Skip to main content

ദൈവം ചിരിക്കുന്നു...!

നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയം തലക്കു പിടിച്ച ദിനങ്ങള്‍. രാവിലെ ആറു മണിക്ക് എഴുന്നേറ്റ് റെഡിയായി സ്റ്റേഷനിലേക്ക് ഓടും. മോര്‍‌ണിംഗ് ഡ്യൂട്ടിക്കു പോകുന്ന അവളെ കാണാനാണീ തിടുക്കം പിടിച്ച ഓട്ടം. രാത്രി ജോലിയും കഴിഞ്ഞ് ഒരു മണിക്കാവും വന്ന് കിടന്നത്. എന്നാല്‍ പോലും രാവിലെ എങ്ങനെയെങ്കിലും എഴുന്നേറ്റിരിക്കും. അതാണ് പ്രണയത്തിന്റെ കഴിവ്. അല്ലെങ്കില്‍ അവള്‍ക്ക് നൈറ്റ് ഡ്യൂട്ടി ദിവസങ്ങളാവട്ടെ..., അപ്പോള്‍ അവള്‍ പോകുന്നത് രാത്രി 8.30 നാണ്. ആ സമയത്ത്, ജോലിയും തീര്‍ത്ത് സ്റ്റേഷനില്‍ എത്തുക അത്ര എളുപ്പമല്ലാ. എന്നാലും എങ്ങനെയെങ്കിലും ഞാനെത്തുമായിരുന്നു. റോഡില്‍ മുഴുവന്‍ പണി നടക്കുന്നതിനാല്‍ ഭയങ്കര ട്രാഫിക്കുണ്ടാവും. അപ്പോള്‍ പിന്നെ ബസില്‍ നിന്നും ഇറങ്ങി നടക്കും... പിന്നെ ഓടും.... അവസാനം...., ഒരു തരത്തിലാവും... വല്ലാത്ത കിതപ്പോടേ അവള്‍ കയറിയ ലോകല്‍ ട്രയിനില്‍ ഓടിക്കയറുക.

ഒരു ദിവസം എത്താന്‍ വൈകിയാല്‍... അല്ലെങ്കില്‍ എത്താന്‍ കഴിഞ്ഞില്ലാ എങ്കില്‍... പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല എന്നുള്ളത് ഒരു സത്യം... എന്നാല്‍ പോലും... ഞാനെത്തും...!!! എന്തിന് ഇത്ര ബദ്ധപ്പാട് കഴിച്ച് വന്നിരുന്നു എന്ന് - ഇന്ന് - ചോദിച്ചാല്‍ അതിനുത്തരമില്ലാ....!!! എന്നാല്‍ പോലും... അന്ന് അതായിരുന്നു ജീവിതം.... ഒരു രസമുള്ള ജീവിതം!!! അവളോടൊപ്പം ഒരല്പം സമയം ഒന്നിച്ചായിരിക്കാനായി... ഇതല്ല, ഇതില്‍ കൂടുതലും ചെയ്യാന്‍ തയാറായിരുന്നല്ലോ ഞാന്‍....!!!

ഒരു നാള്‍ ഞാന്‍ അവളൊടൊപ്പം പള്ളിയില്‍ കയറി... ഞങ്ങളുടെ ഭാവി പരിപാടികളെല്ലാം പറഞ്ഞ് ദൈവത്തിനു മുന്നില്‍ സമര്‍പ്പിച്ചു. ഒരുപാട് പ്രതീക്ഷകളൊടെ ഞങ്ങള്‍ പള്ളി വിട്ട് ഇറങ്ങുന്നതിനിടയില്‍ ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കി. അപ്പോള്‍ ദൈവം ചിരിക്കുന്നുണ്ടായിരുന്നു. ആ ചിരി എന്നെ നോക്കി തന്നെ ആയിരുന്നു. എന്തിനാണാവോ ദൈവം ചിരിച്ചത്...!! ഞങ്ങളില്‍ സം‌പ്രീതനായതിന്റെ ചിരിയാവാം...!! അല്ലെങ്കില്‍....???

* * * * * * * * *

ഇന്ന് -- കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ കൊണ്ടു പ്രണയവര്‍ണ്ണങ്ങളാല്‍ മെനഞ്ഞുണ്ടാക്കിയ ഭാവി സ്വപ്നങ്ങള്‍ എല്ലാം ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീണിരിക്കുന്നു. ദൈവം എന്നോ രചിച്ച തിരകഥയിലെ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന എനിക്ക് ഭാവി പരിപാടികളെ കുറിച്ച് ചിന്തിക്കാന്‍ അനുവാധമില്ലായെന്ന്, ഇന്ന് ഞാന്‍ മനസിലാക്കിയിരിക്കുന്നു. അന്ന് ദൈവം എന്തിനാണ് ചിരിച്ചത് എന്ന് എനിക്കിപ്പോഴാണ് മനസിലാവുന്നത്. ഇപ്പോള്‍ ഞാന്‍ എന്റെ ഭാവി പരിപാടികള്‍ ദൈവത്തോട് പറയാറില്ലാ. സീരിയസ്സ് ആയിരിക്കേണ്ടവനായ ദൈവത്തെ ഞാന്‍ വെറുതെ എന്തിന് ചിരിപ്പിച്ച്, സ്വയം കോമാളിയാവണം...???

--------------------------------------

“ദൈവത്തെ ചിരിപ്പിക്കാന്‍ ഒരു എളുപ്പ വഴിയുണ്ട്.
നമ്മുടെ ഭാവി പരിപാടികള്‍ ദൈവത്തോട് പറയുക..!“
- നടന്‍ ശ്രീനിവാസന്‍

Comments

Popular posts from this blog

ഭ്രാന്തനും പ്രണയവും...

“ഹലോ.... ഡാഡീ...,“ “ങ്ഹാ.. പറയെടീ...” “ഹലോ... ഡാഡീ..., അതേയ്... എന്റെ ട്രയിനിന്റെ സീസൺ പാസ്സ് തീർന്നു...!“ “ങ്ഹാ... ഞാൻ വരുമ്പോ എടുത്തോണ്ട് വന്നോളാം...!“ “പിന്നെ ഡാഡീ....!! ഹലോ.... ഹലോ....!!“ മറുവശത്ത് ഡാഡി മൊബയിൽ ഓഫ് ചെയ്തിരിക്കുന്നു. എന്താണാവോ ഡാഡി ഇന്ന് നല്ല മൂഡിലല്ലാ എന്ന് തോന്നുന്നു. ഇനി വരുമ്പോൾ അറീയാം എന്താ കാര്യം എന്ന്. അല്ലെങ്കിലും ഡാഡിയുടെ സ്നേഹം ഒന്നും കിട്ടാനുള്ള യോഗ്യത ഇല്ലാത്ത അവസ്ഥയാണല്ലോ എന്റേത്. എല്ലാം എന്റെ തെറ്റ് ആയിരിക്കാം. എനിക്ക് തന്നെ അറിയില്ല്ലാ തെറ്റ് ആരുടേതാണെന്ന്. “എന്തെടുക്കുവാണെടീ നീയവിടെ ഫോണിന്റെ അടുത്ത്..??” മമ്മി അടുക്കളയിൽ നിന്നു കൊണ്ട് ഉറക്കെ ചോദിച്ചത് കേട്ടാണ് ചിന്തയെ പിടിച്ചു നിറുത്താൻ കഴിഞ്ഞത്. “ഞാനിവിടെ എന്തു ചെയ്യാൻ...!“ “അല്ലാ.... നിന്റെ കാര്യമല്ലേ...? പറയാൻ പറ്റില്ലാ...!! ആരും കാണാതെ നിന്റെ മറ്റവന് വീണ്ടൂം ഫോൺ ചെയ്യുവാണോന്ന്...!!!“ “അതിനു മമ്മിക്ക് വന്നു നോക്കി കൂടേ...!? അല്ലെങ്കിൽ തന്നെ 24 മണിക്കൂറും എനിക്ക് സെക്യൂരിറ്റി ഉണ്ടല്ലോ...!!“ “ദേയ്... എടീ... നീയെന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ....!“ പിന

അരാണവള്‍...?

അവള്‍ എന്നെ ജീവനുതുല്യം സ്നേഹിക്കുന്നത് കൊണ്ടാണ്, അവള്‍ കരയുമ്പോള്‍ ഞാനും അറിയാതെ കരഞ്ഞു പോകുന്നത്. മാത്രമല്ല ഞാന്‍ കരഞ്ഞാല്‍ അവളുമുണ്ടാവും എന്നോടൊപ്പം കരയാന്‍. ഞാന്‍ ചിരിച്ചാല്‍ അവളുമുണ്ട് എന്നോടൊപ്പം ചിരിക്കാന്‍. സ്നേഹത്തിന്റെ പര്യായമാണവള്‍, എന്റെ സഹയാത്രിയാണവള്‍, എന്റെ കൂട്ടുകാരിയാണവള്‍, എന്റെ എല്ലാമാണവള്‍. ഞങ്ങളുടെ സ്നേഹത്തില്‍ ലോകം അസൂയപ്പെടുന്നുണ്ടെന്നു തോന്നുന്നു. ചിലപ്പോ‍ള്‍ ദൈവം പോലും എന്ന് തോന്നിപോകുന്നു... അതിനാലല്ലേ പലപ്പോഴും ഞങ്ങളെ രണ്ടു ദിശകളിലാക്കി വേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. പള്ളിയങ്കണത്തില്‍, സക്രാരിമുന്നില്‍ അവള്‍ മുട്ടുകുത്തി നില്‍ക്കുന്നത് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനാണ്. ഇന്ന് ഞാന്‍ വലിയവനാകുന്നതിനുള്ള കഠിനപ്രയത്നത്തിലാണ്. കാരണം നാളെ എന്ന നല്ല നാളില്‍ അവള്‍ക്ക് എല്ലാ സന്തോഷങ്ങളും നല്‍കാന്‍ എനിക്കു കഴിയണം എന്ന് ഞാനാഗ്രഹിക്കുന്നു. നാളെ ലോകത്തിന്റെ ചലനത്തില്‍ ഞാന്‍ അവളില്‍ നിന്നും ഏഴ് സാഗരങ്ങള്‍ക്കപ്പുറമായാലും അവള്‍ക്കെന്നെയോ, എനിക്കവളെയോ മറക്കാനാവില്ല. അല്ല... എന്തുക്കൊണ്ടാണിങ്ങനെ...? ഉത്തരത്തിനായി എനിക്ക് അധികം ചിന്തിക്കേണ്ടതില്ല. പത്ത് മാസം വയറ്റില്‍ ചു