Skip to main content

“ഇന്നലെ എന്റെ വിവാഹമായിരുന്നു...”

സഹൃദയരായ കലാസ്നേഹികളേ, നുണക്കഥയുടെ ലോകത്തിലെ എന്റെ ആദ്യ നുണകഥ ഞാ‍ന്‍ അഭിമാനപുരസരം ആരംഭിക്കട്ടെ. ഈ കഥയുടെ പേരാണ്: “ഇന്നലെ എന്റെ വിവാഹമായിരുന്നു.” ഈ കഥയിലെ കഥയും കഥാപാത്രങ്ങളും ജനിക്കാനിരിക്കുന്നവുരുമായോ... അബദ്ധവശാല്‍ ജനിച്ചവരുമായോ.... ഇനിയിപ്പോ, കഷ്ടകാലത്തിന് മരിച്ചിട്ടില്ലാത്തവരുമായോ എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അത് തികച്ചും ഞങ്ങള്‍ കരുതികൂട്ടി ചെയ്തതാണ്. ഇനി ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയ്യാല്‍ സദയം സഹിക്കുക. ഇനി ഞങ്ങള്‍ ആരംഭിക്കട്ടെ...: “ഇന്നലെ എന്റെ വിവാഹമായിരുന്നു.”

- ഒന്നാം ഭാഗം.

മുംബൈയുടെ ഒത്ത നടുഭാഗം....! അതായത്.... കുര്‍ളാ സ്റ്റേഷന്‍....!! തിരക്ക് പിടിച്ച റയില്‍‌വേ സ്റ്റേഷനില്‍ ആരുമില്ല. ഞാന്‍ ഒന്ന് അന്തിച്ചു... പിന്നെ മനസിലായി... 11.40 ന് പോകേണ്ട ട്രയിനിനായി 7.40 നേ വന്നാല്‍ പിന്നെ ആരാ കാണുക...!! ആരും കാണില്ല... അല്ല കാണരുത്....!! കാരണം ആരെങ്കിലും കണ്ടാല്‍ പിടിക്കും. ആരും കാണുന്നതിന് മുന്‍പ് നേത്രാവതിയുടെ ഏതെങ്കിലും ആളൊഴിഞ്ഞ മൂലയില്‍ കയറിപ്പറ്റണം. പക്ഷെ...., അതിന് ട്രയിനെവ്വിടെ...?

പിന്നീട് ഞാനറിഞ്ഞു... മാക്സിമം ഒരു മണിക്കൂര്‍ മുന്‍പേ ട്രയിന്‍ വരുകയുള്ളു.... അല്ലാതെ നാട്ടിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ പോലെ.... മൂന്ന് മണിക്കൂര്‍ കൊണ്ടിട്ട്... കാരണവന്മാര്‍ സുകൃതജപം ചൊല്ലുന്ന മാതിരി... മൂവായിരം തവണ സ്‌ഥലപേരുകള്‍ പറഞ്ഞ്... മുന്നൂര്‍ പേരെയും കേറ്റി... കൊണ്ടുപോകേണ്ട ആവശ്യം ഇല്ലാല്ലോ ഈ ഇന്‍ഡ്യന്‍ റയില്‍‌വേക്ക്... കന്നുകാലികളെ മേയ്ക്കുന്ന ലാഘവത്തോടേ ഇന്‍ഡ്യന്‍ റയില്‍‌വേ കാക്കുന്ന ലാലുവിനേ സമ്മതിക്കണം - ഞാന്‍ മനസില്‍ പറഞ്ഞു.

പിന്നീട് സമയം പാമ്പായി (ഇഴഞ്ഞ്) നീങ്ങി. അതിനിടയില്‍ ഞാന്‍ ഫ്ലാറ്റ് ഫോമിന്റെ തുടക്കത്തില്‍ പോയി നിന്നു. മറ്റാരും കയറും മുന്‍പേ...., മറ്റാരുടെയും കണ്ണില്‍ പെടാതെ..., നേത്രാവതിയില്‍ കയറിപറ്റാന്‍. അവസാനം.... സമയത്തിന്റെ പണ്ടാരമടങ്ങലുകള്‍ക്ക് ചരമമറിയിച്ച്, ഏകദേശം 11 മണിയോടെ അവള്‍ എത്തി.... കുണുങ്ങി കുണുങ്ങി... നേത്രാവതി - കൊങ്കണിന്റെ പൊന്നോമന പുത്രി.

ഞാന്‍ കണക്കുകള്‍ കൂട്ടിയും കുറച്ചും നോക്കി...!! എത്ര ബോഗികള്‍..., എത്രാമത്തെതില്‍ കയറണം.... എവിടെ ഇരിക്കണം... എന്നൊക്കെ....!! പിന്നീടാണ് ഞാനോര്‍ത്തത് അതിനെന്തിനാണ് കണക്കുകള്‍ കൂട്ടണത്...., ഇതിന് കണക്കല്ല... ട്രയിനോളജി അറിഞ്ഞാല്‍ പോരെ... അതെനിക്ക് നന്നായി അറിയുകയും ചെയാം. അങ്ങനെ.... അവസാനത്തെ ബോഗി - ജെനെറല്‍ - ആദ്യം ഫ്ലാറ്റുഫോമിലേക്ക് കയറി... പിന്നെ, എ.സി.3, എ.സി.2, എ.സി.1, പി.സി. (കിച്ചണ്‍ എന്ന് മലയാളത്തില്‍ പറയും), എസ്-11, എസ്-10, എസ്-9, അങ്ങനെ അങ്ങനെ... എസ്-1 വരെ എത്തി. ഞാനതില്‍ ചാടി കയറി.

എസ്-1-ല്‍ നിന്നും പി.സി. വരെ പാസേജ് ഉണ്ട്. അതുപോലെ പാസേജിനായുള്ള ഷട്ടറിട്ട വാതില്‍ എസ്-1 - ല്‍ നിന്നും മുന്‍പിലുള്ള ജനറലിലേക്കുമുണ്ട്... എന്നാല്‍ അത് അടച്ചിട്ടിരിക്കുകയാണ്. കാരണം ജനറല്‍ കോച്ചിനില്ലാ ഈ പറയുന്ന മാതിരി ഷട്ടറും പാസേജും. ഇത് എല്ലാം അറിയുന്നവനായ ഞാന്‍... അടഞ്ഞ് കിടന്നിരുന്ന ആ പാസേജിന്റെ ഷട്ടര്‍ തുറന്നു. അപ്പുറത്തേക്ക് കടക്കാനായി എസ്-1ന്റെ ഒരു പാലം അവിടെ ഉണ്ട്. അതില്‍ നിന്നുകൊണ്ട് എസ്-1 ന്റെ ജനറല്‍ കോച്ചിന്റെ സൈഡിലേക്കുള്ള ഷട്ടര്‍ അടച്ചു. പിടിക്കാന്‍ രണ്ടുവശത്തും കമ്പികളുണ്ട്. ആരും ശ്രദ്ധിക്കാതിരിക്കാനായി ഞാന്‍ കരുതി വച്ചിരുന്ന, വീട്ടിലെ കരിക്കലം പിടിച്ച പഴയ തുണികള്‍ ആ കമ്പികളില്‍ നിവര്‍ത്തിയിട്ടു. ഇപ്പോള്‍ പുറത്ത് നിന്നും നോക്കിയാല്‍ ഏതോ പിച്ചക്കാരന്‍ മറന്ന് ഇട്ടിരിക്കുന്നതാണെന്നേ തോന്നുകയുള്ളു. ഞാനവിടെ സുഖമായി ഇരുന്നു. ഇനി 26 മണിക്കൂര്‍ ഇവിടെ ഇങ്ങനെ ഇരിക്കണമല്ലോ എന്നോര്‍ത്തപ്പോള്‍ ഒരു വല്ലായ്മ തോന്നിയെങ്കിലും, അന്ന് ആദ്യം ബോംബെക്ക് വന്ന കാലത്ത് ജയന്തി ജനതയില്‍ മൂന്ന് ദിവസം ഇങ്ങനെ ഇരുന്നതിലും വലുതല്ലല്ലോ ഇത് എന്നോര്‍ത്തപ്പോള്‍ ഒരാശ്വാസം. വീണ്ടും സമയം പാമ്പിന്റെ രൂപം ധരിച്ച് ഇഴഞ്ഞു...!

അങ്ങനെ... കൂട്ടമണി അടി കേട്ടു.... ട്രയിന്‍ വിടാനുള്ള ഒരുക്കമാണ്. പിന്നെ ഉച്ചത്തില്‍ അവള്‍ - നേത്രാവതി - കൂവി... പിന്നെ കുണുങ്ങി കുണുങ്ങി ഓടി... പിന്നെ പതിയെ പതിയെ സ്പീഡിലും...!!! പെട്ടന്നൊരു സമയത്ത് എന്റെ തലയില്‍ കൊള്ളിയാന്‍ മിന്നി... അത് മഴക്കാലമാവുന്നതിന്റെ ലക്ഷണമായിരുന്നില്ല. മറിച്ച് എന്റെ തലയിലെ ട്യൂബ് ലൈറ്റ് കത്തിക്കാനുള്ള അവസാനശ്രമമായിരുന്നു...! അങ്ങനെ കത്തിയും തെളിഞ്ഞും, കെട്ടും ഓഫായും... ആ ട്യൂബ് ലൈറ്റ് അവസാനം കത്തി. അവസാനം ഞാനാ സത്യം ഓര്‍മ്മകുളുടെ മാളത്തില്‍ നിന്നും വലിച്ചെടുത്ത് പുറത്തിട്ടു... അപ്പോള്‍ ഞോനോര്‍ത്തു: ഞാനിത്തവണ ടിക്കറ്റെടുത്തിട്ടുണ്ടല്ലോ - ആദ്യമായി..!! പിന്നെന്തിനിവിടെ ഇരിക്കണം...? ഞാന്‍ എന്നെ തന്നെ പ്‌രാകി... അറിയാതെ മനസില്‍ പറഞ്ഞു: കല്യാണം കഴിക്കാന്‍ പറ്റിയിരുന്നെങ്കില്‍ അവളേ കൂടി പ്‌രാകാമയിരുന്നു. കല്യാണക്കാര്യമോര്‍ത്തപ്പോള്‍ ഞാന്‍ എന്നെ തന്നെ വീണ്ടും പ്‌രാകി. അങ്ങനെ പലതും ഓര്‍ത്തും പ്‌രാകിയും പനവേല്‍ സ്റ്റേഷന്‍ എത്തി. പനവേല്‍ സ്റ്റേഷനില്‍ വണ്ടി നിറുത്തിയതും ഞാന്‍ ചാടി ഇറങ്ങി. പോക്കറ്റില്‍ നിന്നും ടിക്കറ്റ് എടുത്ത് നോക്കി. എസ്-4 : 54. അഹ്ഹാ...!! ഞാനോടി ചെന്ന് ആ സീറ്റില്‍ സ്ഥാനം പിടിച്ചു. പിന്നെയും അവള്‍-നേത്രാവതി ഓടി തുടങ്ങി.

എസ്-4 : 54 - ഏറ്റവും മുകളിലുള്ള ലോവര്‍ ബര്‍ത്താണ്. താഴത്തേ അപ്പര്‍ ബര്‍ത്തില്‍ ഒരു കാരണവര്‍ അലസമായി കിടന്നുറങ്ങുന്നു. ഞാനങ്ങോട്ട് നോക്കിയതേ ഇല്ല. (പിന്നെ എങ്ങനെ കണ്ടു എന്നോ..?) വല്ല തരുണീമണികളും കിടപ്പുണ്ടോ എന്നറിയാനുള്ള വ്യഗ്രതയില്‍ അറിയാതെ നോക്കിയതാണ്... അല്ലാതെ കാരണവരെ.... ശെ.. ശെ... ഞാനത്തരക്കാരനല്ലാ...! പിന്നെ ഞാന്‍ ജനാലയോട് ചേര്‍ന്ന് വിന്‍ഡോ സീറ്റില്‍ ഇരിപ്പുറപ്പിച്ചു. ഇത്തിരി അഹംഭാവം എന്റെ മുഖത്തുണ്ട് എന്ന് എനിക്ക് തന്നെ തോന്നിപ്പോയി ആ ഇരിപ്പില്‍. ആദ്യമായി ടിക്കറ്റ് എടുത്തു പോകുന്ന ഒരാളുടെ മാനസികാവസ്ഥ മനസിലാക്കാതെ അതിനെ അഹംഭാവം എന്ന് ആരും പറയരുതേ എന്ന് ഞാന്‍ സ്വയം ആത്മഗതം ചെയ്തു. വിന്‍ഡോ സീറ്റില്‍ അങ്ങനെ ഇരിന്നപ്പോള്‍ പണ്ട് ഞാനും അനുജത്തിയും കൂടി ചേട്ടന്റെ സ്‌കൂട്ടറിന്റെ വിന്‍ഡോ സീറ്റിനു വേണ്ടി തല്ലു കൂടിയതോര്‍മ്മയില്‍ വന്നു. പിന്നെ ഓരോരോ പഴയ ഓര്‍മ്മകളും ഓര്‍ക്കൂട്ടങ്ങളും തികട്ടി വന്നു. പിന്നെ ആ തികട്ടല്‍ എക്കിള്‍ ആയി രൂപാന്തരപ്പെട്ടു. തികട്ടി വന്ന ഓര്‍മ്മകളില്‍ എരിവിന്റേയും പുളിയുടേയും അളവ് കൂടുതലായതിനാലാവണം ഈ എക്കിള്‍. എക്കിള്‍ മാറ്റാനുള്ള തണുത്ത വെള്ളമെന്ന പോലെ... ഇടക്ക് ഞാന്‍ മലയാളിക്കൂട്ടത്തിലെ ചില മുഖങ്ങളേയും ഓര്‍മ്മിച്ചു.... പേടിപ്പിക്കുന്ന സര്‍ക്കസിനിടയില്‍ കോമാളികളെ കാണുമ്പോലെ ഞാനവരെ ഓര്‍ത്തു...!!!

** ** **

28 മണിക്കൂറുകള്‍ പോയതറിഞ്ഞില്ല....!! പാഞ്ഞു വന്ന ട്രയിന്‍ സഡന്‍ ബ്രേക്കിട്ട് നിറുത്തി. ആ ബ്രേക്കില്‍ എല്ലാവരും ഒന്ന് മുന്നോട്ട് ആഞ്ഞ് പിന്നെ പുറകോട്ട് ചരിഞ്ഞ് ബാലന്‍സ് പീടിച്ച് നിന്നു. ആ വലിയ തിരക്കിനിടയില്‍ ഏകനായി ഞാന്‍ ഇറങ്ങി... സ്റ്റേഷന്റെ വെളിയിലേക്ക് നടക്കുമ്പോള്‍ ഞാന്‍ ട്രയിനില്‍ ടിക്കറ്റ് ചെക്ക് ചെയുന്നവരെ മനസാ പ്‌രാകി. ആദ്യമായി ടിക്കറ്റെടുത്തിട്ട് അതൊന്ന് നോക്കാന്‍ പോലും.., വേണ്ട ഒന്ന് ചോദിക്കാന്‍ പോലും ഒരു ടി.ടി.ആറോ, ടി.ടി.ഏഴോ വന്നില്ല. ദൈവമേ നീ അറിഞ്ഞില്ലേ ഞാന്‍ ടിക്കറ്റ് എടുത്തത്...? അല്ലെങ്കില്‍ നീയെന്നും എന്റെ മുന്നിലേക്ക് ആ കറുത്ത ജീവികളെ അയക്കുന്നതാരുന്നല്ലോ...!! ഇന്ന് ഞാന്‍ ടിക്കറ്റെടുത്തപ്പോ എന്നോടീ ചതി വേണ്ടായിരുന്നു. ഞാന്‍ മനസില്‍ കണ്ണുനീര്‍ വാര്‍ത്തു.

പെട്ടന്നാണ് ആ കൈ എന്റെ നേരേ നീണ്ടു വന്നത്...!!! “ഹലോ...” ഞാനൊന്ന് ഞടുങ്ങിയത് കണ്ടുകാണില്ല എന്ന് സ്വയം ഞാന്‍ തന്നെ പറഞ്ഞുകൊണ്ട് ഞാന്‍ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. നല്ല പരിചയമുള്ള മുഖം... പിന്നെ ഞാന്‍ ഓര്‍ത്തെടുത്തു... എന്നാലും പേര് അത്ര കൃത്യമായി ഓര്‍ക്കുന്നില്ല... എന്നാലും ഞാന്‍ പറഞ്ഞു: “ഹലോ...!! സത്യത്തില്‍ എനിക്ക് അത്ര അങ്ങട് മനസിലായില്ല....!! നിങ്ങള്‍ ഷമി....” അയാള്‍ ചാടി പറഞ്ഞു... “അതേ... കറക്ടാണ് പറഞ്ഞോളൂ...!!” സമാധാനമായി എന്ന ഭാവത്തില്‍ ഞാന്‍ പറഞ്ഞൂ...” മൂന്നാം ക്ലാസില്‍ ഒപ്പം പഠിച്ച ഷമീറ്...?” ഇന്‍ ഹരിഹര്‍ നഗറിലെ ജഗദീഷിനെ പോലെ ആ മുഖം ചമ്മലിനെ മറച്ച് പിടിച്ച് പറഞ്ഞൂ.... “അയ്യോ.... ഞാന്‍ ഷമീറല്ല്ല... ഞാന്‍ വേണമെങ്കില്‍ ഒരു ക്ലൂ തരാം.... - പ്രസിദ്ധമായ ഒരു മഞ്ഞപ്പത്രത്തിന്റെ ഉടമയാണ് ഞാന്‍“. അത് കേട്ടു ഞാന്‍ ഒരിക്കല്‍ കൂടി ഞടുങ്ങി...!!! ഇത്തവ്വണ അത് അയാള്‍ക്കും മനസിലായി... എന്ന് എനിക്കും മനസിലായി. എന്റെ മനസില്‍ ഒരായിരം ചോദ്യങ്ങള്‍ മിന്നിമറഞ്ഞു....!!!!

(തുടരും.....)

Comments

സംഭാരം... അല്ല... സംരംഭം തരക്കേടില്ല... തുടരന്‍ ഓടട്ടെ... കാണാം... കാണണം.. :-)
തുടരന്റെ തുടക്കം നന്നായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Popular posts from this blog

ഞാന്‍ നരകത്തിലേക്ക്.....!!!

ബൈബിളിലെ പുതിയ നിയമത്തില്‍ പറയുന്നതനസരിച്ച് ആ ദിനം വന്നെത്തി. നരകത്തിലേക്കുള്ളവരെ ദൈവം തന്റെ ഇടത് വശത്തും സ്വര്‍ഗ്ഗത്തിലേക്കുള്ളവരെ വലതു വശത്തും മാറ്റിനിറുത്തുന്ന ദിനം. ഓരോരുത്തരെയായി ദൈവം പേരു ചൊല്ലി വിളിക്കുന്നു. ചിലരെ ഇടത് വശത്തേക്ക്. ചിലരെ വലത് വശത്തേക്ക്. ഇടത് വശത്തേക്കുള്ളവരെ നോക്കി പിശാച് സന്തോഷത്തോടെ ഇളിച്ചു കാണിക്കുന്നു. വലത് വശത്തേക്ക് പോകുന്നവര്‍ ചുരുക്കമേ ഉള്ളുവെന്നത് ഒരു സത്യമാണെങ്കിലും അവര്‍ക്കായി മാലാഖമാര്‍ ആനന്ദഗാനങ്ങള്‍ ആലപിക്കുന്നു. ഓരോരുത്തരെ വീതം പേരു ചൊല്ലി വിളിക്കുന്നതിനനുസരിച്ച് എന്റെ ഊഴം അടുക്കുന്നത് ഞാനറിഞ്ഞു. ഉള്ളില്‍ ഒരു വിറയല്‍. എന്നെ എങ്ങോട്ടാ‍യിരിക്കും പറഞ്ഞ് വിടുക? ഞാന്‍ പാപിയാണെന്ന് ഞാന്‍ സമ്മതിക്കാം. എന്നാലും ഞാന്‍ ചെയ്തിട്ടുള്ള ഏതെങ്കിലുമൊക്കെ നന്മയുടെ പേരില്‍ എന്നെ വലതു വശത്തേക്ക് മാറ്റി നിറുത്തുമെന്ന വിശ്വാസത്തോടെ എന്റെ ഊഴത്തിനായി കാത്തു നിന്നു. അങ്ങനെ എന്റെ പേര് വിളിച്ചു. "വാഴയില്‍ കുടുംബത്തില്‍ ഇട്ടിയവിരാ ജോര്‍ജ്ജിന്റെയും മേരി ജോര്‍ജ്ജിന്റേയും ഇളയ പുത്രന്‍ ജോസ്മോന്‍..... ഇടത് വശത്തേക്ക് പോകുക....!!!" ആ ശബ്ദം കേട്ട് ഞാന്‍ നടുങ്ങി. ശരീരം വി...

അവനേയും തേടി...!!

കൂട്ടുകാരന്റെ വിവാഹ-പാര്‍ട്ടിയും കഴിഞ്ഞാണ് ഞാന്‍ അവന്റെ റൂമിലേക്ക് പോയത്. അവന്റെ മുറിയിലേക്ക് കടന്നപ്പോള്‍ വല്ലാത്ത ഒരു ഗന്ധം. സിഗരിറ്റിന്റേയും, ഒഴിഞ്ഞ കാലിക്കുപ്പികളില്‍ നിന്നും പിന്നെ വാഷിംഗ് ബേസിനില്‍ കഴുകാതെ കിടക്കുന്ന പാത്രങ്ങളുടെയും എല്ലാം കൂടിക്കലര്‍ന്ന ഒരു വല്ലാത്ത ഗന്ധം. പുസ്തകങ്ങളും സിഗരറ്റ് പായ്കറ്റുകളും അങ്ങിങ്ങായി ചിതറി കിടക്കുന്നു. ഒരു സൈഡില്‍ കിടക്കുന്ന കട്ടിലില്‍ തേപ്പ് പെട്ടി മുതല്‍ മൊബൈല്‍ റീ-ചാര്‍ജര്‍ വരെ വലിച്ചെറിഞ്ഞതു പോലെ കിടക്കുന്നു. മുറി അടിച്ചു വാരി വൃത്തിയാക്കിയിട്ട് ദിവസങ്ങളായി എന്നതില്‍ സംശയമില്ലാ. വെയിസ്റ്റ് ബോക്സ് നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കു കൂടി വീണു കിടക്കുന്ന ചൈനീസ് ഭക്ഷണാവശിഷ്‌ടങ്ങളും അതിന്റെ പായ്ക്കറ്റുകളും. അയയില്‍ അലക്കാന്‍ അട്ടിയിട്ടിരിക്കുന്ന പന്റുകളും ഷര്‍ട്ടുകളും. മഴക്കാലമായതിനാല്‍ പലതിലും കരിമ്പന്‍ പിടിച്ചിരിക്കുന്നു. ആകെ കൂടി ഒരു വല്ലാത്ത അവസ്ഥയില്‍ കിടക്കുന്ന അവന്റെ മുറിയിലേക്ക് കയറിയപ്പോള്‍ ആദ്യമായി എനിക്ക് അസ്വസ്ഥത തോന്നി. പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ലാ അവന്റെ മുറി. മുറിയിലേക്ക് കയറുമ്പോള്‍ തന്നെ ഒരു സുഖന്ധം അനുഭവപ്പെടാന്‍ പാകത്തിന് അവന്‍ ...

ഭ്രാന്തനും പ്രണയവും...

“ഹലോ.... ഡാഡീ...,“ “ങ്ഹാ.. പറയെടീ...” “ഹലോ... ഡാഡീ..., അതേയ്... എന്റെ ട്രയിനിന്റെ സീസൺ പാസ്സ് തീർന്നു...!“ “ങ്ഹാ... ഞാൻ വരുമ്പോ എടുത്തോണ്ട് വന്നോളാം...!“ “പിന്നെ ഡാഡീ....!! ഹലോ.... ഹലോ....!!“ മറുവശത്ത് ഡാഡി മൊബയിൽ ഓഫ് ചെയ്തിരിക്കുന്നു. എന്താണാവോ ഡാഡി ഇന്ന് നല്ല മൂഡിലല്ലാ എന്ന് തോന്നുന്നു. ഇനി വരുമ്പോൾ അറീയാം എന്താ കാര്യം എന്ന്. അല്ലെങ്കിലും ഡാഡിയുടെ സ്നേഹം ഒന്നും കിട്ടാനുള്ള യോഗ്യത ഇല്ലാത്ത അവസ്ഥയാണല്ലോ എന്റേത്. എല്ലാം എന്റെ തെറ്റ് ആയിരിക്കാം. എനിക്ക് തന്നെ അറിയില്ല്ലാ തെറ്റ് ആരുടേതാണെന്ന്. “എന്തെടുക്കുവാണെടീ നീയവിടെ ഫോണിന്റെ അടുത്ത്..??” മമ്മി അടുക്കളയിൽ നിന്നു കൊണ്ട് ഉറക്കെ ചോദിച്ചത് കേട്ടാണ് ചിന്തയെ പിടിച്ചു നിറുത്താൻ കഴിഞ്ഞത്. “ഞാനിവിടെ എന്തു ചെയ്യാൻ...!“ “അല്ലാ.... നിന്റെ കാര്യമല്ലേ...? പറയാൻ പറ്റില്ലാ...!! ആരും കാണാതെ നിന്റെ മറ്റവന് വീണ്ടൂം ഫോൺ ചെയ്യുവാണോന്ന്...!!!“ “അതിനു മമ്മിക്ക് വന്നു നോക്കി കൂടേ...!? അല്ലെങ്കിൽ തന്നെ 24 മണിക്കൂറും എനിക്ക് സെക്യൂരിറ്റി ഉണ്ടല്ലോ...!!“ “ദേയ്... എടീ... നീയെന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ....!“ പിന...