച്ചാണ്... “ഞാന്‍ കുടുംബത്തിന് അപമാനമാണത്രേ...” എന്റെ ജീവനേക്കാള്‍ വിലയുണ്ടോ അവരുടെ അഭിമാനത്തിന്...? അമ്മ കരയുന്നുണ്ട്. ആ കണ്ണീരിലെ വേദന നന്നായി എനിക്ക് അനുഭവപ്പെടുന്നുമുണ്ട്.

സത്യത്തില്‍ ആരാണ് തെറ്റുകാരന്‍...? കുരുന്നു മനസുകാരന്‍ ഞാനോ...? എന്നെ വഹിച്ചിരിക്കുന്ന ഗര്‍ഭപാത്രത്തിനുടമയായ എന്റെ അമ്മയോ...? ഞാന്‍ ഒരപമാനമാണെന്ന് ഉറക്കെ പ്രസ്താവിക്കുന്ന എന്റെ സ്വന്തക്കാരോ...? അതോ... കാമകേളിക്കായി എന്റെ അമ്മയെ ഉപയോഗിച്ച എന്റെ അച്ചനായ ആ മനുഷ്യനോ...?

അമ്മയുടെ കണ്ണിരിന്റെ വിലയാവാം, കുടുംബത്തിന് അപമാനമായി, എന്നെ ജനിക്കാനനുവദിക്കുന്നത്. എന്നാല്‍ ഇന്ന്, എന്…

അവനേയും തേടി...!!

കൂട്ടുകാരന്റെ വിവാഹ-പാര്‍ട്ടിയും കഴിഞ്ഞാണ് ഞാന്‍ അവന്റെ റൂമിലേക്ക് പോയത്. അവന്റെ മുറിയിലേക്ക് കടന്നപ്പോള്‍ വല്ലാത്ത ഒരു ഗന്ധം. സിഗരിറ്റിന്റേയും, ഒഴിഞ്ഞ കാലിക്കുപ്പികളില്‍ നിന്നും പിന്നെ വാഷിംഗ് ബേസിനില്‍ കഴുകാതെ കിടക്കുന്ന പാത്രങ്ങളുടെയും എല്ലാം കൂടിക്കലര്‍ന്ന ഒരു വല്ലാത്ത ഗന്ധം. പുസ്തകങ്ങളും സിഗരറ്റ് പായ്കറ്റുകളും അങ്ങിങ്ങായി ചിതറി കിടക്കുന്നു. ഒരു സൈഡില്‍ കിടക്കുന്ന കട്ടിലില്‍ തേപ്പ് പെട്ടി മുതല്‍ മൊബൈല്‍ റീ-ചാര്‍ജര്‍ വരെ വലിച്ചെറിഞ്ഞതു പോലെ കിടക്കുന്നു. മുറി അടിച്ചു വാരി വൃത്തിയാക്കിയിട്ട് ദിവസങ്ങളായി എന്നതില്‍ സംശയമില്ലാ. വെയിസ്റ്റ് ബോക്സ് നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കു കൂടി വീണു കിടക്കുന്ന ചൈനീസ് ഭക്ഷണാവശിഷ്‌ടങ്ങളും അതിന്റെ പായ്ക്കറ്റുകളും. അയയില്‍ അലക്കാന്‍ അട്ടിയിട്ടിരിക്കുന്ന പന്റുകളും ഷര്‍ട്ടുകളും. മഴക്കാലമായതിനാല്‍ പലതിലും കരിമ്പന്‍ പിടിച്ചിരിക്കുന്നു. ആകെ കൂടി ഒരു വല്ലാത്ത അവസ്ഥയില്‍ കിടക്കുന്ന അവന്റെ മുറിയിലേക്ക് കയറിയപ്പോള്‍ ആദ്യമായി എനിക്ക് അസ്വസ്ഥത തോന്നി.

പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ലാ അവന്റെ മുറി. മുറിയിലേക്ക് കയറുമ്പോള്‍ തന്നെ ഒരു സുഖന്ധം അനുഭവപ്പെടാന്‍ പാകത്തിന് അവന്‍ …